വിപണി നഷ്‌ടയാത്ര തുടരുന്നു, പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ, ഐടി ഓഹരികള്‍ ഇടിവില്‍, ഓട്ടോയും മെറ്റലും നേട്ടത്തില്‍

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ വർധിച്ച് 95.48 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

വിപണി താഴോട്ടു തന്നെ പോവുകയാണ്. നിഫ്റ്റി 24,300 നും സെൻസെക്സ് 77,700 നും താഴെയായി.

പൊതുമേഖലാ ബാങ്കുകളും ധനകാര്യ, ഐടി, റിയൽറ്റി മേഖലകളും രാവിലെ ഇടിവിലായി. ഓട്ടോയും മെറ്റലും മീഡിയയും ഉയർന്നു.

റോൾസ് റോയ്‌സുമായി സഹകരിച്ച് യുദ്ധവിമാന എൻജിൻ നിർമിക്കാൻ തീരുമാനിച്ച റിലയൻസിൻ്റെ ഓഹരി രാവിലെ താഴ്ന്നു. പുതിയ പദ്ധതിക്കു വളരെ വലിയ മുതൽ മുടക്കു വേണ്ടിവരുമെന്നും അതു കടം വർധിപ്പിക്കും എന്നും വിപണി കരുതുന്നു.

ലാഭവും ലാഭമാർജിനും കുറഞ്ഞ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ രണ്ടു ശതമാനം നഷ്‌ടത്തിലായി.

ക്യൂഐപി വഴി 3000 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ച കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി ആറു ശതമാനം വരെ താഴ്ന്നു.

സാഗ്‌ല പ്രീപെയ്ഡ് വരുമാനം 28 ശതമാനം വർധിച്ചെങ്കിലും ലാഭമാർജിൻ 8.2 ശതമാനമായി കുറഞ്ഞു. അറ്റാദായം ഗണ്യമായി താഴ്ന്നു. കമ്പനി ഈ വർഷത്തെ റവന്യൂ വർധന ലക്ഷ്യം 40 ശതമാനം നിലനിർത്തിയെങ്കിലും ഓഹരി 20 ശതമാനം ഇടിഞ്ഞു.

പുറവങ്കര ബിൽഡേഴ്സ് ജൂൺ പാദത്തിൽ നഷ്‌ടത്തിൽ നിന്നു ലാഭത്തിലേക്കു മാറി. വരുമാനം 61.84 ശതമാനം കൂടി. പ്രീ സെയിൽസ് 28 ശതമാനവും കസ്റ്റമർ കളക്ഷൻ 40 ശതമാനവും വർധിച്ചു. 68.55 കോടി നഷ്ടത്തിനു പകരം 25.53 കോടി അറ്റാദായം ഉണ്ടാക്കി. ഓഹരി രാവിലെ 12 ശതമാനം കുതിച്ചു.

ഷ്‌നൈഡർ ഇലക്ട്രിക് ജൂൺ പാദത്തിൽ വരുമാന വർധനയിൽ പിന്നിലായി, ലാഭം കുത്തനേ ഇടിഞ്ഞു. വരുമാന വർധന 4.72 ശതമാനം. അറ്റാദായം 69.84 ശതമാനം കുറഞ്ഞ് 12.44 കോടി രൂപയായി. ഓഹരി 13 ശതമാനം ഇടിഞ്ഞു.

വരുമാനം 24.4 ശതമാനം വർധിച്ചപ്പോൾ ഫിസിക്സ് വാല ഒന്നാം പാദ നഷ്‌ടം 31 ശതമാനം കുറച്ചു. ഓഹരി രാവിലെ എട്ടു ശതമാനം ഉയർന്നു.

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ വർധിച്ച് 95.48 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.61 രൂപയായി.

സ്വർണം ലോകവിപണിയിൽ .ഔൺസിന് 4397 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ 1,12,120 രൂപ ആയി.

രാവിലെ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 88.93 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.58 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com