ബിഹാറില്‍ എന്‍.ഡി.എ ക്ക് നേട്ടം, പക്ഷെ വിപണി താഴോട്ട്; ഇൻഫോസിസ്, എൽ.ജി ഇലക്ട്രോണിക്സ് ഇടിവില്‍, കിറ്റെക്സ് നേട്ടത്തില്‍

84,060 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 84,465 വരെ ഉയർന്ന ശേഷം 84,042 വരെ താഴ്ന്നു
a man sitting in front of computer screens which showing stock market trends
image credit : canva
Published on

ബിഹാർ റിസൽട്ട് എക്സിറ്റ് പോൾ സർവേയിലേക്കാൾ മികച്ച വിജയം എൻഡിഎയ്ക്കു സമ്മാനിച്ചു. പക്ഷേ ഓഹരിവിപണിയെ അതു കാര്യമായി സഹായിച്ചില്ല. ആഗോള ആകുലതകളുടെ ഭാഗമായി താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി ആ നിലവാരത്തിനടുത്തു തുടർന്നു.

എൻഡിഎ വൻവിജയം ഉറപ്പായപ്പോൾ മുഖ്യ സൂചികകൾ നേട്ടത്തിലേക്കു മാറും എന്നു തോന്നിച്ചെങ്കിലും വീണ്ടും താഴോട്ടാണു നീങ്ങിയത്. രാവിലെ ഗണ്യമായി താഴ്ന്ന് 25,767 ൽ ഓപ്പൺ ചെയ്ത നിഫ്റ്റി 25,879 വരെ കയറിയ ശേഷം 25,800 നു താഴേക്കു പോയി. 84,060 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 84,465 വരെ ഉയർന്ന ശേഷം 84,042 വരെ താഴ്ന്നു.

ഇടയ്ക്കു നേട്ടത്തിലായ ബാങ്ക് നിഫ്റ്റി പിന്നീട് 150 ലധികം പോയിൻ്റ് നഷ്ടത്തിലേക്കു മാറി.

ഐടി കമ്പനികൾ ഇന്നും താഴ്ന്നു. അമേരിക്കയിൽ ടെക്നോളജി കമ്പനികൾ ഇടിവിലായതിൻ്റെ ചുവടു പിടിച്ചാണിത്. ഇൻഫോസിസ് 2.5 ഉം എംഫസിസ് രണ്ടും കോഫോർജ് 1.5 ഉം ശതമാനം താഴ്ന്നു. വരുമാനം കുറഞ്ഞിട്ടും ലാഭം ഗണ്യമായി വർധിപ്പിച്ച സൊനാറ്റ സോഫ്റ്റ് വേർ അഞ്ചു ശതമാനം ഇടിഞ്ഞു.

അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വസ്ത്ര കയറ്റുമതി കമ്പനികൾ ഇന്നു നേട്ടം ഉണ്ടാക്കി. കിറ്റെക്സ് ഗാർമെൻ്റ്സ് രണ്ടു ശതമാനത്തിലധികം ഉയർന്നു.

ലോകബാങ്കിൻ്റെ ഉപരോധ നീക്കത്തിനെതിരേ വിശദീകരണം നൽകാൻ ജനുവരി 26 വരെ സമയം ലഭിച്ചതിനെ തുടർന്ന് ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്റ്റിഫയേഴ്സ് 10 ശതമാനം കുതിച്ചു.

മാർജിനും ലാഭവും കുത്തനേ കുറഞ്ഞതിനെ തുടർന്ന് ഗൃഹോപകരണ നിർമാണ കമ്പനികളായ വോൾട്ടാസും പിജി ഇലക്ട്രോപ്ലാസ്റ്റും രാവിലെ അഞ്ചു ശതമാനം വരെ താഴ്ന്നു. വോൾട്ടാസും പിജിയും പിന്നീടു നേട്ടത്തിലേക്കു മാറി. ദുർബലമായ രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് എൽജി ഇലക്ട്രോണിക്സ് നാലു ശതമാനം താഴ്ചയിലായി.

രണ്ടാം പാദത്തിലെ മികച്ച റിസൽട്ടിനെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് പത്തു ശതമാനം കുതിച്ചു.

മികച്ച ലാഭവർധനയിൽ ജൂബിലൻ്റ് ഫുഡ്സ് ഓഹരി എട്ടു ശതമാനം ഉയർന്നു.

ലാഭം കൂടുകയും വലിയ മിസൈൽ നിർമാണ കരാർ നേടുകയും ചെയ്ത ഭാരത് ഡൈനാമിക്സ് ഏഴു ശതമാനം കുതിച്ചു.

ലാഭവർധനയിൽ മുന്നേറിയ ഡോളർ ഇൻഡസ്ട്രീസ് ഓഹരി ഒൻപതു ശതമാനം ഉയർന്നു. അടിവസ്ത്രങ്ങൾ നിർമിക്കുന്ന കമ്പനിയുടെ കയറ്റുമതി സാധ്യത വർധിക്കുന്നതും ഓഹരിയെ സഹായിച്ചു.

രണ്ടാം പാദം മോശമായതിനെ തുടർന്ന് തിലക് നഗർ ഇൻഡസ്ട്രീസ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കൂടി 88.72 രൂപയിൽ ഓപ്പൺ ചെയ്തു.

സ്വർണം ലോകവിപണിയിൽ കുതിച്ചു കയറി ഔൺസിന് 4211 ഡോളറിൽ എത്തി. പിന്നീട് 4203 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി.

ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.89 ഡോളറിൽ ആണ്.

Stock market midday update on 14 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com