റെക്കോര്‍ഡ് തിരുത്തി നിഫ്റ്റി, മിഡ്ക്യാപ്പുകള്‍ കുതിപ്പില്‍, കെ.സി.പി ഇന്നും ഉയര്‍ച്ചയില്‍

ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ക്രമമായി ഉയര്‍ന്ന് റെക്കോഡ് മറികടന്നു. നിഫ്റ്റി 23,420.35 വരെ എത്തിയ ശേഷം ലാഭമെടുക്കലിനെ തുടര്‍ന്ന് അല്‍പം താണു. പിന്നീടു വീണ്ടും കയറ്റത്തിലായി. സെന്‍സെക്‌സ് 76,967.73 വരെ കയറിയിട്ടു താണു.

നിഫ്റ്റി ബാങ്ക് 50,000ന് മുകളിലും മിഡ്ക്യാപ് സൂചിക 54,000ന് മുകളിലും എത്തി.
അടിവസ്ത്ര നിര്‍മാതാക്കളായ ഡോളര്‍ ഇന്‍ഡസ്ട്രീസ് ദക്ഷിണേന്ത്യയിലെ ബിസിനസ് 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങി. ഓഹരി വില അഞ്ചു ശതമാനം കയറി.
യു.എസ് വിപണിയില്‍ മാതൃകമ്പനി ഓറക്കിള്‍ ഓഹരി എട്ടു ശതമാനത്തിലധികം കുതിച്ച സാഹചര്യത്തില്‍ ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ ആറു ശതമാനം ഉയര്‍ന്നു.
ചന്ദ്രബാബു നായിഡുവിന്റെ കമ്പനിയായ ഹെരിറ്റേജ് ഫുഡ്‌സ് അഞ്ചു ശതമാനം താണു. കമ്പനിയുടെ 0.9 ശതമാനം ഓഹരി ബള്‍ക്ക് ഡീലില്‍ വിറ്റ സാഹചര്യത്തിലാണിത്. കഴിഞ്ഞയാഴ്ച 727 രൂപ വരെ കയറിയ ഓഹരി ഇപ്പോള്‍ 627 രൂപയിലാണ്.
അമരാവതി വികസനത്തില്‍ വലിയ നേട്ടം പ്രതീക്ഷിക്കുന്ന കമ്പനിയായ കെ.സി.പി ലിമിറ്റഡ് ഇന്നു നാലു ശതമാനം കയറി. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി 50 ശതമാനം ഉയര്‍ന്നതാണ്.

തിരിച്ചു വരവിൽ റിലയന്‍സ് പവര്‍

കടബാധ്യത മിക്കവാറും തീര്‍ത്ത റിലയന്‍സ് പവര്‍ ഓഹരി ഇന്നു രാവിലെ എട്ടു ശതമാനം കയറി 31 രൂപ ആയി. ഒരാഴ്ച കൊണ്ട് 25 ശതമാനം ഉയര്‍ന്നു. കടങ്ങള്‍ തീര്‍ന്നതോടെ അനില്‍ അംബാനിയുടെ കമ്പനിയിലേക്ക് ബുള്ളുകള്‍ ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഏപ്രിലില്‍ എത്തിയ 34.35 രൂപ കടന്ന് ഓഹരി കുതിക്കും എന്നാണ് അവരുടെ പ്രതീക്ഷ. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും നേട്ടത്തിലാണ്. ഒരാഴ്ച കൊണ്ട് 19 ശതമാനം കയറി.
വിദേശ ബ്രോക്കറേജ് ജെഫറീസ് ടാറ്റാ മോട്ടാേഴ്‌സിന്റെ ലക്ഷ്യവില 1,250 രൂപയായി ഉയര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നല്ല കുതിപ്പ് നടത്തിയ എച്ച്.സി.സി (ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി) ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. അഞ്ചു ദിവസം കൊണ്ട് ഓഹരി 38 ശതമാനം കയറി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു രാവിലെ അല്‍പം ഉയര്‍ന്നു. ഡോളര്‍ മൂന്നു പൈസ താണ് 83.54 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക ഉയര്‍ന്ന് 105.26ലാണ്.
സ്വര്‍ണം ലോക വിപണിയില്‍ 2,316 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കയറി 52,920 രൂപയില്‍ എത്തി.
ക്രൂഡ് ഓയില്‍ വീണ്ടും കയറി. ബ്രെന്റ് ഇനം 82.27 ഡോളര്‍ ആയി.

Related Articles

Next Story

Videos

Share it