

നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ മുന്നേറി. നിഫ്റ്റി 25,864 ഉം സെൻസെക്സ് 84,462ഉം വരെ ഉയർന്നു.
വിശാല വിപണിയും നല്ല കയറ്റത്തിലാണ്. മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ 0.65 ശതമാനത്തിലധികം ഉയർന്നു.
എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടം കാണിച്ചു. ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്ക്, ഓയിൽ - ഗ്യാസ് മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
രണ്ടാം പാദത്തിൽ മാർജിൻ വർധിപ്പിച്ച ഫോർട്ടിസ് ഹെൽത്ത് നാലു ശതമാനം കുതിച്ചു. ഓഹരി പിന്നീടു നഷ്ടത്തിലായി.
രണ്ടാം പാദത്തിലെ പ്രവർത്തനലാഭം ഏഴു ശതമാനം കുറഞ്ഞെങ്കിലും വസ്ത്രകയറ്റുമതി കമ്പനിയായ ഗോകൽദാസ് എക്സ്പോർട്സ് ഓഹരി രണ്ടു ശതമാനം നേട്ടം കുറിച്ചു.
ലാഭവർധനയുടെ വെളിച്ചത്തിൽ ബിഎസ്ഇ ലിമിറ്റഡ് ആറു ശതമാനം കയറി. മൂന്നു ദിവസം കൊണ്ട് ഓഹരി 14 ശതമാനം കയറി.
വരുമാനം 30% വും അറ്റാദായം 27% വും വർധിപ്പിച്ച കിർലോസ്കർ ഓയിൽ എൻജിൻസ് രാവിലെ 14 ശതമാനം കുതിച്ചു.
കഴിഞ്ഞ പാദത്തിൽ വരുമാനം ഇരട്ടിപ്പിക്കുകയും അറ്റാദായം 96 ശതമാനം ഉയർത്തുകയും ചെയ്ത യാത്ര ഓൺലൈൻ ഇന്നു രാവിലെ 12 ശതമാനം ഉയർന്നു. രണ്ടു ദിവസം കൊണ്ട് ഓഹരി 30 ശതമാനം കുതിച്ചു കയറി. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദ ലാഭം 10 ശതമാനം കുറവാണെന്നതു വിപണി അവഗണിച്ചു.
വരുമാനം 42 ശതമാനം കൂടിയപ്പോൾ അറ്റാദായം 79 ശതമാനം കുതിച്ചു കയറിയതിനെ തുടർന്ന് സാഗ്ളെ പ്രീപെയ്ഡ് ഓഹരി ആറു ശതമാനം ഉയർന്നു.
രണ്ടാം പാദ റിസൽട്ട് വരാനിരിക്കെ കൊച്ചിൻ ഷിപ്പ് യാർഡ് ഒരു ശതമാനം ഉയർന്നു.
എഫ്എസിടി, ആർസിഎഫ്, ജിഎസ്എഫ്സി, പരദീപ് തുടങ്ങിയ രാസവള കമ്പനികൾ ഇന്ന് ഉയർന്നു.
ഓഫീസുകൾ സ്ഥലം മാറ്റുന്ന സേവനത്തിലുള്ള ഔഫീസ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 25 ശതമാനം കൂടിയപ്പോൾ അറ്റാദായം 59 ശതമാനം താഴ്ന്നു.
വരുമാനം എട്ടു ശതമാനം കൂടിയപ്പോൾ അറ്റാദായം 56 ശതമാനം വർധിപ്പിച്ച ഐഒഎൽ കെമിക്കൽസ് ഓഹരി 12 ശതമാനം കുതിച്ചു.
അവകാശ ഇഷ്യു നടത്തുന്ന അദാനി എൻ്റർപ്രൈസസ് അടക്കം അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്ന് ഉയർന്നു.
ബ്രോക്കറേജ് കമ്പനി ഗ്രോയും ടാറ്റാ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിൾസും മിതമായ നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. പിന്നീട് അവ ഉയർന്നു നീങ്ങി.
രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കയറി 88.62 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.65 രൂപയായി.
സ്വർണം ലോകവിപണിയിൽ താഴ്ചയിലായി. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 4146 ഡോളർ വരെ കയറിയ സ്വർണം പിന്നീടു 4112 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.97 ഡോളർ ആയി.
Stock market midday update on 12 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine