
തലേ ദിവസത്തെ നഷ്ടം നികത്താൻ ശ്രമിച്ച വിപണി ഇടയ്ക്കു വച്ചു കയറ്റം നിർത്തി. സെൻസെക്സ് 500 ഉം നിഫ്റ്റി 170 ഉം പോയിൻ്റ് ഉയർന്ന ശേഷം അൽപം താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരു ശതമാനം ഉയർന്നു.
ഐടി സൂചിക ഒരു ശതമാനം ഉയർച്ചയിലാണ്. മെറ്റൽ ഓഹരികളും കുതിച്ചു.
ലാഭവും ലാഭമാർജിനും ഗണ്യമായി ഉയർത്തിയ ഡാൽമിയ ഭാരത് ഷുഗർ ഓഹരി രാവിലെ 11 ശതമാനം വരെ ഉയർന്നു.
വരുമാനം 62 ശതമാനം വർധിച്ചപ്പോൾ അറ്റാദായം ഇരട്ടിച്ച ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരി 13 ശതമാനം ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡ് എട്ടും മസഗോൺ ഡോക്ക് നാലും ശതമാനം കയറി. പരസ് ഡിഫൻസ്, ഭാരത് ഡൈനമിക്സ് എന്നിവയും ഉയർന്നു.
നാലാം പാദ റിസൽട്ടിനെ തുടർന്ന് റേറ്റിംഗ് താഴ്ന്നത് ടാറ്റാ മോട്ടോഴ്സ് ഓഹരിയെ രണ്ടു ശതമാനം താഴ്ത്തി. കുറഞ്ഞ വരുമാനത്തിലും അറ്റാദായം 113 ശതമാനം കൂട്ടിയ ടാറ്റാ സ്റ്റീൽ ഓഹരി അഞ്ചു ശതമാനം ഉയർന്നു. സെയിൽ ഓഹരി നാലര ശതമാനം നേട്ടം കാണിച്ചു.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ഐടിഡി സിമൻ്റേഷൻ ഓഹരി 12 ശതമാനം കുതിച്ചു.
രൂപ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തിലായി. ഡോളർ 27 പൈസ താഴ്ന്ന് 85.06 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.43 രൂപയിലേക്കു ഡോളർ തിരിച്ചു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3226 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ കുറഞ്ഞ് 70,440 രൂപയായി.
ക്രൂഡ് ഓയിൽ സാവധാനം കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.23 ഡോളറിലേക്കു താഴ്ന്നു.