വിപണി വീണ്ടും കയറ്റത്തിൽ; ഓയിൽ മാർക്കറ്റിംഗ് കമ്പനികള്‍ നേട്ടത്തില്‍, കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി മേഖലകള്‍ താഴ്ചയില്‍

മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ തുടക്കത്തിൽ ഉയർന്നെങ്കിലും പിന്നീടു താഴ്ന്നു
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി ഇന്നു നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ശേഷം ലാഭത്തിലേക്കു മാറി. നിഫ്റ്റി 24,430 നു മുകളിലും സെൻസെക്സ് 80,100നു മുകളിലും എത്തി.

മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ തുടക്കത്തിൽ ഉയർന്നെങ്കിലും പിന്നീടു താഴ്ന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, ഐടി, മീഡിയ മേഖലകൾ താഴ്ന്നു.

വോൾട്ടാസിൻ്റെ വിറ്റുവരവ് 20 ശതമാനവും അറ്റാദായം 58 ശതമാനവും ഇടിഞ്ഞു. മൺസൂൺ നേരത്തേ വന്നത് എയർ കണ്ടീഷണർ വിൽപന കുത്തനേ താഴ്ത്തിയതാണു കാരണം. ഇൻവെസ്ടെക് ഓഹരിയുടെ ലക്ഷ്യവില 1140 രൂപയായി താഴ്ത്തി. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

വരുമാനവും ലാഭവും കുത്തനേ കുറഞ്ഞതായ റിസൽട്ട് പ്രസിദ്ധീകരിച്ച പിജി ഇലക്ട്രോപ്ലാസ്റ്റ് വരുമാന പ്രതീക്ഷ ഗണ്യമായി താഴ്ത്തി. റിസൽട്ടിനെ തുടർന്നു വെള്ളിയാഴ്ച ഓഹരി 23 ശതമാനം ഇടിഞ്ഞതാണ്. ഇന്നുരാവിലെ വീണ്ടും 15 ശതമാനം ഇടിഞ്ഞു. ബ്രോക്കറേജ് നുവാമ ഓഹരിയുടെ ലക്ഷ്യവില 1110 രൂപയിൽ നിന്ന് 710 രൂപയായി താഴ്ത്തി.

ചൈനയിൽ നിന്നു കംപ്രസർ ലഭിക്കുന്നതിനു തടസം ഉള്ളതായി എസി, റഫ്രിജറേറ്റർ നിർമാണ കമ്പനികൾ പറയുന്നു. ഇത് ഈ മേഖലയിലെ കമ്പനികളെ ഇന്നു താഴ്ത്തി. ബ്ലൂ സ്റ്റാർ, വേൾപൂൾ, ബജാജ് ഇക്ട്രിക്കൽസ്, ഹാവൽസ് തുടങ്ങിയ കമ്പനികളും താഴ്ചയിലായി. എൻഎസ്ഇയിലെ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 1.60 ശതമാനം ഇടിഞ്ഞു.

ടെക്‌സ്റ്റെെൽ കയറ്റുമതി കമ്പനികൾ ഇന്നും താഴ്ന്നു. ഗോകൽദാസ് എക്സ്പോർട്സ്, പേൾ ഗ്ലോബൽ, അരവിന്ദ്, ട്രെെഡൻ്റ്, വർധമാൻ, കെപിആർ മിൽസ്, അലോക് ഇൻഡസ്ട്രീസ്, ഇൻഡോ കൗണ്ട്, വെൽസ്പൺ, ലക്സ് ഇൻഡസ്ട്രീസ് തുടങ്ങിയവയെല്ലാം ഒന്നര മുതൽ നാലു വരെ ശതമാനം ഇടിഞ്ഞു. കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം താഴ്ന്നു. ഒരു മാസം കൊണ്ടു 43 ശതമാനം ഇടിഞ്ഞ ഓഹരി ഇന്നു 162.63 രൂപയിലാണ്.

കല്യാൺ, ടെെറ്റൻ, പിസി, തങ്കമയിൽ, പി എൻ ഗാഡ്ഗിൽ, സെൻകോ, യു.എച്ച്. ജാവേരി, മോട്ടിസൺസ്, സ്കൈ, വൈഭവ് തുടങ്ങി ജ്വല്ലറി കമ്പനികൾ മിക്കതും ഇന്നു താഴ്ന്നു.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു പാചകവാതക വിൽപനയിലെ നഷ്ടം നികത്താൻ കേന്ദ്രം 30,000 കോടി രൂപ അനുവദിച്ചത് ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയെ ഉയർത്തി. ബിപിസിഎൽ പിന്നീടു താഴ്ന്നു.

കഴിഞ്ഞ ദിവസം നല്ല നേട്ടത്തിൽ ലിസ്റ്റ് ചെയ്ത എൻഎസ്ഡിഎൽ ഇന്നു രാവിലെ എട്ടു ശതമാനം കുതിച്ചു. ലിസ്റ്റിംഗിനു ശേഷം ഓഹരി 60 ശതമാനത്തിലധികം ഉയർന്നു.

റിസൽട്ട് പ്രതീക്ഷയിലും മോശമായതു പുറവങ്കര ബിൽഡേഴ്സിനെ മൂന്നു ശതമാനം നഷ്ടത്തിലാക്കി. മികച്ച റിസൽട്ടും ഉയർന്ന ബിസിനസ് പ്രതീക്ഷയും ഡോംസ് ഇൻഡസ്ട്രീസിനെ എട്ടു ശതമാനം ഉയർത്തി.

രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 15 പൈസ കുറഞ്ഞ് 87.50 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 87.56 രൂപ വരെ കയറിയിട്ടു താഴ്ന്നു. കഴിഞ്ഞ ആഴ്ച ഡോളർ 21 പൈസ കുറഞ്ഞിരുന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 3377 ഡോളറിൽ ആണ്. രാവിലെ 3370 നും 3406 നും ഇടയിൽ വില ചാഞ്ചാടി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ ഇടിഞ്ഞ് 75,000 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം ബാരലിന് 66.27 ഡോളർ ആയി.

Stock market midday update on 11 august 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com