

വിപണി താഴ്ന്ന് ഓപ്പൺ ചെയ്ത ശേഷം കൂടുതൽ ഇടിഞ്ഞു. ഇടയ്ക്കു നഷ്ടം കുറച്ചെങ്കിലും വീണ്ടും വിപണി താഴ്ചയിലായി. വ്യാപാരയുദ്ധ ഭീതി വിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
മെറ്റൽ, ഐടി, എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ -ഗ്യാസ്, ബാങ്ക്, ധനകാര്യ ഓഹരികൾ കൂടുതൽ താഴ്ന്നു.
ബോണസ് ഇഷ്യു പ്രഖ്യാപിക്കും എന്ന സൂചനയിൽ എച്ച്ഡിഎഫ്സി എഎംസി ഓഹരി രണ്ടു ശതമാനം കുതിച്ചു.
പാസ്പോർട്ട്, വീസ, കോൺസുലാർ സർവീസ് കാര്യങ്ങളിൽ പ്രവർത്തിക്കുന്ന ബിഎൽഎസ് ഇൻ്റർനാഷണൽ ഓഹരി 17 ശതമാനം വരെ ഇടിഞ്ഞു. പാസ്പോർട്ട് അപേക്ഷകരിൽ നിന്നും മറ്റും പരാതികൾ വ്യാപകമായതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം രണ്ടു വർഷത്തേക്കു കമ്പനിയെ പുതിയ ടെൻഡറുകളിൽ നിന്നു വിലക്കിയ സാഹചര്യത്തിലാണിത്.
വെള്ളിവില കുതിച്ചു കയറുന്നതിനെ തുടർന്ന് രാജ്യത്തെ സിൽവർ ഇടിഎഫുകളുടെ വില കുതിച്ചുയർന്നു. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ പ്രൂഡൻഷ്യൽ, നിപ്പോൺ ഇന്ത്യ, ടാറ്റാ, ആക്സിസ് ബാങ്ക്, സിറോദ, ആദിത്യ ബിർല, കൊട്ടക്, മിറേ അസറ്റ്, ഡിഎസ്പി, ഗ്രോ, യുടിഐ, എഡൽവൈസ് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രധാന സിൽവർ ഇടിഎഫുകൾ. ഇവയുടെ വില രണ്ടു മുതൽ അഞ്ചുവരെ ശതമാനം കൂടി.
രാജ്യാന്തര വിപണിയിൽ വെള്ളിയുടെ സ്പോട്ട് വില അവധി വിലയേക്കാൾ താഴെയായി. സ്പോട്ട് വില 51 ഡോളറിനടുത്തായി. ഡിസംബർ അവധിവില 50 ഡോളറിനു താഴെയാണ്. ബായ്ക് വേർഡേഷൻ (backwardation) എന്ന ഈ വിപണി പ്രതിഭാസം വില ക്രമേണ താഴാനുള്ള സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. തങ്ങളുടെ ഇടിഎഫുകളിലെ പണ നിക്ഷേപത്തിന് ആനുപാതികമായ വെള്ളി കൈവശമില്ലാത്ത ഫണ്ടുകൾ വിപണിയിൽ വിലയിടിക്കാൻ കൃത്രിമം നടത്തുന്നതായ സംശയവും ഉയരുന്നുണ്ട്.
കരാർ അടിസ്ഥാനത്തിൽ ഔഷധ പരീക്ഷണവും ഗവേഷണവും നടത്തുന്ന ഇന്ത്യയിലെ ഔഷധ കമ്പനികൾക്കു പ്രയോജനകരമായ ബയോസെക്യൂർ നിയമം യുഎസ് സെനറ്റ് പാസാക്കി. ഗവേഷണ കരാറുകൾ ഉളള കമ്പനികളുടെ ഓഹരികൾ ഉയർന്നു. ഡിവീസ് ലബോറട്ടറീസ്, പിരമൾ ഫാർമ, സിൻജീൻ, ലോറസ് ലാബ്സ്, സായ് ലൈഫ്, ഓറിജീൻ തുടങ്ങിയവ ഈ മേഖലയിലുള്ള കമ്പനികളാണ്. ചൈനീസ് കമ്പനികളെ ഒഴിവാക്കാനുള്ള യുഎസ് ശ്രമത്തിൻ്റെ ഭാഗമാണ് ഈ നിയമനിർമാണം.
ഉത്തരേന്ത്യൻ കമ്പനികളുടെ സെപ്റ്റംബർ പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതാകുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തി. എന്നാൽ ദക്ഷിണേന്ത്യൻ കമ്പനികൾക്ക് കാര്യങ്ങൾ അത്ര മെച്ചമാകില്ല.
ശ്രീധർ വേമ്പുവിൻ്റെ സോഹോ ആവിഷ്കരിച്ച മെസേജിംഗ് ആപ്പ് അറട്ടെെയെ തങ്ങളുടെ മാപ്പിംഗ് ആപ്പ് അടക്കമുള്ളവയുമായി ബന്ധിപ്പിക്കാൻ സിഇ ഇൻഫോസിസ്റ്റംസ് ആലോചിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിനു പകരമുള്ള സ്വദേശി ആപ്പാണ് അറട്ടെെ. സിഇ ഇൻഫോയുടേതാണു മാപ്പ്മൈഇന്ത്യ. സിഇ ഇൻഫോ ഓഹരി ഒൻപതു ശതമാനം വരെ കയറി.
രണ്ടാം പാദത്തിൽ മികച്ച ലാഭവർധനയും മാർജിൻ വർധനയും കാണിച്ച വാരീ റിന്യൂവബിൾ ഓഹരി 13 ശതമാനം വരെ കുതിച്ചു.
രണ്ടാംപാദ ബിസിനസ് വളർച്ച പ്രതീക്ഷയിലും കുറഞ്ഞ ഡി മാർട്ട് ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു. റിസൽട്ട് മോശമായത് ജികെ എനർജിയെ അഞ്ചു ശതമാനം ഇടിച്ചു.
326 രൂപയ്ക്ക് ഐപിഒ നടത്തിയ ടാറ്റാ കാപ്പിറ്റൽ ഓഹരി നാമമാത്ര നേട്ടത്തിൽ ലിസ്റ്റ് ചെയ്തു.
രൂപ ഇന്നു ദുർബലമായി. ഡോളർ ആറു പൈസ കൂടി 88.75 രൂപയിൽ ഓപ്പൺ ചെയ്തു. 88.78 രൂപവരെ കയറിയ ഡോളർ പിന്നീട് 88.72 രൂപയിലേക്കു താഴ്ന്നു
സ്വർണം ലോകവിപണിയിൽ ഔൺസിന് 4052 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 91,960 രൂപയായി. ഇതു റെക്കോർഡ് വിലയാണ്.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ നിന്ന് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 63.60 ഡോളറായി കുറഞ്ഞു.
Stock market midday update on 13 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine