''എഐ'' ഭീതിയിൽ ഇടിഞ്ഞു വിപണി; നഷ്ടത്തിന് ആക്കം കൂട്ടി മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ, റിയൽറ്റിയും മെറ്റലും താഴ്ചയിൽ

രൂപ ഇന്നു ദുർബലമായി, ഡോളർ എട്ടു പൈസ കൂടി 90.67 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Published on

''എഐ ആക്രമണഭീതി" വിപണിയെ വീണ്ടും ഇടിവിലാക്കി. മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം നഷ്‌ടത്തിലായപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തോളം താഴ്‌ന്നു. ഐടി സൂചിക അഞ്ചു ശതമാനം ഇടിഞ്ഞു. റിയൽറ്റിയും മെറ്റലും മൂന്നു ശതമാനത്തിലധികം താഴ്ചയിലായി. എല്ലാ വ്യവസായ മേഖലകളും താഴ്‌ന്നാണു നിൽക്കുന്നത്.

മൂന്നാം പാദ അറ്റാദായം 94 ശതമാനം വർധിപ്പിച്ച മുത്തൂറ്റ് ഫിനാൻസിൻ്റെ ഓഹരി രാവിലെ 12 ശതമാനം വരെ ഇടിഞ്ഞു. ലാഭമെടുത്തു മാറാൻ ചില ഫണ്ടുകൾ ഉദ്യമിച്ചതാണു വിലത്തകർച്ചയ്ക്കു കാരണം. ഓഹരിക്ക് 4750 രൂപ ലക്ഷ്യവില ഇട്ട് ജെഫറീസ് വാങ്ങൽ ശിപാർശ നൽകിയിട്ടുണ്ട്.

മാമാ എർത്ത് ബ്രാൻഡ് ഉടമകളായ ഹോനസ കൺസ്യൂമർ മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് ആറു ശതമാനം വരെ ഉയർന്നു. ജെഫറീസും ഐസിഐസിഐ സെക്യൂരിറ്റീസും ലക്ഷ്യവില 500 രൂപയായി ഉയർത്തി.

മൂന്നാം പാദ അറ്റാദായം 30 ശതമാനം കുറഞ്ഞതിനെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണി ലീവർ ഓഹരി രണ്ടു ശതമാനത്തിലധികം താഴ്‌ന്നു. ഐസ്ക്രീം ബിസിനസ് വിറ്റതു മൂലമുള്ള ഒറ്റത്തവണ ലാഭം ചേർത്ത് കമ്പനി 136 ശതമാനം ലാഭവർധന അറിയിച്ചിരുന്നു. ഓഹരിക്ക് നൊമൂറ 3000 രൂപയും ഗോൾഡ്മാൻ സാക്സ് 2750 രൂപയും ജെഫറീസ് 2850 രൂപയും ലക്ഷ്യവില നിർണയിച്ചു.

2312 കോടി രൂപയ്ക്ക് എട്ടു ഡോണിയർ വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം കരാർ ഉണ്ടാക്കിയതിനെ തുടർന്ന് എച്ച്എഎൽ ഓഹരി 4200 രൂപയിലേക്ക് ഉയർന്നു. ഓഹരിക്ക് മോട്ടിലാൽ ഓസ്വാൾ 5500 രൂപയും സിഎൽഎസ്എ 5436 രൂപയും ജെഫറീസ് 6200 രൂപയും ലക്ഷ്യവില നിശ്ചയിച്ചു.

ലാഭമാർജിൻ 16 ശതമാനം വർധിച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് എൻജിനിയേഴ്സ് ഇന്ത്യ ഓഹരി രാവിലെ 13 ശതമാനം കുതിച്ചു.

പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്ന് കോൾ ഇന്ത്യ ഓഹരിയുടെ ലക്ഷ്യവില 375 രൂപയായി നുവാമയും 380 രൂപയായി എച്ച്എസ്ബിസിയും താഴ്‌ത്തി.

മൂന്നാം പാദ ലാഭം ഇടിഞ്ഞതും അമേരിക്കൻ പ്ലാൻ്റിലെ തീപിടിത്തവും ഹിൻഡാൽകോ ഓഹരിയെ ഇന്ന് ആറു ശതമാനം വരെ താഴ്‌ത്തി. പല ബ്രോക്കറേജുകളും ഓഹരിയുടെ ലക്ഷ്യവില താഴ്‌ത്തി.

രൂപ ഇന്നു ദുർബലമായി. ഡോളർ എട്ടു പൈസ കൂടി 90.67 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 90.70 വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4980 ഡോളറിലാണ്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1920 രൂപ കുറഞ്ഞ് 1,14,240 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,54,837 രൂപ വരെ കയറി.

വെള്ളി ലോകവിപണിയിൽ രണ്ടര ശതമാനം ഉയർന്ന് ഔൺസിന് 77.36 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,42,600 രൂപ വരെ കയറി.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 67.41 ഡോളറിലേക്കു താഴ്‌ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com