

വിപണി പ്രതീക്ഷയിലേക്കു മാറി എന്നു കാണിച്ച ശേഷം ചാഞ്ചാട്ടത്തിലായി. രാവിലെ നേട്ടത്തിൽ വ്യാപാരമാരംഭിച്ച ശേഷം സൂചികകൾ കൂടുതൽ ഉയർന്നു. എന്നാൽ പിന്നീടു നേട്ടം ഗണ്യമായി കുറച്ചു. ആദ്യം നേട്ടത്തിലായിരുന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ പിന്നീടു നഷ്‌ടത്തിലേക്കു മാറി.
രാവിലെ സെൻസെക്സ് 75,079.80 ഉം നിഫ്റ്റി 23,589 ഉം വരെ ഉയർന്ന ശേഷമാണു താഴ്ന്നത്. മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ ഉയർന്നു. ഐടിയും റിയൽറ്റിയും ഓട്ടോയും താഴ്ന്നു.
സെപ്റ്റംബർ വരെ പഞ്ചസാര കയറ്റുമതി വിലക്കിയതിനെ തുടർന്നു പഞ്ചസാര കമ്പനികൾ ഇടിഞ്ഞു. ഈ വർഷം ഉൽപാദനം കുറവാകും എന്ന നിരീക്ഷണത്തെ തുടർന്നാണ് വിലക്ക്. 15 ലക്ഷം ടൺ കയറ്റുമതിക്ക് അനുതി നൽകിയിരുന്നതാണ്. ഏഴു ലക്ഷത്തിൻ്റെ കയറ്റുമതി നടന്നു. പഞ്ചസാര കമ്പനികളായ ബൽറാംപുർ, ധാംപുർ, ദ്വാരികേഷ്, മാവന, ശ്രീ രേണുക, ത്രിവേണി, ഡാൽമിയ ഭാരത്, ഔധ്, ഉത്തം, ശക്തി തുടങ്ങിയവ നാലു ശതമാനം വരെ താഴ്ചയിലായി.
ഔഷധകമ്പനി സിപ്ലയുടെ ലക്ഷ്യവില 1550 രൂപയായി ഉയർത്തിയ സിറ്റി, ഓഹരിക്കു വാങ്ങൽ ശിപാർശയും നൽകി. ഓഹരി ഏഴു ശതമാനം കുതിച്ചു. കമ്പനിയുടെ നിക്ഷേപ നഷ്ടത്തിനു വകയിരുത്തിയതിനെ തുടർന്നു നാലാം പാദത്തിൽ ലാഭം ഗണ്യമായി കുറഞ്ഞെങ്കിലും മറ്റു ഘടകങ്ങളിൽ കമ്പനി മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നാണു വിലയിരുത്തൽ.
ലാഭത്തിൽ ഇടിവു കാണിച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ഭാരതി എയർടെൽ ഓഹരിക്ക് സ്വിസ് ബ്രോക്കറേജ് വിൽപന ശിപാർശ നൽകി. ലക്ഷ്യവില 2030 രൂപയാക്കി. അതേസമയം യുഎസ് ബ്രോക്കറേജ് ജെപി മോർഗൻ എയർടെലിന് ലക്ഷ്യവില 2300 രൂപയാക്കി വാങ്ങൽ ശിപാർശ നൽകി. ഓഹരി ഒരു ശതമാനം ഉയർന്നു.
കെയ്ൻസ് ടെക്നോളജി ഓഹരിക്കു വിദേശ ബ്രോക്കറേജ് സിഎൽഎസ്എ 4200 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്പെർഫോം റേറ്റിംഗ് നൽകി. അതേ സമയം ജെപി മോർഗൻ ഓഹരിയുടെ ലക്ഷ്യവില 6000 രൂപയിൽ നിന്നു 4000 രൂപയായി കുറച്ചു. കമ്പനിക്കു വാഗ്ദാനം ചെയ്ത വരുമാനവും ലാഭവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഈ വർഷത്തെ വരുമാന ലക്ഷ്യവും താഴ്‌ത്തി. ഓഹരി 18 ശതമാനം ഇടിഞ്ഞു.
ലാഭമാർജിൻ 16.9 ൽ നിന്ന് 23.9 ശതമാനത്തിലേക്ക് ഉയർത്തിയ ബാലാജി അമീൻസ് പ്രവർത്തന ലാഭം 58 ശതമാനവും അറ്റാദായം 57.8 ശതമാനവും വർധിപ്പിച്ചു. ഓഹരി 20 ശതമാനം കുതിച്ചു കയറി.
ജന സ്‌മോൾ ഫിനാൻസ് ബാങ്കിൽ 9.99 ശതമാനം ഓഹരി എടുക്കാൻ ടിവിഎസ് ഗ്രൂപ്പ് തീരുമാനിച്ചു. ടിവിഎസ് മോട്ടോർസ് ഓഹരി നാലു ശതമാനത്തിലധികം ഇടിഞ്ഞു. ജന എസ്എഫ്ബി ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്നു.
രൂപ ഇന്നു രാവിലെ അൽപം താഴ്ന്നു. ഡോളർ രണ്ടു പൈസ കൂടി 95.73 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.68 രൂപയിൽ എത്തിയശേഷം ഡോളർ 95.83 രൂപയിലേക്കു കയറി. ഡോളർ താമസിയാതെ 96 ഡോളറിൽ എത്തുമെന്നാണു നിഗമനം. രൂപയെ പിടിച്ചു നിർത്താൻ സ്വീകരിച്ച നടപടികൾ വിഫലമായത് ഡോളറിൻ്റെ കയറ്റത്തിനു വേഗം കൂട്ടി. സ്വർണ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതു പോലുള്ള നടപടികൾ രൂപയെ ബലപ്പെടുത്തുന്നവ അല്ലെന്നാണു വിപണി വിലയിരുത്തുന്നത്.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4673 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ വർധിച്ച് 1,19,040 രൂപയായി. ഉൽപന്ന അവധിവ്യാപാര എക്സ്ചേഞ്ച് ആയ എംസിഎക്സിൽ സ്വർണത്തിനു രാവിലെ നാമമാത്രമായി വില കുറഞ്ഞു.
ക്രൂഡ് ഓയിൽ വില രാവിലെ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 106.07 ഡോളറിലും ഡബ്ള്യുടിഐ ഇനം 101.59 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine