വിപണി വീണ്ടും താഴോട്ട്, ബാങ്ക്, ധനകാര്യ, ഓട്ടോ ഓഹരികള്‍ നഷ്ടത്തില്‍; ഡോളർ 96 രൂപയ്ക്കു മുകളിൽ

ക്രൂഡ് ഓയിൽ വിലക്കയറ്റം ടയർ കമ്പനികളെ മൂന്നു ശതമാനം താഴ്‌ത്തി. വ്യോമയാന, പെയിൻ്റ്, ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഇടിഞ്ഞു
stock market
Image courtesy: Canva
Published on

താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഗണ്യമായി ഉയർന്ന വിപണി വീണ്ടും താഴ്ചയിലായി. രാവിലെ നേട്ടം ഉണ്ടാക്കിയ ഏഷ്യൻ വിപണികളും നഷ്‌ടത്തിലേക്കു മാറിയത് ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു.

ബാങ്ക്, ധനകാര്യ, ഓട്ടോ, റിയൽറ്റി, ഓയിൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ നഷ്ടത്തിലായി.

ഒന്നാം പാദ റിസൽട്ടിനെ തുടർന്നു ബ്രോക്കറേജുകൾ എച്ച്സിഎൽ ടെക്കിനു ഭിന്ന ശിപാർശകൾ നൽകി. 1040 രൂപ ലക്ഷ്യവില നിർണയിച്ച സിറ്റി വിൽക്കാൻ ശിപാർശ ചെയ്തപ്പോൾ നൊമുറ 1290 രൂപ ലക്ഷ്യവില നിർണയിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി 2.5 ശതമാനം താഴ്ന്നു.

ബയോകോണിൻ്റെ 5.64 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറി. യുഎസ് ഫാർമ കമ്പനി മൈലൻ ആണു വിറ്റത് ശരാശരിവില 400 രൂപ.

നേരത്തേ ബയോകോൺ ബയോളജിക്‌സിലെ മൈലൻ്റെ ഓഹരി മുഴുവൻ ബയോകോൺ വാങ്ങിയിരുന്നു. ബയോകോണിൽ മൈലനു കുറേക്കൂടി ഓഹരി നൽകുന്ന കാര്യം അക്കാലത്തു ചർച്ചയായതാണ്. ഇന്നത്തെ വിൽപനയോടെ ബയോകോണിലെ താൽപര്യം മൈലൻ ഉപേക്ഷിച്ചെന്നു വ്യക്തമായി. ബയോകോൺ ഓഹരി ആറു ശതമാനം കയറി.

ക്രൂഡ് ഓയിൽ വിലക്കയറ്റം ടയർ കമ്പനികളെ മൂന്നു ശതമാനം താഴ്‌ത്തി. വ്യോമയാന, പെയിൻ്റ്, ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഇടിഞ്ഞു.

മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്നു വിദേശ ബ്രോക്കറേജ് സിഎൽഎസ്എ, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫിനു വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 3650 രൂപ.

മക്കാറീ എയർടെലിനു വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 2220 രൂപയായി ഉയർത്തി.

നേതൃമാറ്റത്തെ തുടർന്ന് ഇന്നലെ 15 ശതമാനം കുതിച്ച ജസ്‌റ്റ് ഡയൽ ഇന്നു രാവിലെ 12 ശതമാനം കയറി. മൂന്നു ദിവസം കൊണ്ട് ഓഹരിക്കു 34 ശതമാനം മുന്നേറ്റം ഉണ്ടായി.

ഒന്നാം പാദ അറ്റാദായം 20 ശതമാനം വർധിപ്പിച്ച നുവോകോ വിസ്താസ് കോർപറേഷൻ ഓഹരി 13 ശതമാനം വരെ കുതിച്ചു കയറി.

വലിയ പാശ്ചാത്യ ബ്രാൻഡിൽ നിന്നു ദീർഘകാല കരാർ ലഭിച്ചതിനെ തുടർന്ന് റെഡിമെയ്ഡ് വസ്ത്ര കമ്പനി പിഡിഎസ് ലിമിറ്റഡ് 15 ശതമാനം കുതിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടം ഉണ്ടാക്കിയ കല്യാൺ ജ്വല്ലേഴ്സ് ഇന്നു രാവിലെ മൂന്നു ശതമാനം ഉയർന്നു.

സർക്കാർ ഓഹരി വിൽക്കും എന്ന കിംവദന്തിയെ തുടർന്ന് ഐഡിബിഐ ബാങ്ക് ഓഹരി 3.5 ശതമാനം കയറി.

രൂപ ഇന്നും വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 33 പൈസ കൂടി 95.95 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 96.16 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4015 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപ ആയി.

ക്രൂഡ് ഓയിൽ വില അൽപം കൂടി. ബ്രെൻ്റ് ഇനം 84.84 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.90 ഡോളറിലും എത്തി. പിന്നീട് അൽപം ഉയർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com