
വിപണി ചെറിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ശേഷം നേട്ടത്തിലേക്കു മാറി. എന്നാൽ അവിടെ പിടിച്ചു നിൽക്കാനായില്ല. വീണ്ടും താഴ്ചയിലായി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇന്നു താഴ്ചയിലാണ്. മീഡിയ, ഫാർമ, ഹെൽത്ത്കെയർ എന്നിവ ഒഴികെ എല്ലാ ബിസിനസ് മേഖലകളും ഇന്നു നഷ്ടത്തിലാണ്. ഐടി കമ്പനികൾ വലിയ നഷ്ടം കാണിച്ചു.
യുപിഐ ഇടപാടുകൾക്ക് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുമെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ നിഷേധിച്ചതിനെ തുടർന്ന് പേയ്ടിഎം ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില ഉയർന്നതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരി ഇടിഞ്ഞു. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ നാലര ശതമാനം വരെ താഴ്ന്നു. ഒഎൻജിസി മൂന്നു ശതമാനം ഉയർന്നു. ഓയിൽ ഇന്ത്യ നാലു ശതമാനം കയറി.
സിഇ ഇൻഫോയുടെ അഞ്ചു ശതമാനത്തിലധികം ഓഹരി ബൾക്ക് വിപണിയിൽ കൈമാറിയതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം കയറി.
ഓഹരി തിരികെ വാങ്ങൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് തൻല പ്ലാറ്റ്ഫോംസ് 12 ശതമാനം കുതിച്ചു.
രൂപ ഇന്നും രാവിലെ നേട്ടം ഉണ്ടാക്കി. ഡോളർ എട്ടു പൈസ താഴ്ന്ന് 85.43 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 85.48 രൂപയിലെത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3374 ഡോളർ ആണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 640 രൂപ വർധിച്ച് 72,800 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്ന വിലയിൽ നിന്ന് ഉയർന്നു. ബ്രെൻ്റ് ഇനം ബാരലിന് 69.52 ഡോളറിൽ എത്തി.