വിപണി താഴ്ചയിൽ, കാർബോണ്ടം യൂണിവേഴ്സൽ, സ്വിഗ്ഗി നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് മുന്നേറ്റത്തില്‍; രൂപ കയറി
തുടക്കത്തിൽ ചെറിയ നേട്ടം കാണിച്ച ശേഷം വിപണി നഷ്ടത്തിലായി. സെൻസെക്സ് 1.1 ശതമാനത്തിലധികം ഇടിഞ്ഞ് 81,469 വരെയും നിഫ്റ്റി ഒരു ശതമാനം താഴ്ന്ന് 24,675 വരെയും എത്തിയ ശേഷം അൽപം തിരിച്ചു കയറി.
ഐടി ഓഹരികളാണ് ഇന്നു താഴ്ചയ്ക്കു മുന്നിൽ. സ്വകാര്യ ബാങ്കുകളും റിയൽറ്റിയും ധനകാര്യ കമ്പനികളും മെറ്റലും ഓട്ടായും താഴ്ചയിലാണ്.
2020-ൽ ട്രംപ് നിർദേശിച്ചത്രയും ഉപദ്രവമുള്ളതല്ല കഴിഞ്ഞ ദിവസം നിർദേശിച്ച യുഎസ് ഔഷധവില നയം എന്നു വ്യക്തമായത് ഔഷധ കയറ്റുമതി ഓഹരികളെ ഉയർത്തി.
കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക് യാർഡ്, ഗാർഡൻ റീച്ച് എന്നീ കപ്പൽ നിർമാണ ഓഹരികൾ മൂന്നര ശതമാനം വരെ കയറി.
ലാഭവും ലാഭമാർജിനും കുത്തനേ താഴ്ന്ന കാർബോണ്ടം യൂണിവേഴ്സൽ ഓഹരി മൂന്നു ശതമാനം താഴ്ന്നു.
ലാഭവും ലാഭമാർജിനും ഗണ്യമായി മെച്ചപ്പെടുത്തിയ കെയർ റേറ്റിംഗ്സ് ഓഹരി ആറു ശതമാനം ഉയർന്നു.
ആങ്കർ ഇൻവെസ്റ്റർമാർക്കു വിൽപന വിലക്ക് മാറിയതാേടെ സ്വിഗ്ഗി ഓഹരി ഏഴു ശതമാനത്തിലധികം ഇടിഞ്ഞു.
കെ ഫിൻ ടെക്നോളജീസിലെ 10 ശതമാനം നിക്ഷേപം രണ്ടു വിദേശ ഫണ്ടുകൾ വിറ്റതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം താഴ്ചയിലായി.
മികച്ച വരുമാന - ലാഭ വളർച്ചകളെ തുടർന്നു ജെഎം ഫിനാൻഷ്യൽ ഓഹരി പത്തു ശതമാനം ഉയർന്നു.
പ്രീമിയർ എക്സ്പ്ലോസീവ്സിൻ്റെ തെലങ്കാനയിലെ യൂണിറ്റ് അടയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത് ഓഹരിയെ ആറു ശതമാനം താഴ്ത്തി.
രൂപ ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 69 പെെസ കുറഞ്ഞ് 84.68 രൂപയിൽ ഓപ്പൺ ചെയ്തു. 84.65 രൂപയിലേക്കു താഴ്ന്ന ശേഷം 84.85 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3432 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപ ഉയർന്ന് 70,120 രൂപയായി.
ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. ബ്രെൻ്റ് ഇനം 65 ഡോളറിനു സമീപം എത്തിയിട്ടു താഴ്ന്ന് 64.78 ഡോളർ ആയി.