

വിപണി ആഗോളവും ദേശീയവുമായ സമ്മർദങ്ങൾക്ക് അടിപ്പെട്ട് താഴോട്ടു നീങ്ങി. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ ഇടിവിലായി. പിന്നീട് അൽപം കയറി. 25,904 പോയിൻ്റ് വരെ ഇടിഞ്ഞ നിഫ്റ്റിയും 84,840 വരെ താഴ്ന്ന സെൻസെക്സ് പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. മീഡിയയും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ചയിലായി.
വിദേശ ബ്രോക്കറേജ് യുബിഎസ്, ഫെഡറൽ ബാങ്ക് ഓഹരിയുടെ ലക്ഷ്യവില 310 രൂപയായി ഉയർത്തി. ഓഹരി രാവിലെ 263.55 രൂപ വരെ ഉയർന്നു.
ഹിന്ദുസ്ഥാൻ സിങ്കിനു വിദേശ ബ്രോക്കറേജ് ജെഫറീസ് 660 രൂപ ലക്ഷ്യവില വച്ചു വാങ്ങൽ ശിപാർശ നടത്തി. വെള്ളി വില കുതിച്ചു കയറുന്നതാണു കാരണം. ലോകത്തിലെ വലിയ അഞ്ചു വെള്ളി ഉൽപാദകരിൽ പെടുന്നതാണു ഹിന്ദുസ്ഥാൻ സിങ്ക്. 800 ടൺ ആയിരുന്നു കഴിഞ്ഞ വർഷത്തെ വെള്ളി ഉൽപാദനം.
കമ്പനിയുടെ 15.25 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ 68 രൂപ വില പ്രകാരം കൈമാറ്റം ചെയ്തതിനെ തുടർന്ന് ജിയോജിത് ഫിനാൻഷ്യൽ ഓഹരി ആദ്യം മൂന്നു ശതമാനത്തോളം താഴ്ന്നു. പിന്നീടു ഏഴര ശതമാനത്തിലധികം ഉയർന്ന് 76 രൂപയിൽ എത്തി.
കമ്പനി ചെയർമാൻ ഇൻസൈഡർ വ്യാപാര ആരോപണം നേരിടുന്ന റെഫെക്സ് ഓഹരി ഇന്നു രാവിലെ 10 ശതമാനം വരെ ഇടിഞ്ഞു. പിന്നീട് ഓഹരി ആറു ശതമാനം നേട്ടത്തിലായി. കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സമാപിച്ചു. പരിശോധനയെ തുടർന്ന് ഓഹരി വെള്ളിയാഴ്ച 20 ശതമാനം ഇടിഞ്ഞിരുന്നു.
വോഡഫോൺ ഐഡിയയുടെ എജിആർ ബാധ്യത പകുതിയായി കുറയ്ക്കുമെന്നും അഞ്ചു വർഷം വരെ മോറട്ടാേറിയം കിട്ടുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പുറമേ സ്പെക്ട്രം ചാർജിൻ്റെ 1.2 ലക്ഷം കോടി രൂപയുടെ കുടിശിക ഉണ്ട്. വോഡഫോൺ ഐഡിയ ഓഹരി 12.04 രൂപ വരെ കയറി.
രൂപ ഇന്നും ദുർബലമായ തുടക്കം കുറിച്ചു. ഡോളർ 13 പൈസ താഴ്ന്ന് 90.55 രൂപയിൽ ഓപ്പൺ ചെയ്തു. 90.51 രൂപ വരെ താഴ്ന്ന ശേഷം ഡോളർ 90.6475 രൂപയിലേക്കു കുതിച്ചു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4330 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ വർധിച്ച് 98,800 രൂപ എന്ന റെക്കാേർഡ് കുറിച്ചു.
ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 61.45 ഡോളർ ആയി.
Stock market midday update on 15 december 2025.
Read DhanamOnline in English
Subscribe to Dhanam Magazine