
വിപണി ഉയർന്നു വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്നെങ്കിലും താമസിയാതെ താഴ്ചയിലേക്കു നീങ്ങി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണു വലിയ ഇടിവ് ഉണ്ടായത്. ക്രമേണ ലാർജ് ക്യാപ് ഓഹരികളും താഴ്ന്നു. കുറേ സമയം ചാഞ്ചാടിയിട്ട് മുഖ്യസൂചികകൾ വീണ്ടും ഉയർന്നു.
ഐടിയും ഓയിൽ -ഗ്യാസും ഒഴികെയുള്ള മേഖലകൾ താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളും മീഡിയയും റിയൽറ്റിയും ഓട്ടോയും ഇടിഞ്ഞു.
വാഹനങ്ങൾ, പുകയില ഉൽപന്നങ്ങൾ, കോളകൾ തുടങ്ങിയവയ്ക്കുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കുന്നതടക്കം ജിഎസ്ടി പരിഷ്കാരം ആലോചനയിൽ എന്ന മാധ്യമറിപ്പോർട്ടുകൾ വിപണി താഴുന്നതിൽ പങ്ക് വഹിച്ചു. കോപൻസേഷൻ സെസ് അടുത്ത മാർച്ചിൽ പിൻവലിക്കുന്ന സാഹചര്യത്തിലാണ് നികുതി വർധനയ്ക്കുള്ള നീക്കം.
പ്രതിരോധ ഓഹരികൾ പലതും താഴ്ചയിലായി. ഗാർഡൻ റീച്ച് മൂന്നും മസഗാേൺ ഡോക്ക് നാലും കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടും ശതമാനം താഴ്ന്നു. ഭാരത് ഡൈനമിക്സ് നാലും ഭാരത് എർത്ത് മൂവേഴ്സ് ഒന്നരയും ശതമാനം ഇടിഞ്ഞു.
ജഗ്വാർ ലാൻഡ് റോവർ അടുത്ത പാദങ്ങളിൽ ആദായം ഉണ്ടാക്കാൻ സാധ്യത ഇല്ലെന്ന അനാലിസ്റ്റ് റിപ്പോർട്ടിനെ തുടർന്ന് ടാറ്റാ മോട്ടോഴ്സ് ഓഹരി അഞ്ചു ശതമാനം നഷ്ടത്തിലായി.
ക്രൂഡ് ഓയിൽ വിലയിൽ ആദ്യം ഭയപ്പെട്ടിരുന്ന കുതിപ്പ് ഉണ്ടാകാത്ത സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ചെറിയ നേട്ടത്തിലായി. എച്ച്പിസിഎൽ ഒന്നര ശതമാനം കയറി. ബിപിസിഎലും ഐഒസിയും അര ശതമാനത്തിലധികം ഉയർന്നു.
കീടനാശിനികളും അഗ്രാേകെമിക്കലുകളും നിർമിക്കുന്ന ഭാരത് രസായൻ 12 ശതമാനം കുതിച്ചു. ഒരു മാസത്തിനുള്ളിൽ 15 ശതമാനം ഇടിഞ്ഞ ഓഹരിയാണ് ഇപ്പോൾ തിരിച്ചുകയറിയത്.
ജെപി മോർഗൻ തരം താഴ്ത്തിയതിനെ തുടർന്ന് എച്ച്ഡിഎഫ്സി എഎംസി രണ്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ കൂടി 86.18 രൂപയിൽ വ്യാപാരം ആരംഭിച്ചു. 86.22 രൂപ വരെ കയറിയിട്ട് 86.11 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3434 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 120 രൂപ കുറഞ്ഞ് 74,440 രൂപയായി.
ക്രൂഡ് ഓയിൽ വില സാവകാശം താഴുകയാണ്. 75 ഡോളറിനു മുകളിലായിരുന്ന ബ്രെൻ്റ് ഇനം 74.61 ഡോളറിലേക്കു താഴ്ന്നു.