

ആഗോള വിപണികളും ക്രിപ്റ്റോ കറൻസികളും അപ്രതീക്ഷിതമായി താഴ്ന്നത് ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലാക്കി. ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ നഷ്ടത്തിലേക്കു വീണു. കുറച്ചു കഴിഞ്ഞു തിരിച്ചു കയറിയ സൂചികകൾ അര മണിക്കൂറിനകം വീണ്ടും നഷ്ടത്തിലായി. പിന്നീടു നേട്ടത്തിലേക്കു മാറി.
ഇന്ത്യ - അമേരിക്ക വ്യാപാരത്തിലെ പ്രധാന തർക്ക വിഷയങ്ങൾ പരിഹരിച്ചതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പ്രസ്താവിച്ചതിനെ തുടർന്നാണ് വിപണി വീണ്ടും കയറ്റത്തിലായത്. മാർച്ചിനകം കരാർ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ആദ്യ മണിക്കൂറിൽ നിഫ്റ്റി 25,693 നും 25,803 നും ഇടയിലും സെൻസെക്സ് 84,150 നും 84,540 നും ഇടയിലും കയറിയിറങ്ങി. ബാങ്ക് നിഫ്റ്റിയും ഇതേ വഴി പിന്തുടർന്നു.
ഏഷ്യൻ കമ്പനികളിൽ പലതും നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്കു മാറി. യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ വലിയ താഴ്ചയിലാണ്. ഡൗ ഫ്യൂച്ചേഴ്സ് 200 പോയിൻ്റ് ഇടിഞ്ഞു. നാസ്ഡാക് ഒരു ശതമാനത്തിലധികം താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ രാവിലെ ഇടിഞ്ഞു. ബിറ്റ് കോയിൻ 90,000 ഡോളറിനു താഴെ എത്തി.
ഇൻഡിഗോ ഉടമകളായ ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില 6,700 രൂപയിൽ നിന്ന് 6,300 രൂപയായി കുറച്ചു.
ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് വാങ്ങൽ ശിപാർശ നിലനിർത്തി. ഇൻ്റർ ഗ്ലോബ് ഓഹരി ഇന്നു രാവിലെ താഴ്ന്ന ശേഷം ഉയർന്നു. വീണ്ടും താഴ്ന്നു.
കേയ്ൻസ് ടെക്നോളജീസിന് 5445 രൂപ ലക്ഷ്യവില പ്രഖ്യാപിച്ച് വിദേശ ബ്രോക്കറേജ് നുവാമ വാങ്ങൽ ശിപാർശ നൽകി.
ജെഫറീസ്, സീമെൻസിൻ്റെ ലക്ഷ്യവില 4000 രൂപയായി ഉയർത്തി.
ബഹുരാഷ്ട്ര കമ്പനി ബായറുമായി ഡിസിഎം ശ്രീറാം സഹകരണ കരാർ ഉണ്ടാക്കി. ബായറിൻ്റെ വിള സംരക്ഷണ രാസവസ്തുക്കൾ ഉപയോഗിച്ചു കാർഷിക ഉൽപാദനം വർധിപ്പിക്കാനും കാർഷിക മേഖലയിൽ പരിവർത്തനം വരുത്താനും ഡിസിഎം ശ്രമിക്കും. ഡിസിഎം ശ്രീറാം ഓഹരി ഏഴര ശതമാനം ഉയർന്നു.
പെല്ലെറ്റ് നിർമാണ കമ്പനിയിൽ നിക്ഷേപം നടത്തിയ ടാറ്റാ സ്റ്റീൽ ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
രൂപ രാവിലെ ചെറിയ ക്ഷീണത്തിലാണ് വ്യാപാരം തുടങ്ങിയത്. ഡോളർ ഒരു പെെസ ഉയർന്ന് 89.98 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 90.24 രൂപ വരെ ഡോളർ കയറി.
സ്വർണം രാവിലെ ചാഞ്ചാടുകയാണ്. ഔൺസിന് 4248 ഡോളർ വരെ കുതിച്ച സ്വർണം താഴ്ന്ന് 4209 ൽ എത്തി. പിന്നീട് 4216 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 95,480 രൂപയായി.
വെള്ളിവില കയറ്റം തുടർന്നു. സ്പോട്ട് വില 62.93 ഡോളർ വരെ കയറിയിട്ട് 62.24 ലേക്കു താഴ്ന്നു.
ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.14 ഡോളർ ആയി താഴ്ന്നു.
Stock market midday update on 11 december 2025.
Read DhanamOnline in English
Subscribe to Dhanam Magazine