താഴ്ചയിൽ നിന്നു കയറി വിപണി; ഐ.ടിയിൽ കാഴ്ചപ്പാട് മാറുന്നു, ഇൻഫോസിസ്, കോഫോർജ് നേട്ടത്തില്‍; മെറ്റൽ ഓഹരികൾ ഇടിവില്‍

രൂപ ഇന്നും ദുർബലമായി. ഡോളർ നാലു പൈസ കൂടി 90.69 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി രാവിലെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് പിന്നീടു നഷ്‌ടം കുറച്ചു. സെൻസെക്സ് നേട്ടത്തിലായെങ്കിലും നിഫ്റ്റി നഷ്ടത്തിൽ തുടർന്നു.

ഇന്ത്യൻ ഐടി കമ്പനികൾ നിർമിതബുദ്ധി കമ്പനികളുമായി സഹകരണ കരാറുകൾ ഉണ്ടാക്കുന്നത് ഐടി മേഖലയെപ്പറ്റിയുള്ള കാഴ്ചപ്പാട് തിരുത്തി.

സെൻസെക്സ് രാവിലെ 82,987 വരെ ഇടിഞ്ഞ ശേഷം 83,340 വരെ കയറി. നിഫ്റ്റി 25,570 വരെ താഴ്ന്നിട്ട് 25,675 വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി രാവിലെ 0.65 ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു.

5000 കോടി രൂപയുടെ അഞ്ചു നാവികസർവേ കപ്പലുകൾ നിർമിക്കാനുള്ള കരാർ ഉറപ്പായ കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ ഓഹരി രാവിലെ ആറു ശതമാനം കുതിച്ചു.

ഐടി മേഖല ഇന്നു നേട്ടത്തിലാണ്. ആന്ത്രോപിക് എഐയുമായി സഹകരണ കരാർ ഒപ്പുവച്ചതിനെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു. മറ്റു കമ്പനികളും എഐ കൂട്ടുകെട്ടിന് ഒരുങ്ങുകയാണ്. കോഫോർജ്, പെർസിസ്റ്റൻ്റ് സിസ്റ്റംസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് തുടങ്ങിയവ മൂന്നു ശതമാനം വരെ കയറി. കുറേ ആഴ്ചകളായി ഇടിവിലായിരുന്ന ഐടി സേവന കമ്പനികളിൽ ഇന്നു ഫണ്ടുകൾ വാങ്ങലിനു തിടുക്കം കൂട്ടി.

മെറ്റൽ ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഹിൻഡാൽകോ, നാൽകോ, ഹിന്ദുസ്ഥാൻ സിങ്ക്, വേദാന്ത, എൻഎംഡിസി, ഹിന്ദുസ്ഥാൻ കോപ്പർ, സെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവ രണ്ട ശതമാനം വരെ താഴ്‌ന്നു.

മുംബൈ റെയിലിൽ നിന്നു വലിയ കരാർ ലഭിച്ച ടെക്‌സ്മാകോ റെയിൽ രാവിലെ പത്തു ശതമാനം ഉയർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഇടിവിലായിരുന്ന ശക്തി പമ്പ്‌സ് ഇന്നു രാവിലെ രണ്ടര ശതമാനം ഉയർന്നു. ആറു മാസം കൊണ്ട് 34 ശതമാനം ഇടിഞ്ഞതാണ് ഓഹരി.

എൽ ആൻഡ് ടിക്ക് 4842 രൂപ ലക്ഷ്യവില നിശ്ചയിച്ച സിഎൽഎസ്എ വാങ്ങൽ ശിപാർശയും നൽകി.

ടാറ്റാ മോട്ടോഴ്‌സ് സിവിക്ക് എച്ച്എസ്ബിസി 534 രൂപ ലക്ഷ്യവില നിർണയിച്ചു.

ഫോർട്ടിസ് ഹെൽത്ത് കെയർ ഓഹരിക്കു സിറ്റി 1120 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ റേറ്റിംഗ് സിറ്റി താഴ്‌ത്തിയതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു സർവകാല താഴ്ചയിൽ എത്തി.

രൂപ ഇന്നും ദുർബലമായി. ഡോളർ നാലു പൈസ കൂടി 90.69 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 90.76 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4950 ഡോളറിലാണ്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1120 രൂപ കുറഞ്ഞ് 1,13,60,0 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,53,959 രൂപ വരെ കയറിയിട്ട് 1,53,680 ലേക്കു താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 75.18 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,35,142 രൂപ വരെ താഴ്ന്നു.

ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.39 ഡോളറിലേക്കു താഴ്‌ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com