വിപണി കുതിപ്പിൽ, നിഫ്റ്റി 25,000 കടന്നു; ഐടിക്കു മുന്നേറ്റം, ഓട്ടോ ഓഹരികള്‍ ഇടിവില്‍

രൂപ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി
stock market
Image courtesy: Canva
Published on

മികച്ച നേട്ടത്തോടെ രാവിലെ വ്യാപാരം തുടങ്ങിയ വിപണി വീണ്ടും ഉയർന്നു. നിഫ്റ്റി രണ്ടാഴ്ചയ്ക്കു ശേഷം 25,000 നു മുകളിലേക്കു കയറിയപ്പോൾ സെൻസെക്സ് 81,500 നു മുകളിൽ എത്തി.

ഓട്ടോ ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. ബാങ്ക്, ധനകാര്യ ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു

ഇന്ത്യയിലെ 102 മത്സ്യ സംസ്കരണ പ്ലാൻ്റുകൾക്ക് യൂറോപ്യൻ യൂണിയനിലേക്കു കയറ്റുമതി അനുമതി ലഭിച്ചു. യുഎസ് വിപണിയിൽ തീരുവമൂലം പ്രവേശനം മുടങ്ങിയ സമുദ്രോൽപന്ന കമ്പനികൾക്കു വലിയ നേട്ടമാകും ഇത്. ഇന്ത്യൻ കയറ്റുമതിയുടെ 16 ശതമാനം സമുദ്രോൽപന്നങ്ങൾ ഈ 102 സ്ഥാപനങ്ങളിലാണു സംസ്കരിക്കുന്നത്. അവന്തി ഫീഡ്സ്, അപെക്സ് ഫ്രോസൺ ഫുഡ്സ് , കോസ്റ്റൽ കോർപറേഷൻ, ഐഎഫ്ബിഅഗ്രോ, വാട്ടർ ബേസ് തുടങ്ങിയവ 15 ശതമാനം വരെ ഉയർന്നു. ഇന്ത്യയുടെ സമുദ്രാേൽപന്ന കയറ്റുമതിയിൽ 20 ശതമാനം വർധനയ്ക്ക് ഈ അംഗീകാരം സഹായിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വിലയിരുത്തി.

മാതൃകമ്പനിയായ യുഎസിലെ ഓറക്കിൾ കമ്പനിയുടെ ഓഹരി കഴിഞ്ഞ രാത്രി 28 ശതമാനം ഉയർന്നു. ക്ലൗഡ് ഡാറ്റാ സെർവർ ബിസിനസിലെ കുതിപ്പാണു കാരണം. ഇതേ തുടർന്ന് ഇന്ത്യൻ ഉപകമ്പനി ഓറക്കിൾ ഫിനാൻഷ്യൽ രാവിലെ എട്ടു ശതമാനം ഉയർന്നു.

ഐടി കമ്പനികൾ ഇന്നും നല്ല മുന്നേറ്റത്തിലാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയവ മൂന്നു ശതമാനത്തോളം ഉയർന്നു. എംഫസിസ്, പെഴ്സിസ്റ്റൻ്റ്, കോഫോർജ് തുടങ്ങിയ മിഡ് ക്യാപ് ഐടി ഓഹരികൾ നാലു ശതമാനത്തിലധികം കുതിച്ചു.

യുഎസ്- ഇന്ത്യ വ്യാപാരകരാർ ചർച്ച പുനരാരംഭിക്കുന്നതിൻ്റെ പേരിൽ വസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സ്, അരവിന്ദ് ലിമിറ്റഡ്, കിറ്റെക്സ് ഗാർമെൻ്റ്സ്, ക്വെസ് കോർപറേഷൻ, ട്രൈഡൻ്റ്, വർധമാൻ, അലോക് , വെൽസ്പൺ ലിവിംഗ്, റെയ്മണ്ട്, കെപിആർ മിൽസ് തുടങ്ങിയവ നാലുമുതൽ എട്ടുവരെ ശതമാനം ഉയർന്നു. വാഹനഘടകങ്ങൾ കയറ്റുമതി ചെയ്യുന്ന ഭാരത് ഫോർജ് അഞ്ചു ശതമാനത്തോളം കയറി.

രൂപ ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കൂടി 88.14 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 88.09 രൂപയിലേക്കു താഴ്ന്ന ശേഷം കയറി 88.16 രൂപയിൽ എത്തി.

ലോകവിപണിയിൽ സ്വർണം രാവിലത്തെ ഇടിവിൽ നിന്നു കയറി ഔൺസിന് 3640 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 81,040 രൂപയായി.

ക്രൂഡ് ഓയിൽ രാവിലെ അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 66.97 ഡോളർ വരെ ഉയർന്നു.

Stock market midday update on 10 September 2025.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com