വിപണി ചാഞ്ചാട്ടത്തോടെ കയറുന്നു, ഫാക്ട്, ആർ.സി.എഫ്, റാലിസ് ഇന്ത്യ നേട്ടത്തില്‍, തേജസ് നെറ്റ്‌വർക്സ് ഇടിവില്‍
ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടം ഗണ്യമായി കൂട്ടിയെങ്കിലും അതു നിലനിർത്താതെ നേട്ടം കുറച്ചു. നിഫ്റ്റി സൂചിക 25,155.80 വരെ ഉയർന്ന ശേഷം 25,100 നു താഴെ എത്തി. പിന്നീട് കയറ്റം തുടർന്നു. സെൻസെക്സും ഇതേ വഴിയേ നീങ്ങി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും സൂചികകളും ഉയർന്നു.
ഐടിയും മെറ്റലും ഒഴികെ എല്ലാ മേഖലകളും ഇന്നു കയറ്റത്തിലാണ്.
പൊതുമേഖലാ ബാങ്കുകൾ മികച്ച നേട്ടം കാഴ്ചവച്ചു.
രാസവള കമ്പനികൾ മികച്ച മുന്നേറ്റം നടത്തിയ ഇന്നു രാവിലെ എഫ്എസിടി ഒൻപതു ശതമാനത്തോളം കുതിച്ചു. ആർസിഎഫ്, എൻഎഫ്എൽ, പരദീപ് ഫോസ്ഫേറ്റ്സ്, ചംബൽ, ജിഎൻഎഫ്സി, ജിഎസ്എഫ്സി തുടങ്ങിയവ നാലര ശതമാനം വരെ ഉയർന്നു.
വിദേശ ബ്രോക്കറേജുകൾ എച്ച്സിഎൽ ടെക് ഓഹരിയെപ്പറ്റി ഭിന്ന വിലയിരുത്തലുകൾ നടത്തി. ജെപി മോർഗൻ 1700 രൂപ ലക്ഷ്യവില ഇട്ട് വിൽപന ശിപാർശ ചെയ്തു. നുവാമ വെൽത്ത് ലക്ഷ്യവില 1730 രൂപയാക്കി നിലനിർത്തൽ ശിപാർശ നൽകി. ജെഫറീസ് ഓഹരിക്കു വളർച്ച പ്രതീക്ഷിച്ച് ലക്ഷ്യവില ഉയർത്തി. വാങ്ങാൻ ശിപാർശ ചെയ്തു. സിഎൽഎസ്എ കമ്പനിയെ ഔട്ട് പെർഫോം എന്നു വിലയിരുത്തി. കമ്പനിയുടെ ലാഭമാർജിൻ കുറവായിരുന്നു. ഭാവി വരുമാന പ്രതീക്ഷ ഉയർത്തിയെങ്കിലും ലാഭ മാർജിൻ കുറയുമെന്നാണു കമ്പനി കരുതുന്നത്. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
വരുമാനം കുത്തനേ ഇടിയുകയും കമ്പനി നഷ്ടത്തിലാവുകയും ചെയ്ത പാദറിസൽട്ടിനെ തുടർന്ന് തേജസ് നെറ്റ് വർക്സ് ഓഹരി ഏഴു ശതമാനത്തോളം താഴ്ന്നു.
വിറ്റുവരവും ലാഭവും വർധിപ്പിച്ച റാലിസ് ഇന്ത്യ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
വരുമാനവളർച്ചയും ലാഭവും ഗണ്യമായി കുറഞ്ഞ ടാറ്റാ ടെക്നോളജി ഓഹരി വിൽക്കാൻ ഗോൾഡ്മാൻ സാക്സ് ശിപാർശ ചെയ്തു. ഓഹരി 3.3 ശതമാനം ഉയർന്നു. വരുന്ന പാദങ്ങളിൽ വളർച്ച മെച്ചപ്പെടും എന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ വാറൻ ഹാരിസ് പറഞ്ഞു.
രൂപ ഇന്നു നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ താഴ്ന്ന് 85.97 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.87 രൂപയിലേക്കു താഴ്ന്നു. ഡോളർ സൂചിക താഴുന്നതാണു രൂപയെ സഹായിച്ചത്.
സ്വർണം ലോകവിപണിയിൽ ഓൺസിന് 3355 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 80 രൂപ കുറഞ്ഞ് 73,160 രൂപയായി.
ക്രൂഡ് ഓയിൽ സാവധാനം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 68.88 ഡോളറിൽ എത്തി.

