

വിപണിയിൽ അനിശ്ചിതത്വം. ആഗോള സൂചനകളും സാമ്പത്തിക സൂചകങ്ങളും പോസിറ്റീവ് ആയിട്ടും വിപണിക്കു മുന്നേറ്റം സാധിക്കുന്നില്ല. രാഷ്ട്രീയ ആശങ്കകളാണു വിപണിയെ ഉലയ്ക്കുന്നത്.
രാവിലെ അൽപം താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ ഉയർന്നും താഴ്ന്നും ഒരു മണിക്കൂർ പിന്നിട്ടു. മൂന്നു തവണ കയറുകയും ഇറങ്ങുകയും ചെയ്തിട്ട് മുഖ്യ സൂചികകൾ ചെറിയ നേട്ടത്തിലേക്കു മാറി.
ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ആദ്യത്തെ ചാഞ്ചാട്ടത്തിനു ശേഷം കയറുകയാണ്.
ഐടി, എഫ്എംസിജി കമ്പനികൾ തുടക്കം മുതലേ താഴ്ചയിലാണ്. ഓട്ടോ, ഓയിൽ സൂചികകൾ കയറിയിറങ്ങി നീങ്ങുന്നു.
രണ്ടാം പാദത്തിൽ അറ്റാദായം 62 ശതമാനം വർധിപ്പിച്ച ഡാറ്റാ പാറ്റേൺസ് ഓഹരി പത്തു ശതമാനം ഉയർന്നു. കമ്പനിയുടെ വിറ്റുവരവ് 91 കോടിയിൽ നിന്ന് 237 ശതമാനം വർധിച്ച് 307 കോടി രൂപയിൽ എത്തിച്ചു.
നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറിയ ഹോനസ കൺസ്യൂമർ (മാമാ എർത്ത്) ഓഹരി എട്ടു ശതമാനം കുതിച്ചു. ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിക്കു 42 ശതമാനം വളർച്ച പ്രതീക്ഷയോടെ ലക്ഷ്യവില 400 രൂപയാക്കി. വാങ്ങാനും ശിപാർശ ചെയ്തു. എന്നാൽ എംകേ ഗ്ലോബൽ 250 രൂപ ലക്ഷ്യവില പറഞ്ഞു വിൽക്കൽ ശിപാർശ നൽകി.
മോശപ്പെട്ട രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ നാലു ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറഞ്ഞു. കമ്പനിയുടെ അറ്റാദായം 70 ശതമാനം ഇടിഞ്ഞിരുന്നു.
പ്രതീക്ഷയിലും മോശമായ റിസൽട്ട് പ്രസിദ്ധീകരിച്ച റെയിൽവേ കമ്പനികൾ - ഐആർസിടിസിയും ഇർകോണും - മൂന്നു ശതമാനം വരെ താഴ്ന്നു.
ബയോകോൺ രണ്ടാം പാദത്തിൽ നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു തിരിച്ചു കയറി. വിറ്റുവരവ് 19.6%വും പ്രവർത്തനലാഭം 21.9% വും വർധിച്ചു. ഓഹരി മൂന്നു ശതമാനം ഉയർന്നു. കമ്പനിയുടെ ബയോസിമിലർ നിർമാണ ഉപകമ്പനിയായ ബയോകോൺ ബയോ ലോജിക്സിനെ ലയിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
മികച്ച വളർച്ച കാണിച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് അശോക് ലെയ്ലൻഡ് ഓഹരി അഞ്ചു ശതമാനം ഉയർന്നു. ബസ് വിപണിയിൽ കമ്പനി 25 ശതമാനം വിപണി വിഹിതത്തിലേക്ക് കയറി.
മികച്ച ലാഭവർധനയിൽ ടാറ്റാ സ്റ്റീൽ ഓഹരി രണ്ടു ശതമാനം ഉയർന്നു.
പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട റിസൽട്ടിനെ തുടർന്ന് ഏഷ്യൻ പെയിൻ്റ്സ് ഇന്നു നാലു ശതമാനത്തോളം കയറി.
രൂപ ഇന്നും താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്. ഡോളർ നാലു പൈസ കയറി 88.67 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 88.69 രൂപയായി.
സ്വർണം ലോകവിപണിയിൽ ചാഞ്ചാടുകയാണ്. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ 4,179 ഡോളർ വരെ ഇടിഞ്ഞ സ്വർണം പിന്നീട് ഔൺസിന് 4220 രൂപ വരെ കയറി. വീണ്ടും താഴ്ന്നു. വില ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം. യുഎസ് ഫെഡ് ഡിസംബർ 9-10 തീയതികളിൽ നടക്കുന്ന യോഗത്തിൽ പലിശ കുറയ്ക്കും എന്ന പ്രതീക്ഷയിലാണു വിപണി. സർക്കാർ സ്തംഭനം നീങ്ങിയ സാഹചര്യത്തിൽ സാമ്പത്തിക സൂചകങ്ങൾ നെഗറ്റീവ് ആകും എന്നാണു ധാരണ അതു പലിശ കുറയ്ക്കാൻ പ്രേരണയാകും. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1680 രൂപ വർധിച്ച് 93,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
വെള്ളി ലോക വിപണിയിൽ ഔൺസിന് 54 ഡോളറിൽ എത്തി.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 62.63 ഡോളറിലാണ്.
Stock market midday update on 13 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine