വിപണി നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്ക്; പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍ ഇടിവില്‍, മുന്നേറ്റവുമായി ടെക്സ്റ്റൈൽ ഓഹരികള്‍

രാവിലെ 83,726 വരെ ഉയർന്ന സെൻസെക്സ് 83,247 വരെ താഴ്ന്ന ശേഷം കയറി
stock market
Image courtesy: Canva
Published on

വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം താമസിയാതെ നഷ്ടത്തിലേക്കു മാറി. ഡൽഹിയിലെ ഭീകരാക്രമണത്തേക്കാൾ വിദേശനിക്ഷേപകരുടെ വർധിച്ച വിൽപന സമ്മർദമാണു രാവിലെ വിപണിയെ ഇടിച്ചു താഴ്ത്തിയത്.

രാവിലെ 83,726 വരെ ഉയർന്ന സെൻസെക്സ് 83,247 വരെ താഴ്ന്ന ശേഷം കയറി. നിഫ്റ്റി 25,637 വരെ ഉയർന്നിട്ട് 25,486വരെ താഴ്ന്നു. പിന്നീടു കുറേ കയറി.

ഐടി ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായി. പൊതുമേഖലാ ബാങ്കുകളും ധനകാര്യ കമ്പനികളും റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസും മീഡിയയും നഷ്ടത്തിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ന്നു.

രണ്ടാം പാദത്തിൽ നഷ്ടം ഗണ്യമായി കുറയ്ക്കുകയും ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം കൂട്ടുകയും ചെയ്ത വോഡഫോൺ ഐഡിയ ഓഹരി മൂന്നു ശതമാനം ഉയർന്നു.

ആസ്തിവളർച്ച പ്രതീക്ഷ അൽപം കുറച്ചതിനെ തുടർന്ന് ബജാജ് ഫിനാൻസ് ഓഹരി ഏഴര ശതമാനം ഇടിഞ്ഞു. ബജാജ് ഫിൻസെർവ് ഏഴു ശതമാനം താഴ്ന്നു.

രണ്ടാം പാദത്തിൽ പ്രവർത്തനലാഭവും ലാഭമാർജിനും കുറഞ്ഞ പോപ്പുലർ വെഹിക്കിൾസ് ഓഹരി അഞ്ചു ശതമാനം താഴ്ന്നു.

വൈസ് ചെയർമാനും എംഡിയും സിഇഒയുമായ വരുൺ ബെറി അപ്രതീക്ഷിതമായി രാജി വച്ചതിനെ തുടർന്ന് ബ്രിട്ടാനിയ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. പത്തു വർഷം കമ്പനിയെ നയിച്ച ബെറിക്ക് 2029 വരെ കാലാവധി ഉണ്ടായിരുന്നു. കമ്പനി താൽക്കാലിക സിഇഒയെ നിയമിച്ചു. രക്ഷിത് ഹർഗവേ ഡിസംബർ 15 ന് എംഡിയും സിഇഒയുമായി ചുമതല ഏൽക്കും.

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനെ തുടർന്ന് ടെക്സ്റ്റൈൽ, സമുദ്രോൽപന്ന കയറ്റുമതി കമ്പനികൾ ഉയർന്നു. കിറ്റെക്സ് ഗാർമെൻ്റ്സ്, ഗോകൽദാസ് എക്സ്പോർട്സ്, അരവിന്ദ്, വർധമാൻ വെൽസ്പൺ, തുടങ്ങിയവ നേട്ടത്തിലായി. അപെക്സ് ഫ്രോസൺ, അവന്തി ഫീഡ്സ്, വാട്ടർ ബേസ് തുടങ്ങിയവയും ഉയർന്നു.

രൂപ ഇന്ന് നാമമാത്ര നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ കൂടി 88.71 രൂപയിൽ ഓപ്പൺ ചെയ്തു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4148 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1800 രൂപ വർധിച്ച് 92,600 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.90 ഡോളറിൽ ആണ്.

Stock market midday update on 11 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com