

ഇന്നു രാവിലെ താഴ്ന്നു വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പാേൾ നിഫ്റ്റി 50 -ഉം സെൻസെക്സ് 140 ഉം പോയിൻ്റ് നേട്ടത്തിലാണ്.
ഔഷധ ഇറക്കുമതിക്ക് ഓഗസ്റ്റ് ഒന്നിനു വളരെ വലിയ ചുങ്കം ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത വർഷമാകുമ്പാേൾ 200 ശതമാനം ചുങ്കം എന്നാണു നേരത്തേ പറഞ്ഞിരുന്നത്. മാറ്റത്തിനു കാരണം പറഞ്ഞിട്ടില്ല.
ഇന്തോനീഷ്യയുടെ ചുവടുപിടിച്ചുളള ഒരു വ്യാപാര കരാറിന് ഇന്ത്യയും സമ്മതിക്കും എന്നു ട്രംപ് ഇന്നു സൂചിപ്പിച്ചു. അമേരിക്കയുടെ എല്ലാ ഉൽപന്നങ്ങളും ചുങ്കം കൂടാതെ വാങ്ങാൻ ഇന്തോനീഷ്യ സമ്മതിച്ചു. ഇന്തോനീഷ്യൻ ഉൽപന്നങ്ങൾക്ക് 19 ശതമാനം ചുങ്കം നൽകണം. പുറമേ 50 ബോയിംഗ് വിമാനങ്ങളും 1500 കോടി ഡോളറിൻ്റെ ഇന്ധനവും 450 കോടി ഡോളറിൻ്റെ കാർഷികോൽപന്നങ്ങളും വാങ്ങണം. ഇന്ധനവും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യക്കു പ്രയാസമുള്ള കാര്യമല്ല. കാർഷികോൽപന്നങ്ങളുടെ കാര്യം അങ്ങനെയല്ല. അമേരിക്കയ്ക്ക് മാത്രമായി ചുങ്കം ഒഴിവാക്കിക്കൊടുക്കുന്നതും പ്രയാസമാണ്.
19 നു ചേരുന്ന ഡയറക്ടർ ബോർഡ് ബോണസ് ഇഷ്യു കാര്യം തീരുമാനിക്കുമെന്ന എച്ച്ഡിഎഫ്സി ബാങ്ക് അറിയിപ്പ് ഓഹരിയെ ഉയർത്തി. ബാങ്ക് സ്പെഷൽ ഡിവിഡൻഡും പ്രഖ്യാപിക്കും.
ഐപിഒയ്ക്കു ശേഷമുള്ള ആദ്യ പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായതുമൂലം എച്ച്ഡിബി ഫിനാൻസ് ഓഹരി രണ്ടര ശതമാനം താഴ്ന്നു. വരുമാനം 15 ശതമാനം കൂടിയപ്പോൾ കമ്പനിയുടെ അറ്റാദായം രണ്ടു ശതമാനം കുറഞ്ഞു.
അറ്റ പ്രീമിയം വരുമാനം 16 ശതമാനവും അറ്റാദായം 14 ശതമാനവും വർധിപ്പിച്ച എച്ച്ഡിഎഫ്സി ലൈഫ് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
സിഎൽഎസ്എ ഔട്ട് പെർഫോം എന്നു വിലയിരുത്തുകയും നുവാമ വാങ്ങൽ ശിപാർശ നൽകുകയും ചെയ്ത ഡിക്സൺ ടെക്നോളജീസ്' നാലു ശതമാനം ഉയർന്നു.
പുതിയ പ്രമേഹ ഔഷധത്തിന് അമേരിക്കൻ എഫ്ഡിഎ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ബയോകോൺ ഓഹരി മൂന്നു ശതമാനം കയറി.
ഒന്നാം പാദത്തിൽ ലാഭവും ലാഭമാർജിനും ഗണ്യമായി വർധിപ്പിച്ച നെറ്റ് വർക്ക് 18 ഓഹരി 12 ശതമാനം കുതിച്ചു.
രൂപ ഇന്നും ദുർബലമായി. ഡോളർ 17 പൈസ കയറി 85.98 രൂപയിൽ ഓപ്പൺ ചെയ്തു. 86.04 രൂപ വരെ കയറിയിട്ട് 85.88 രൂപ വരെ താഴ്ന്നു. വിദേശത്തു ഡോളർ സൂചിക ഉയർന്നിട്ടുണ്ട്. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നുണ്ട്.
സ്വർണം ലോക വിപണിയിൽ കയറിയിറങ്ങുകയാണ്. രാവിലെ ഔൺസിന് 3334 ഡോളറിൽ നിന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 360 രൂപ കുറഞ്ഞ് 72,800 രൂപയായി.
ക്രൂഡ് ഓയിൽ വില നേരിയ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.84 ഡോളറിലേക്കു താഴ്ന്നു.