വിപണി കുതിക്കുന്നു, 76,500 കടന്നു സെൻസെക്സ്; റിയൽറ്റി, മെറ്റൽ, ഓട്ടോ ഓഹരികള്‍ നേട്ടത്തില്‍

തുടക്കത്തിൽ 24,000 നു മുകളിൽ കയറിയ നിഫ്റ്റിക്ക് അതു നിലനിർത്താനായില്ല
stock market
Image courtesy: Canva
Published on

ഇറാൻ സമാധാന സാധ്യതയുടെ ആവേശത്തിൽ വലിയ നേട്ടവുമായി വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു നേട്ടം അൽപം കുറച്ചു.

തുടക്കത്തിൽ 24,000 നു മുകളിൽ കയറിയ നിഫ്റ്റിക്ക് അതു നിലനിർത്താനായില്ല. സെൻസെക്സ് 76,821 വരെ കയറിയിട്ട് താഴ്ന്നു.

ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലാണ്. റിയൽറ്റി, മെറ്റൽ, ഓട്ടോ, ധനകാര്യ മേഖലകളാണ് മുന്നേറ്റത്തിനു മുന്നിൽ നിൽക്കുന്നത്.

ടാറ്റാ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിൾസ് ഓഹരി രാവിലെ എട്ടു ശതമാനം വരെ ഉയർന്നു. കയറ്റുമതി വിപണിയിൽ ഉണർവ് ഉണ്ടാകുന്നത് ട്രക്കുകളുടെ വിൽപന വർധിപ്പിക്കും എന്ന നിഗമനത്തിലാണിത്. അശോക് ലെയ്ലാൻഡ് അഞ്ചും ഐഷർ മൂന്നും മഹീന്ദ്ര 2.5 ഉം ശതമാനം ഉയർന്നു. ടാറ്റാ മോട്ടോഴ്സ് പിവി അഞ്ചും മാരുതി സുസുകി മൂന്നും ശതമാനം കയറി.

ക്രൂഡ് ഓയിൽ വില ഇടിയുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ അഞ്ചു ശതമാനം വരെ ഉയർത്തി. ഇൻഡിഗോ അടക്കം വ്യോമയാന കമ്പനികൾ അഞ്ചു ശതമാനം വരെ ഉയർന്നു.

ധനകാര്യ കമ്പനികൾ ഇന്നും കുതിച്ചു. ചോളമണ്ഡലം ആറും ശ്രീറാം അഞ്ചും ബജാജ് ഫിനാൻസ് നാലും ശതമാനം നേട്ടം ഉണ്ടാക്കി. മുത്തൂറ്റ് ഫിനാൻസ് അഞ്ചും മണപ്പുറം ഫിനാൻസ് മൂന്നും ശതമാനം കയറി.

സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന ധാരണ ടയർ കമ്പനികൾക്കും നേട്ടമായി. അപ്പോളോ ടയേഴ്‌സും ജെകെ ടയറും അഞ്ചു ശതമാനം വീതവും എംആർഎഫ് നാലും ബാലകൃഷ്ണ 3.5 ഉം സിയറ്റ് 4.3 ഉം ശതമാനം കയറി.

വേദാന്ത ലിമിറ്റഡ് വിഭജിച്ചു രൂപം കൊടുത്ത നാലു കമ്പനികൾ രാവിലെ ലിസ്റ്റ് ചെയ്തു. വേദാന്ത അലൂമിനിയം 522 രൂപ, വേദാന്ത പവർ 41.80 രൂപ, വേദാന്ത അയൺ ആൻഡ് സ്‌റ്റീൽ 18 രൂപ, വേദാന്ത ഓയിൽ 38 രൂപ എന്നിങ്ങനെയാണു ലിസ്റ്റ് ചെയ്തത്. വേദാന്ത അയൺ പിന്നീട് ഉയർന്നു. മറ്റു മൂന്നും താഴ്ന്നു. വേദാന്ത അലൂമിനിയത്തിനു നുവാമ 475 രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്.

ലെൻസ്‌കാർട്ട് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ യുബിഎസ് 730 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ജിഎംആർ എയർപോർട്‌സിന് ഔട് പെർഫോം റേറ്റിംഗ് നൽകിയ മക്കാറീ 125 രൂപയായി ലക്ഷ്യവില നിർണയിച്ചു.

രൂപ ഇന്നു രാവിലെ നില കൂടുതൽ മെച്ചപ്പെടുത്തി. ഡോളർ 43 പൈസ താഴ്ന്ന് 94.68 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.55 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4325 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1800 രൂപ വർധിച്ച് 1,11,120 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ ഇടിഞ്ഞ് ബ്രെൻ്റ് ഇനം 83 ഡോളറിനു സമീപമായി. പിന്നീടു ബ്രെൻ്റ് ഇനം ക്രൂഡ് 83.31 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.24 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com