
വിപണി കൂടുതൽ താഴോട്ടു നീങ്ങുകയാണ്. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ വീഴ്ചയ്ക്കു മുന്നിൽ നിൽക്കുന്നു.
വിദേശനിക്ഷേപകർ ഇന്ത്യ വിട്ട് അമേരിക്കയിലേക്കു നീങ്ങുന്നു. ഇന്ത്യയടക്കമുള്ള വികസ്വര വിപണികളിൽ നിക്ഷേപിക്കാൻ ആ സ്ഥാപനങ്ങൾക്കു പണം ലഭിക്കുന്നില്ല. അതാണു വിപണിയിലെ വിഷയം.
ഇന്നും തുടക്കം താഴ്ചയോടെ ആയിരുന്നു. പിന്നീടു മുഖ്യ സൂചികകൾ മുക്കാൽ ശതമാനം നഷ്ടത്തിലായി.
നിഫ്റ്റി 22,800 നും സെൻസെക്സ് 75,500 നും താഴെ ആയി.
ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും രാവിലെ താഴ്ന്നു. ഐടി, വാഹന, റിയൽറ്റി സൂചികകളാണു കൂടുതൽ താഴ്ന്നത്. ഐടി സൂചികയിലെ 10 ഓഹരികളും വലിയ താഴ്ചയിലാണ്. കോഫോർജ് 3.6 ഉം പെർസിസ്റ്റൻ്റ് 2.9 ഉം ശതമാനം ഇടിഞ്ഞു. ഇൻഫി ഒന്നരയും ടിസിഎസ് ഒന്നും ശതമാനം ഇടിഞ്ഞു.
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം താഴ്ചയിലാണ്.
കിട്ടാക്കടങ്ങൾ വർധിച്ചു നഷ്ടത്തിലായ ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 10 ശതമാനം താഴ്ചയിലായി.
ഇലക്ട്രിക് എസ്‌യുവികൾക്കു വലിയ ബുക്കിംഗ് ആദ്യ ദിവസം ഉണ്ടായെങ്കിലും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി നാലു ശതമാനം താഴ്ന്നു.
മൂന്നാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് സെൻ ടെക്നോളജീസ് ഓഹരി 20 ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കുറഞ്ഞ് 86.69 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.77 രൂപയായി. ഡോളർ സൂചിക 106.70 ലാണ്.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2903 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ കൂടി 63,520 രൂപ ആയി.
ക്രൂഡ് ഓയിൽ വില താഴ്ന്നു നീങ്ങുന്നു. ബ്രെൻ്റ് ഇനം ബാരലിന് 74.75 ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine