

യുദ്ധഭീതിയും ഇന്ധന വിലക്കയറ്റ ഭീതിയും വിപണിയെ ഇന്നുരാവിലെ വീഴ്‌ത്തി. രൂപയുടെ തകർച്ചയും വിപണിയിലെ ആശങ്കകൾ വർധിപ്പിച്ചു. രാവിലെ സെൻസെക്സ് 76,165 വരെയും നിഫ്റ്റി 23,845 വരെയും ഇടിഞ്ഞു. ബാങ്ക്, ധനകാര്യ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹന, ഓയിൽ, മീഡിയ ഓഹരികൾ വലിയ നഷ്‌ടം നേരിട്ടു.
നഷ്‌ടം വർധിപ്പിച്ച ശ്രീരേണുക ഷുഗേഴ്സ് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ഇഐഡി പാരി, ബജാജ് ഹിന്ദുസ്ഥാൻ, ധാംപുർ, ദാവൺഗരെ, ദാൽമിയ ഭാരത് ഷുഗർ, ബൽറാംപുർ ചീനി, മാവന, ദ്വാരികേഷ് തുടങ്ങിയ പഞ്ചസാര മില്ലുകളും ഇടിവിലായി.
പ്രതീക്ഷയിലധികം നഷ്‌ടം വരുത്തിയ സ്വിഗ്ഗി, അർബൻ കമ്പനി ഓഹരികൾ 10 ശതമാനം വരെ ഇടിഞ്ഞു.
വരുമാനവും ലാഭമാർജിനും ഉയർത്തുകയും നഷ്‌ടത്തിൽ നിന്നു ലാഭത്തിലേക്കു മാറുകയും ചെയ്ത റെയിൻ ഇൻഡസ്ടീസ് ഓഹരി 13 ശതമാനം ഉയർന്നു.
ലാഭം കുത്തനേ ഇടിഞ്ഞ എബിബി ഇന്ത്യ ഓഹരിക്കു കൂടുതൽ ബ്രോക്കർമാർ റേറ്റിംഗ് താഴ്‌ത്തി. ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.
സ്വർണം വാങ്ങൽ കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം സ്വർണാഭരണ കമ്പനികളെ താഴ്‌ത്തി. കല്യാൺ ജ്വല്ലേഴ്സ് പത്തും സെൻകോ 11ഉം പി.എൻ. ഗാഡ്ഗിൽ ഏഴും തങ്കമയിൽ ഒൻപതും ടൈറ്റൻ എട്ടും പിസി ജ്വല്ലർ ആറും ശതമാനം ഇടിഞ്ഞു. സ്വർണത്തിൻ്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാൻ സാധ്യത ഉള്ളതായി വിപണിയിൽ സംസാരമുണ്ട്.
പ്രതീക്ഷയോളം മെച്ചമാകാത്ത നാലാം പാദ റിസൽട്ടിനെ തുടർന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജുകൾ ഉയർത്തി. ജെപി മോർഗൻ 1225 രൂപയും മക്കാറീ 1150 രൂപയും ലക്ഷ്യവിലയായി നിർണയിച്ചു. റിസൽട്ട് വരും മുമ്പ് വെള്ളിയാഴ്ച എസ്ബിഐ ഓഹരി 6.7 ശതമാനം ഇടിഞ്ഞിരുന്നു. ഇന്നു രാവിലെ ഓഹരി മൂന്നു ശതമാനം ഇടിവിലാണ്.
ലാഭവളർച്ച കാണിക്കുന്ന നാലാം പാദ റിസൽട്ടിനെ തുടർന്നു പിഡിലൈറ്റ് ഓഹരിക്ക് ഗോൾഡ്മാൻ സാക്സ് 1700 ത്പ ലക്ഷ്യവില നിശ്ചയിച്ചു.
ബ്രിട്ടാനിയയ്ക്കു സിഎൽഎസ്എ 5569 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ടാറ്റാ കൺസ്യൂമർ അഞ്ചു ശതമാനം വരെ ഉയർന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റത്തെ തുടർന്ന് ഇൻഡിഗോ ഓഹരി ആറു ശതമാനം താഴ്ന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ മൂന്നു ശതമാനം താഴ്ചയിലായി.
രൂപ ഇന്നു രാവിലെ അര ശതമാനത്തിലധികം ഇടിഞ്ഞു. ഡോളർ 40 പൈസ കൂടി 94.88 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.16 രൂപയിൽ എത്തി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4694 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 105.78 ഡോളറിലും ഡബ്ള്യുടിഐ ഇനം 100.09 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine