വിപണി ചാഞ്ചാട്ടത്തിൽ നിന്നു നേട്ടത്തിലേക്ക്, ഐ.ടി ഓഹരികളും കേരള ബാങ്കുകളും ഇടിവില്‍; രൂപ ദുർബലം

മാർജിൻ വ്യാപാരത്തെ നിരുത്സാഹപ്പെടുത്തുന്ന റിസർവ് ബാങ്ക് ഉത്തരവ് കാപ്പിറ്റൽ മാർക്കറ്റ് ഓഹരികളെ താഴ്‌ത്തി
Stock market trading via mobile
Demat account Image : Canva
Published on

താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യൻ വിപണി രാവിലെ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തിലേക്കു തിരിച്ചു കയറി.

നിഫ്റ്റി രാവിലെ ആദ്യമണിക്കൂറിൽ 25,423 വരെ താണിട്ട് 25,534 വരെ കയറി. സെൻസെക്സ് ഇതേ സമയം 82,480 നും 82,818 നുമിടയിൽ കയറിയിറങ്ങി. പിന്നീടു നിഫ്റ്റി 25,562 ഉം സെൻസെക്സ് 82,905 ഉം വരെ എത്തി.

ഐടി ഓഹരികൾ രാവിലെ ചാഞ്ചാടിയ ശേഷം നഷ്‌ടത്തിലേക്കു നീങ്ങി.

മാർജിൻ വ്യാപാരത്തെ നിരുത്സാഹപ്പെടുത്തുന്ന റിസർവ് ബാങ്ക് ഉത്തരവ് കാപ്പിറ്റൽ മാർക്കറ്റ് ഓഹരികളെ വലിച്ചു താഴ്‌ത്തി. ബിഎസ്ഇയും ബ്രോക്കറേജുകളും ഡിപ്പോസിറ്ററികളും ഇടിഞ്ഞു. ബിഎസ്ഇ 10 ഉം എംസിഎക്സ് ആറും ഏഞ്ചൽ വൺ എട്ടും നുവാമ മൂന്നും ശതമാനം വരെ താഴ്ന്നു. പിന്നീടു നഷ്ടം അൽപം കുറച്ചു.

കഴിഞ്ഞ ദിവസം 12 ശതമാനം വരെ ഇടിഞ്ഞ മുത്തൂറ്റ് ഫിനാൻസ് ഇന്നു രാവിലെ രണ്ടര ശതമാനം താഴ്ചയിലായി.

മൂന്നാം പാദത്തിലും റിസൽട്ട് മോശമായ ഒല ഇലക്ട്രിക് മൊബിലിറ്റി ആറു ശതമാനം ഇടിഞ്ഞു.

അമേരിക്കയിൽ വിൽപന വർധിപ്പിച്ചതടക്കം മൂന്നാം പാദത്തിലെ മികച്ച പ്രകടനത്തിൽ ടൊറൻ്റ് ഫാർമ ആറു ശതമാനം ഉയർന്നു.

അറ്റാദായം ഇരട്ടിപ്പിച്ച മൂന്നാം പാദ റിസൽട്ട് മികച്ചതായെങ്കിലും പ്രതീക്ഷയോളം വരാത്തത് ഐനോക്സ് വിൻഡ് ഓഹരിയെ ഏഴു ശതമാനം താഴ്‌ത്തി.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടം കാണിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നു രാവിലെ മൂന്നു ശതമാനം താഴ്ന്നു.

കേരളം ആസ്ഥാനമായുള്ള ബാങ്കുകൾ എല്ലാം ഇന്നു രാവിലെ മൂന്നു ശതമാനം വരെ ഇടിവിലായി.

മൂന്നാം പാദത്തിൽ വിറ്റുവരവ് 45 ശതമാനത്തോളം കൂടിയപ്പോൾ അറ്റാദായം ഇരട്ടിയോളമാക്കിയ പ്രിസിഷൻ വയേഴ്‌സ് ഇന്ത്യ ഓഹരി 15 ശതമാനം കുതിച്ചു.

ക്വാളിറ്റി വോൾസ് 40.20 രൂപയ്ക്ക് ഇഷ്യു നടത്തിയ ശേഷം 28 ശതമാനത്തോളം താഴ്ചയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു കൂടുതൽ താഴ്‌ന്നു. എച്ച് യുഎലിൻ്റെ ഐസ്ക്രീം ബിസിനസാണ് ക്വാളിറ്റി വോൾസ് ആയി മാറ്റിയത്. ഇന്നു ലിസറ്റ് ചെയ്ത മൂന്ന് ഓഹരികളും നഷ്‌ടത്തിലായി.

രൂപ ഇന്നു ദുർബലമായി. ഡോളർ രണ്ടു പൈസ കുറഞ്ഞ് 90.62 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 90.71 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4980 ഡോളറിലാണ്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,55,100 രൂപ വരെ കയറിയിട്ട് 1,54,717 ലേക്കു താഴ്ന്നു.

വെള്ളി ലോകവിപണിയിൽ രണ്ടര ശതമാനം താഴ്ന്ന് ഔൺസിന് 75.47 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,35,789 രൂപ വരെ താഴ്ന്നു.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 67.79 ഡോളറിലേക്കു താഴ്‌ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com