വിപണി സാവധാനം ഉയരുന്നു, ഐടിയും ഓട്ടോയും മുന്നേറ്റത്തില്‍, ഐസിഐസിഐ ലൊംബാർഡ് ഇടിവില്‍

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 96.25 രൂപയിൽ ഓപ്പൺ ചെയ്തു
share market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി മിതമായ കയറ്റത്തിലാണ്. ബാങ്ക്, ധനകാര്യ ഓഹരികൾ രാവിലെ ഉയർന്ന ശേഷം താഴ്ന്നു. ഐടിയും ഓട്ടോയും മുന്നേറി. മിഡ് ക്യാപ്, സമോൾ ക്യാപ് ഓഹരികളും താഴ്ന്നു.

ഒന്നാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഐസിഐസിഐ ലൊംബാർഡ് ഇൻഷ്വറൻസ് ഓഹരി 14 ശതമാനം ഇടിഞ്ഞു. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്. ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് മൂന്നു ശതമാനം താഴ്ന്നു .

മികച്ച റിസൽട്ട് എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിബി ഫിൻ എന്നിവയെ ആദ്യം രണ്ടു ശതമാനത്തിലധികം കയറ്റി. എച്ച്ഡിഎഫ്‌സി ലൈഫ് പിന്നീടു നഷ്‌ടത്തിലേക്കു മാറി.

ഡിക്സൺ ടെക്നോളജീസിനെ എച്ച്എസ്ബിസി ഓവർവെയ്റ്റ് വിഭാഗത്തിലേക്കു കയറ്റിയതിനെ തുടർന്ന് ഓഹരി എട്ടു ശതമാനം കുതിച്ചു. മൊബൈൽ ഉൽപാദന സബ്‌സിഡി (പിഎൽഐ) കിട്ടാൻ യോഗ്യത നേടിയ ഏക കമ്പനിയാണു ഡിക്സൺ.

വളരെ മികച്ച ഒന്നാം പാദ വളർച്ച കാഴ്ചവച്ച എംവീ ഫോട്ടോ വോൾട്ടായിക് 10 ശതമാനം നേട്ടത്തിലായി.

യൂണിമെക് ഏറോസ്പേസ് ഓഹരിക്ക് 26.5 ശതമാനം വളർച്ച സാധ്യമാണെന്നു മോട്ടിലാൽ ഓസ്വാൾ വിലയിരുത്തി. ഓഹരി ഏഴു ശതമാനം കുതിച്ചു.

ഒന്നാം പാദത്തിൽ കമ്പനി മികച്ച ലാഭത്തിലേക്കു കയറിയതിനെ തുടർന്ന് എംആർപിഎൽ ഓഹരി 12 ശതമാനം വരെ ഉയർന്നു.

അലൂമിനിയം വില ഉയരുന്നതും യുഎസ് യൂണിറ്റ് നൊവേലിസിൻ്റെ ബിസിനസ് മെച്ചപ്പെടുന്നതും ചൂണ്ടിക്കാട്ടി ഹിൻഡാൽകോയ്ക്ക് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ഡബിൾ അപ്ഗ്രേഡ് നൽകി. ഓഹരി രണ്ടു ശതമാനം വരെ ഉയർന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 96.25 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 96.22 രൂപ വരെ താഴ്ന്നിട്ട് 96.35 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4026 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 1,05,080 രൂപ ആയി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 84.53 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.43 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com