
മുഖ്യ സൂചികകൾ രണ്ടു ശതമാനത്തോളം ഉയർന്നു വ്യാപാരം തുടങ്ങിയ ഇന്നു വിപണി പിന്നീടു മൂന്നു ശതമാനം ഉയരത്തിലായി. നിഫ്റ്റി 24,730 നും സെൻസെക്സ് 81,800 നും മുകളിൽ കടന്നു.
ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇന്നു കയറ്റത്തിലാണ്. അമേരിക്കയിൽ ഔഷധവില വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനത്തെ
തുടർന്ന് കയറ്റുമതി രംഗത്തുള്ള ഔഷധ കമ്പനികൾ ഇടിഞ്ഞു. സൺ ആറും ലൂപിൻ 2.5 ഉം അരബിന്ദോ 2.3ഉം ബയോ കോൺ മൂന്നും ശതമാനം താഴ്ചയിലായി.
റിയൽറ്റി, ബാങ്ക്, ധനകാര്യ, ഐടി, മെറ്റൽ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി.
ലാഭം 33 ശതമാനം വർധിക്കുകയും ധനകാര്യ നില മെച്ചപ്പെടുത്തുകയും ചെയ്ത ബിർലാ കോർപറേഷൻ 4335 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രഖ്യാപിച്ചു. ഓഹരി 20 ശതമാനം കുതിച്ചു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു നല്ല മുന്നേറ്റം നടത്തി. ബിഎസ്ഇ, സുസ്ലോൺ, ഡിക്സൺ ടെക്നോളജീസ്, ആർവിഎൻഎൽ, എസ്ജെവിഎൻ, ഇൻ്റർ ഗ്ലോബ് ഏവിയേഷൻ, അപ്പോളോ പൈപ്സ് തുടങ്ങിയവ ആറു ശതമാനത്തിലധികം ഉയർന്നു.
ഉത്തര-പശ്ചിമ മേഖലകളിൽ വ്യോമ ഗതാഗതത്തിനു പ്രഖ്യാപിച്ചിരുന്ന വിലക്ക് പിൻവലിച്ചു.
സുമിടോമോ- മിത് സുയി ബാങ്കിംഗ് കോർപറേഷൻ യെസ് ബാങ്കിനെ സ്വന്തമാക്കും. എസ്ബിഐ അടക്കമുള്ള ഇന്ത്യൻ ബാങ്കുകൾ ഇരുപതു ശതമാനം ഓഹരി സുമിടോമോയ്ക്കു നൽകും. പിന്നീട് ഓപ്പൺ ഓഫർ ഉണ്ടാകും. യെസ് ബാങ്ക് ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു.
വർഷങ്ങൾക്ക് ശേഷം ലാഭത്തിലായ റിലയൻസ് പവർ ഓഹരി 10 ശതമാനത്തിലധികം കയറി.
ബുദ്ധപൂർണിമ ദിനമായതിനാൽ ഇന്നു വിദേശനാണ്യ വിനിമയ വിപണി ഇന്ന് അവധിയിലാണ്.
സ്വർണം ലോക വിപണിയിൽ ഓൺസിന് 3282 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 1320 രൂപ കുറഞ്ഞ് 71,040 രൂപ ആയി .
ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 64.20 ഡോളർ ആയി.