

ഐടി മേഖലയുടെ മോശം പ്രകടനവും ട്രംപിൻ്റെ വ്യാപാരയുദ്ധവും വിപണിയെ ഇടിച്ചു വീഴ്ത്തുന്നു. ഐടി കമ്പനികൾ വലിയ താഴ്ചയിലായി. തീരുവയിലെ അനിശ്ചിതത്വം വളർച്ചയെ ബാധിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എല്ലാം ചേർന്നപ്പോൾ ഇന്നു രാവിലെ ആദ്യ മണിക്കൂറിൽ സെൻസെക്സ് 420 ഉം നിഫ്റ്റി 110 ഉം പോയിൻ്റ് ഇടിഞ്ഞു.
സെൻസെക്സ് 83,000 നും നിഫ്റ്റി 25,250 നും താഴെ എത്തി.
ടിസിഎസ് റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ഐടി ഓഹരികൾ പൊതുവേ താഴ്ന്നു. ടിസിഎസ് രണ്ടരയും ടാറ്റാ എൽക്സി അഞ്ചും ശതമാനം താഴ്ന്നു. ഇൻഫോസിസും വിപ്രോയും എച്ച്സിഎലും രണ്ടു വീതവും മൈൻഡ് ട്രീ 1.5 ഉം ടെക് മഹീന്ദ്രയും പെർസിസ്റ്റൻ്റും 0.6 വീതവും ശതമാനം ഇടിവിലായി.
ഹിന്ദുസ്ഥാൻ യൂണി ലീവറിലെ സിഇഒ മാറ്റം വിപണിക്ക് ഇഷ്ടമായി. യൂണിലീവർ ആസ്ഥാനത്തു നിന്ന് പ്രിയാ നായരെ ആണ് ഇന്ത്യയിലെ സിഇഒ ആയി നിയമിച്ചത്. ബ്യൂട്ടി - വെൽബീയിംഗ് ഉൽപന്നങ്ങളുടെ ആഗോള പ്രസിഡൻ്റ് ആണ് 53 കാരിയായ പ്രിയ. സിഇഒ രോഹിത് ജാവ ഈ മാസാവസാനം വിരമിക്കും. ജാവ സ്ഥാനമേറ്റിട്ടു രണ്ടു വർഷമേ ആയുളളു. എച്ച് യു എൽ ഓഹരി ഇന്നു രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്നു.
നിഷ്ക്രിയ ആസ്തി ഇരട്ടിച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ഐആർഇഡിഎ ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ അറ്റാദായം 36 ശതമാനം കുറഞ്ഞു. ജെൻസോൾ എൻജിനിയറിംഗിൻ്റെ 730 കോടി രൂപയുടെ കടം കിട്ടാക്കടമായി മാറിയതാണ് പ്രധാന പ്രശ്നം. ജെൻസോളിനെതിരേ പാപ്പർ നടപടി തുടങ്ങിയിട്ടുണ്ട്.
അമേരിക്കൻ കമ്പനി ആബ്വീയുടെ കാൻസർ ചികിത്സാ രാസസംയുക്തമായ ഐഎസ് ബി 2001 നെ ഔഷധമാക്കി നിർമിക്കാനും വിൽക്കാനുമുള്ള അവകാശം ഗ്ലെൻമാർക്കിൻ്റെ യുഎസ് സംയുക്ത കമ്പനിയായ ഇക്നോസ് വാങ്ങി. ഇതു കമ്പനിയുടെ ലാഭത്തോത് വലിയ തോതിൽ വർധിപ്പിക്കുമെന്ന് അനാലിസ്സുകൾ കണക്കുകൂട്ടുന്നു. ഓഹരിവില ഇന്നു രാവിലെ 10 ശതമാനം കുതിച്ചു. ഇനിയും 26 ശതമാനം ഉയരും എന്നാണ് അനാലിസ്റ്റുകൾ പറയുന്നത്. രക്തത്തിലെ പ്ലാസ്മാ കോശങ്ങളെ ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ അഥവാ കാലേഴ്സ് ഡിസീസ് എന്ന ബ്ലഡ് കാൻസറിൻ്റെ ചികിത്സയിലാണ് ഐഎസ് ബി 2001 ഉപയോഗിക്കുന്നത് ഇതു ബാധിച്ചാൽ രക്തത്തിലെ ചുവപ്പ്, വെള്ള അണുക്കളുടെ വളർച്ച തടയുകയും രോഗപ്രതിരോധ ശേഷി ഇല്ലാതാവുകയും ചെയ്യും.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ രാവിലെ 19 പൈസ കയറി 85.83 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 85.86 രൂപയിലേക്കു കയറി. ഡോളർ സൂചിക ഉയരുന്നതാണു രൂപയ്ക്കു ക്ഷീണമായത്.
തീരുവ വർധനയെ തുടർന്നു ബ്രസിലിൻ്റെ കറൻസി റയൽ മൂന്നു ശതമാനത്തോളം താഴ്ന്നു. 35 ശതമാനം ചുങ്കം ചുമത്തപ്പെട്ട കാനഡയുടെ ഡോളർ ഒരു യുഎസ് ഡോളറിന് 1.37 കനേഡിയൻ ഡോളർ എന്ന നിലയിലേക്കു താഴ്ന്നു.
തീരുവയുദ്ധം ബിറ്റ് കോയിൻ അടക്കം ക്രിപ്റ്റോ കറൻസികളെ ഉയർത്തി. ബിറ്റ് കോയിൻ 1,16,647 ഡോളർ എന്ന നിലയിലേക്കു കുതിച്ചു. ഈഥർ 2972 വരെ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3334 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 240 രൂപ കൂടി 72,400 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 68.90 ഡോളറിൽ എത്തി.