ക്രൂഡ് ആശങ്ക തുടരുന്നു, വിപണി ഇടിയുന്നു, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തില്‍, ബ്ലൂസ്റ്റാർ, ശക്തി പമ്പ്‌സ് നേട്ടത്തില്‍

രാവിലെ നാമമാത്ര നഷ്ടത്തിൽ തുടങ്ങിയ വ്യാപാരത്തിൻ്റെ ആദ്യഘട്ടത്തിൽ സൂചികകൾ അൽപ്പം ഉയർന്നു
stock market
Published on

ഹോർമുസിലൂടെ ക്രൂഡ് ഓയിൽ നീക്കം പുനരാരംഭിക്കാൻ നടപടി ഒന്നും ആകാത്തത് ഇന്ത്യൻ വിപണിയെ താഴ്‌ത്തുകയാണ്. ഇതുവരെ ഇറാൻ്റെ ഏതാനും ടാങ്കറുകൾ മാത്രമേ അതിലേ പോന്നിട്ടുള്ളൂ. എണ്ണ ടാങ്കർ ഗതാഗതം മുടങ്ങിക്കിടന്നാൽ ക്രൂഡ് വില വീണ്ടും കയറി 150 ഡോളർ വരെ എത്തുമെന്നാണ് ആശങ്ക.

ക്രൂഡ് വിലക്കയറ്റം ഇന്ത്യയുടെ വളർച്ച ഇടിച്ചു താഴ്‌ത്തും എന്നും വിദേശനാണയ പ്രതിസന്ധി ഉണ്ടാകാം എന്നും പലരും ഭയപ്പെടുന്നു. ആ ഭീതിയിൽ ഇന്ത്യൻ വിപണി ഇന്നും ഇടിഞ്ഞു. രാവിലെ നാമമാത്ര നഷ്ടത്തിൽ തുടങ്ങിയ വ്യാപാരത്തിൻ്റെ ആദ്യഘട്ടത്തിൽ സൂചികകൾ അൽപ്പം ഉയർന്നു. പിന്നീടു നിരന്തരം താഴ്‌ന്ന് 0.60 ശതമാനം നഷ്ടത്തിലായി.

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ ഓഹരിക്ക് എച്ച്എസ്ബിസി 5860 രൂപയും യുബിഎസ് 5480 രൂപയും ലക്ഷ്യവില നിശ്ചയിച്ചു. വാങ്ങൽ ശിപാർശയും നൽകി. കമ്പനിയുടെ സിഇഒ പീറ്റർ എൽബേഴ്സ് ഇന്നലെ രാജിവച്ചിരുന്നു. മൂന്നുമാസം മുൻപ് സർവീസുകൾ കൂട്ടമായി മുടങ്ങിയ സാഹചര്യത്തിലാണു രാജി. സഹസ്ഥാപകൻ രാഹുൽ ഭാട്ടിയ സിഇഒയുടെ ചുമതല ഏറ്റിട്ടുണ്ട്. ഓഹരി ഇന്നലെ മൂന്നു ശതമാനം ഉയർന്നു 4512 രൂപ വരെ എത്തി.

എച്ച്ഡിഎഫ്സി ബാങ്കിന് സിഎൽഎസ്എ 1200 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി അൽപം താഴ്‌ന്ന് 845 രൂപയായി.

ജിയോ ഫിനാൻസിന് മോട്ടിലാൽ ഓസ്വാൾ 320 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി ഒന്നര ശതമാനം ഉയർന്ന് 240 രൂപയിൽ എത്തി.

റിലയൻസ് ഇൻഡസ്ട്രീസ് അമേരിക്കയിൽ 30,000 കോടി ഡോളർ മുടക്കി റിഫൈനറി സ്ഥാപിക്കുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. 50 വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന ആദ്യ എണ്ണശുദ്ധീകരണ ശാലയാകും ഇത്. ടെക്സസിലെ ബ്രൗൺസ് വീലിലാണ് സ്ഥാപിക്കുന്നത്. അമേരിക്ക ഫസ്റ്റ് റിഫൈനിംഗ് എന്നൊരു കമ്പനിയുമായി സഹകരിച്ചാണ് റിലയൻസിൻ്റെ പുതിയ സംരംഭം. റിലയൻസ് ഇതു സംബന്ധിച്ചു പ്രസ്താവന ഇറക്കാനിരിക്കുന്നതേ ഉള്ളൂ. കമ്പനിയുടെ കടം വീണ്ടും വർധിക്കാൻ ഈ നിക്ഷേപം കാരണമാകാം.

കേന്ദ്ര സർക്കാർ ജല ജീവൻ മിഷൻ കാലാവധി 2028 വരെ നീട്ടി. 1.51 ലക്ഷം കോടി രൂപ അധിക വിഹിതമായി നിശ്ചയിച്ചു. പമ്പുകൾ, പിവിസി പൈപ്പുകൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾക്ക് ഇതു വലിയ ബിസിനസ് വർധന നൽകും. വിഷ്‌ണു പ്രകാശ് ആർ പുംഗ്ലിയയും ശക്തി പമ്പ്‌സും 18 ശതമാനം വരെ കുതിച്ചു. ജയിൻ ഇറിഗേഷൻ ഒൻപതു ശതമാനം കയറി. കൽപതരു, കെഇസി ഇൻ്റർനാഷണൽ, എൻസിസി തുടങ്ങിയ കമ്പനികളുടെ കോൺട്രാക്ടുകളിൽ ജലജീവൻ പദ്ധതികൾക്കു ഗണ്യമായ പങ്ക് ഉണ്ട്.

കടുത്ത വേനൽ വരുന്നത് എയർ കണ്ടീഷണർ വിൽപന കൂട്ടും എന്നതിൻ്റെ പേരിൽ എസി നിർമാണ കമ്പനികൾ ഉയർന്നു. ബ്ലൂസ്റ്റാർ, വോൾട്ടാസ്, എൽജി ഇലക്ട്രോണിക്സ്, പിജി ഇലക്ട്രോപ്ലാസ്റ്റ്, വോൾട്ടാസ്, ഹാവൽസ് തുടങ്ങിയവ 4.75 ശതമാനം വരെ കയറി.

എഫ്എംസിജി കമ്പനികൾ ഇന്ന് ഇടിവിലായി. കോൾഗേറ്റ് അറു ശതമാനം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ യൂണിലീവർ, ഡാബർ, നെസ്‌ലെ, ടാറ്റാ കൺസ്യൂമർ, ഗോദ്‌റെജ് കൺസ്യൂമർ തുടങ്ങിയവ രണ്ടു ശതമാനം വരെ താഴ്‌ന്നു.

രൂപ ഇന്നു ദുർബലമായി. ഡോളർ 13 പൈസ കൂടി 91.94 രൂപയിൽ ഓപ്പൺ ചെയ്ത ശേഷം 91.84 രൂപയിലേക്കു താഴ്ന്നു. വീണ്ടും കയറി 91.96 രൂപയിൽ എത്തി.

സ്വർണം ലോക വിപണിയിൽ രാവിലെ താഴ്ന്ന് ഔൺസിന് 5205 ഡോളറിലായി. വെള്ളി 88.42 ഡോളറിലേക്കു കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ വർധിച്ച് 1,19,760 രൂപ ആയി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,63,149 രൂപവരെ ഉയർന്ന ശേഷം 1,62,850 ലേക്കു താഴ്‌ന്നു. വെള്ളി കിലോഗ്രാം 2,76,999 വരെ കയറിയിട്ട് 2,75,859 രൂപയിലേക്ക് താണു.

ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 86.62 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com