
വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കുറേക്കൂടി താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ 1.1 ശതമാനത്തിലധികം താഴ്ചയിലാണ്.
ബാങ്ക്, റിയൽറ്റി, ഐടി എന്നിവയടക്കം എല്ലാ വ്യവസായ മേഖലകളും താഴ്ന്നു വ്യാപാരം നടത്തുന്നു.
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ സൈന്യാധിപനും ചില ഉയർന്ന ഓഫീസർമാരും പ്രധാനപ്പെട്ട ചില ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. യുറേനിയം ആയുധനിർമാണത്തിനു പാകപ്പെട്ട നിലയിലേക്ക് സമ്പുഷ്ടീകരിക്കുന്ന പ്രധാന നിലയത്തിൽ ഇസ്രേലി ആക്രമണം വലിയ നാശനഷ്ടം വരുത്തി. എന്നാൽ അപായകാരിയായ ആണവവികിരണം ഉണ്ടായിട്ടില്ല എന്ന് ഇറാനും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ നിരീക്ഷകരും പറഞ്ഞു. കനത്ത തിരിച്ചടി നൽകും എന്ന് ഇറാൻ്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി.
ക്രൂഡ് ഓയിൽ വിലയിലെ കയറ്റം ഓയിൽ മാർക്കറ്റിംഗ് കമ്പനി ഓഹരികളെ താഴ്ത്തി. ഐഒസി മൂന്നും ബിപിസിഎൽ നാലും എച്ച്പിസിഎൽ മൂന്നരയും ശതമാനം ഇടിഞ്ഞു. ക്രൂഡ് ഉൽപാദകരായ ഒഎൻജിസി രണ്ടും ഓയിൽ ഇന്ത്യ മൂന്നും ശതമാനം ഉയർന്നു. ക്രൂഡ് വില പെയിൻ്റ് കമ്പനി ഓഹരികളെ താഴ്ചയിലാക്കി
ക്രൂഡ് ഓയിൽ വിലവർധനയും എയർ ഇന്ത്യ വിമാന ദുരന്തവും സ്പൈസ് ജെറ്റിൻ്റെയും ഇൻഡിഗോ ഉടമകളായ ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെയും ഓഹരിവില അഞ്ചു ശതമാനം വരെ താഴ്ത്തി.
ഐആർഇഡിഎ ഓഹരി വ്യാപാരത്തിനിടെ അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു വലിയ താഴ്ചയിലായി. ഡോളർ 54 പൈസ കയറി 86.14 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.19 രൂപയായി. പിന്നീടു റിസർവ് ബാങ്ക് ഇടപെട്ടതിനെ തുടർന്ന് ഡോളർ 86.04 രൂപയിലേക്കു താഴ്ന്നു.
സ്വർണം എംസിഎക്സ് അവധിവ്യാപാരത്തിൽ 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു. ലോകവിപണിയിൽ സ്വർണം ഔൺസിന് 3428 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 1560 രൂപ കയറി 74,360 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഏപ്രിൽ 22-ന് എത്തിയ 74,320 രൂപയായിരുന്നു പവൻ്റെ പഴയ റെക്കോർഡ് വില.
ക്രൂഡ് ഓയിൽ ലോകവിപണിയിൽ 12 ശതമാനത്തിലധികം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 78 ഡോളറിനു മുകളിൽ കയറിയിട്ട് 76 ഡോളറിലേക്കു താഴ്ന്നു.