വിപണി ഇടിവില്‍, സെൻസെക്സ് 78,000 നു താഴെ; രൂപ നേട്ടത്തില്‍

രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില വീണ്ടും കയറി, ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 90 ഡോളറിലേക്ക് എത്തി
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി താഴോട്ടുള്ള യാത്ര തുടരുകയാണ്. രാവിലെ ചെറിയ നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം കുത്തനെ താഴ്ന്ന സൂചികകൾ തിരിച്ചു കയറി. വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 90 ഡോളറിലേക്ക് എത്തി.

രാവിലെ നിഫ്റ്റി 24,360 വരെയും സെൻസെക്സ് 77,813 വരെയും താഴ്ന്നു. ബാങ്ക് നിഫ്റ്റി രാവിലെ താഴ്ചയിലായ ശേഷം നേട്ടത്തിലേക്കു കയറി.

ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജി വച്ചേക്കും എന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടാറ്റ സൺസ് ചെയർമാൻ പദവി നീട്ടുന്നതു സംബന്ധിച്ച അവ്യക്തതയാണു രാജിയിലേക്കു നയിക്കുന്നത്. കാലാവധി നീട്ടുന്നതിനെ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് എതിർക്കുന്നത്.

സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുധീർ സീതാപതി അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ഓഹരി 10 ശതമാനം ഇടിഞ്ഞു. കമ്പനി സിഎഫ്ഒ ആസിഫ് മലബാറി പകരം എംഡി /സിഇഒ ആകും. മൂന്നുമാസം മുൻപ് അഞ്ചു വർഷത്തേക്കു കൂടി നിയമനം നീട്ടിക്കൊടുത്ത ശേഷം സീതാപതി രാജിവെച്ചതിന്റെ പശ്ചാത്തലം അറിവായിട്ടില്ല. സിന്തോൾ, ഗുഡ്നൈറ്റ് തുടങ്ങിയവ ഗോദ്റെജിൻ്റെ ജനകീയ ബ്രാൻഡുകൾ ആണ്.

പ്രകൃതി വാതക ലഭ്യത കുറവായതു മൂലം നോർസ്ക് ഹൈഡ്രോ അലൂമിന ഉൽപാദനം പകുതിയാക്കി. ലോക വിപണിയിൽ അലൂമിനിയം വില കൂടാൻ ഇതു കാരണമാകും. ഇതേ തുടർന്ന് ഹിൻഡാൽകോ, നാൽകോ, വേദാന്ത അലൂമിനിയം തുടങ്ങിയ അലൂമിനിയം കമ്പനികളുടെ ഓഹരികൾ ഏഴു ശതമാനം വരെ ഉയർന്നു.

ഇന്നലെ രണ്ടു ശതമാനത്തിലധികം താഴ്ന്ന എംആർഎഫിന് വിദേശ ബ്രോക്കറേജ് സിഎൽഎസ്എ 1.65 ലക്ഷം രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി ഇന്നും താഴ്ന്നു.

റിസൽട്ട് മികച്ചതായില്ലെങ്കിലും ജെഎസ്ഡബ്ല്യു ഡുലക്സ് ഓഹരി ആറു ശതമാനം ഉയർന്നു. ഓഹരി വിഭജിക്കാനുളള തീരുമാനത്തെ തുടർന്നാണിത്. ഒരോഹരി പത്തായാണു വിഭജിക്കുന്നത്.

വരുമാനം 44 ശതമാനം വർധിച്ചപ്പോൾ പ്രവർത്തനലാഭം 79 ശതമാനവും അറ്റാദായം 53 ശതമാനവും വർധിപ്പിച്ച ഫിനോലെക്സ് കേബിൾസ് 13 ശതമാനം വരെ കുതിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വിലയിടിഞ്ഞ കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ഇന്നു രാവിലെ ഉയർന്നു. കമ്പനിയുടെ ഒന്നാം പാദ റിസൽട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

വിറ്റുവരവ് 67.3 ശതമാനം വർധിച്ചപ്പോഴും അറ്റാദായം 3.4 ശതമാനം ഇടിഞ്ഞ സെൻകോ ഗോൾഡ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞ് 95.40 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.42 രൂപയായി.

സ്വർണം ലോകവിപണിയിൽ രാവിലെ ഔൺസിന് 4418 ഡോളർ വരെ കയറിയിട്ടു 4402 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 760 രൂപ വർധിച്ച് 1,13,560 രൂപ ആയി.

രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 90.04 ഡോളറിലും ഡബ്ള്യുടിഐ ഇനം 84.27 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com