കയറ്റം കഴിഞ്ഞപ്പോൾ ചാഞ്ചാട്ടം, ഐടി, മീഡിയ, റിയൽറ്റി ഓഹരികള്‍ നേട്ടത്തില്‍; നില മെച്ചപ്പെടുത്തി രൂപ

നിഫ്റ്റി 23,923 ൽ ആരംഭിച്ചിട്ട് 23,955 വരെ ഉയർന്നു. സെൻസെക്സ് 76, 526 ൽ വ്യാപാരം തുടങ്ങിയിട്ട് 76,676 വരെ എത്തി
stock market watching
Image by Canva
Published on

വിപണി ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു കൂടുതൽ ഉയരത്തിലേക്കു കയറി. പിന്നീടു ചാഞ്ചാട്ടമായി. നിഫ്റ്റി 23,923 ൽ ആരംഭിച്ചിട്ട് 23,955 വരെ ഉയർന്നു. സെൻസെക്സ് 76, 526 ൽ വ്യാപാരം തുടങ്ങിയിട്ട് 76,676 വരെ എത്തി. എന്നാൽ ബാങ്ക് നിഫ്റ്റി തുടക്കത്തിൽ കയറിയിട്ടു നഷ്‌ടത്തിലേക്കു മാറി.

ഐടിയും മീഡിയയും റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും മികച്ച മുന്നേറ്റം നടത്തിയപ്പോൾ മെറ്റലും ഹെൽത്ത് കെയറും താഴ്ന്നു.

പോളികാബിന് 10,500 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

ടാറ്റാ കൺസ്യൂമർ പ്രൊഡക്‌ട്സിനു 1450 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി വാങ്ങൽ ശിപാർശ നടത്തി.

പശ്ചിമേഷ്യൻ സമാധാന പ്രഖ്യാപനത്തെ തുടർന്ന് എൽ ആൻഡ് ടിയുടെ റേറ്റിംഗ് പല ബ്രോക്കറേജുകളും ഉയർത്തി. ജെപി മോർഗൻ എൽ ആൻഡ് ടിയുടെ ലക്ഷ്യവില 5060 രൂപയായി നിർണയിച്ചു. ഇതാദ്യമാണ് എൽ ആൻഡ് ടി ഓഹരിക്ക് 5000 രൂപയുടെ മുകളിലുള്ള ലക്ഷ്യവില ആരെങ്കിലും നൽകുന്നത്. പശ്ചിമേഷ്യയിൽ ധാരാളം നിർമ്മാണ കരാറുകൾ എൽ ആൻഡ് ടിക്ക് ഉണ്ട്.

ജിഐസി യുടെ അഞ്ചുശതമാനം ഓഹരി ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നതിന് ഇന്നു തുടക്കമിട്ടു. 352 രൂപയാണ് ഓഹരിക്ക് തറവില നിശ്ചയിച്ചത്. ഓഹരി 5.5 ശതമാനം ഇടിഞ്ഞു.

വലിയ കരാർ ലഭിച്ചതിനെ തുടർന്ന് അരവിന്ദ് സ്മാർട്ട് സ്പേസസ് ഒൻപതു ശതമാനം വരെ ഉയർന്നു.

ഇന്ത്യയുടെ എഐ സ്‌റ്റാർട്ടപ് ആയ സർവം എഐയിൽ 15 കോടി ഡോളർ നിക്ഷേപിക്കാൻ എച്ച്സിഎൽ ടെക് തീരുമാനിച്ചു. സർവത്തിനു 150 കോടി ഡോളർ മൂല്യം കണക്കാക്കിയാണു നിക്ഷേപം. എച്ച്സിഎൽ ടെക് 3.5 ശതമാനം ഉയർന്നു.

ബാങ്ക് ഓഫ് ജപ്പാൻ പലിശകളുടെ അടിസ്ഥാന നിരക്കായ ഏകദിന കോൾ റേറ്റ് ഒരു ശതമാനത്തിലേക്ക് ഉയർത്തി.

രൂപ ഇന്നു രാവിലെ നില കൂടുതൽ മെച്ചപ്പെടുത്തി. ഡോളർ 10 പൈസ താഴ്ന്ന് 94.61 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 94.54 രൂപയിലേക്കു താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4330 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 1,11,000 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം 83 ഡോളറിനു താഴെയായി. ബ്രെൻ്റ് 82.88 ഡോളറിലും ഡബ്ള്യുടിഐ ഇനം 80.61 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com