

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 23,404 നും 23,495 നുമിടയിലും സെൻസെക്സ് 74,666 നും 74,911 നും ഇടയിലും കയറിയിറങ്ങി.
രാവിലെ ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നതാണ് വിപണിയെ നേട്ടത്തിൽ വ്യാപാരം തുടങ്ങാൻ സഹായിച്ചത്. ജാപ്പനീസ് വിപണി സൂചികയായ നിക്കൈ രണ്ടു ശതമാനം നഷ്ടത്തിൽ നിന്ന് 0.5 ശതമാനം നഷ്ടത്തിലേക്കു മാറിയതും നേട്ടത്തിൽ തുടങ്ങാൻ വഴിയൊരുക്കി. എന്നാൽ നേട്ടം അധികം മുന്നോട്ടു പോയില്ല. വിപണി ചാഞ്ചാട്ടത്തിലേക്കു മാറി.
മഹാരാഷ്ട്രയിൽ നിന്ന് 10,000 പമ്പുകൾക്കുള്ള കരാർ ലഭിച്ചതിനെ തുടർന്ന് ശക്തി പമ്പ്‌സ് ഓഹരി 12 ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.
വോഡഫോൺ ഐഡിയ ഓഹരിക്ക് ജെഫറീസ് 20 രൂപ ലക്ഷ്യവില നിർണയിച്ചു. കമ്പനി വരും വർഷങ്ങളിൽ 11 ശതമാനം വരുമാന വളർച്ചയും 25 ശതമാനം പ്രവർത്തനലാഭ വളർച്ചയും നേടുമെന്ന് അവർ വിലയിരുത്തി.
എഥർ എനർജിയുടെ ലക്ഷ്യവില നൊമുറ 1926 രൂപയായി ഉയർത്തി.
മണിപ്പാൽ ഹെൽത്തിന് ഗോൾഡ്മാൻ സാക്സ് 865 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ഓഗസ്റ്റിൽ ടോൾ പിരിവ് 25 ശതമാനം വർധിച്ചത് ഐആർബി ഇൻഫ്രായെ നാലു ശതമാനം കയറ്റി.
വലിയ എണ്ണ പൈപ്പ് ലൈൻ കരാർ ലഭിച്ചതിനെ തുടർന്ന് ദിലീപ് ബിൽഡ് കോൺ ഓഹരി എട്ടു ശതമാനം കുതിച്ചു.
കഴിഞ്ഞ ദിവസം 1500 കോടി രൂപ സമാഹരിച്ച ഒല ഇലക്ട്രിക് മൊബിലിറ്റി ഇന്നു രാവിലെ ഏഴു ശതമാനം മുന്നേറി. ഇന്നലെ ഓഹരി ഒന്നര ശതമാനം താഴ്ന്നതാണ്.
സീ എൻ്റർടെയ്ൻമെൻ്റ് ഇന്നു നാലു ശതമാനം താഴ്ന്നു. ഓഗസ്റ്റ് 26 നു ശേഷം ഓഹരി 25 ശതമാനത്തിലധികം ഇടിഞ്ഞു. ചെയർമാൻ സുഭാഷ് ചന്ദ്രയുടെ പ്രശ്നങ്ങളാണു കാരണം.
രൂപ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കൂടി 95.25 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.32 രൂപയിലേക്കു കയറിയിട്ടു 95.20 ലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഉയർന്ന് ഔൺസിന് 4413 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ വർധിച്ച് 1,14,040 രൂപയായി.
ക്രൂഡ് ഓയിൽ വില താഴ്ന്നു . ബ്രെൻ്റ് ഇനം 100.92 ഡോളറിലും ഡബ്ള്യുടിഐ ഇനം 96.04 ഡോളറിലും എത്തി. പിന്നീടു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine