

ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ തുടങ്ങിയിട്ടു കൂടുതൽ താഴ്ന്നു. പിന്നീടു തിരിച്ചു കയറി നഷ്ടം ഗണ്യമായി കുറച്ചു. വീണ്ടും താഴ്ന്നു.
നിഫ്റ്റി 25,041 വരെയും സെൻസെക്സ് 82,109 വരെയും താഴ്ന്ന ശേഷമാണ് തിരിച്ചു കയറിയതും ചാഞ്ചാട്ടം തുടങ്ങിയതും.
ഡി മാർട്ട് സൂപ്പർ മാർക്കറ്റ് ശൃംഖല നടത്തുന്ന അവന്യു സൂപ്പർ മാർട്ടിൻ്റെ ഒന്നാം പാദ വിൽപന പ്രതീക്ഷയിലും കുറഞ്ഞു. ലാഭമാർജിൻ ഒരു ശതമാനം താഴ്ന്നു ഓഹരി വില മൂന്നു ശതമാനം കുറഞ്ഞു. ഓഹരി വിറ്റൊഴിയാൻ വിദേശബാങ്ക് എച്ച്എസ്ബിസി നിർദേശിച്ചു. പിന്നീട് ഓഹരി നേട്ടത്തിലേക്ക് കയറിയിട്ടു ചാഞ്ചാട്ടമായി.
വിഐപി ഇൻഡസ്ട്രീസിൻ്റെ പ്രൊമാേട്ടർമാരായ പിരമൾ കുടുംബം തങ്ങളുടെ 32 ശതമാനം ഓഹരി വിൽക്കുന്നതു സ്ഥിരീകരിച്ചു. ഓഹരി ഒന്നിന് 388 രൂപ വച്ചാണു കെെമാറ്റം. വാങ്ങുന്നത് മൾട്ടിപ്പിൾസ് പ്രൈവറ്റ് ഇക്വിറ്റി ആണ്. അവർ 26 ശതമാനം ഓഹരി വാങ്ങാൻ ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. പഴയ ഐസിഐസിഐ എക്സിക്യൂട്ടീവ് രേണുക രാംനാഥാണ് മൾട്ടിപ്പിൾസ് പിഇയുടെ സ്ഥാപകയും സിഇഒയും. വിഐപി ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ലഗേജുകളും യാത്രാ സഹായികളും നിർമിക്കുന്ന വിഐപി ഇൻഡസ്ട്രീസ് ഈ രംഗത്തു ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ്.
ഐടി ഓഹരികൾ ഇന്നും വലിയ താഴ്ചയിലായി. ടിസിഎസും ഇൻഫോസിസും എച്ച്സിഎലും ടെക് മഹീന്ദ്രയും അടക്കമുള്ളവ ഒരു ശതമാനത്തിലധികം താഴ്ന്നു.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ക്രമക്കേടുകൾ നടത്തിയതിനെ തുടർന്നു വിലക്ക് നേരിടുന്ന അമേരിക്കൻ നിക്ഷേപ സ്ഥാപനം ജെയ്ൻ സ്ട്രീറ്റ് സെബി നിർദേശിച്ച പിഴ കെട്ടിവച്ചു. ഇവരുമായി ബന്ധമുള്ള ബിഎസ്ഇ, സിഎസ്ഡിഎൽ, ഏഞ്ചൽ വൺ ഓഹരികൾ ഇന്നു രണ്ടു ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ കുതിച്ചു കയറുകയാണ്. ബിറ്റ്കോയിൻ ഇതാദ്യമായി 1,20,000 ഡോളർ കടന്നു. 1,21,249.90 ഡോളർ വരെ ഉയർന്നു റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്ന്നു.
രൂപ ഇന്നു വീണ്ടും ദുർബലമായി. ഡോളർ 20 പൈസ ഉയർന്ന് 86 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ രാവിലത്തെ കുതിപ്പിനു ശേഷം താഴ്ന്നു തലേ വ്യാപാരദിവസത്തെ ക്ലോസിംഗിനു താഴെ വരെ എത്തി. രാവിലെ ഔൺസിന് 3374 ഡോളർ വരെ എത്തിയ സ്വർണം പിന്നീട് 3356 ഡോളറിൽ ആയി. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപകൂടി 73,240 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 70.51 ഡോളർ ആണ്.