
വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ താഴ്ന്നു. പശ്ചിമേഷ്യൻ യുദ്ധത്തേക്കാൾ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കമ്പനികളുടെ ലാഭവർധന കുറയുന്നതിലെ ആശങ്കയുമാണ് സൂചികകളെ താഴ്ത്തിയത്. ജൂണിൽ അവസാനിക്കുന്ന പാദത്തിൽ കമ്പനികളുടെ ലാഭവളർച്ച ഒറ്റയക്കത്തിൽ ഒതുങ്ങും എന്നു പലരും വിലയിരുത്തുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 75-ഉം സെൻസെക്സ് 250-ഉം പോയിൻ്റ് താഴ്ന്നു നിൽക്കുന്നു.
റിയൽറ്റി, ബാങ്കുകൾ, ഐടി, മീഡിയ മേഖലകൾ ഇന്നു നേട്ടത്തിലാണ്. ഫാർമ, ഹെൽത്ത് കെയർ, ഓട്ടോ, മെറ്റൽ മേഖലകൾ താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കയറ്റത്തിലാണ്.
വിശാൽ മെഗാ മാർട്ടിലെ പ്രൊമോട്ടർ ഇരുപതു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഓഹരി ഏഴര ശതമാനം ഇടിഞ്ഞു. പ്രൊമോട്ടർക്ക് ഇതുവരെ 75 ശതമാനം ഓഹരി ഉണ്ടായിരുന്നു. വിപണിവിലയിൽ നിന്നു 12 ശതമാനം താഴ്ത്തിയാണ് വിൽപന.
തൻല പ്ലാറ്റ്ഫോംസ് ഓഹരി ഒന്നിന് 875 രൂപവച്ച് 175 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചു. ഓഹരി ഏഴു ശതമാനം ഉയർന്നു.
ഇറക്കുമതി ഭീഷണിയിൽ നിന്നു സ്റ്റീൽ വ്യവസായത്തിനു രക്ഷ നൽകാൻ സ്റ്റീലിൻ്റെ സേഫ്ഗാർഡ് ഡ്യൂട്ടി 12-ൽ നിന്ന് 24 ശതമാനം ആക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ സംഖ്യ ഓഹരികളുടെ കൈമാറ്റവും ഓഹരിവിലയ്ക്ക് കുതിപ്പും ഉണ്ടായ സുബ്രോസ് ഇന്നും നല്ല കയറ്റത്തിലാണ്. അഞ്ചു ദിവസം കൊണ്ട് 33 ശതമാനം ഉയർന്ന ഓഹരി മാർച്ചിലെ താഴ്ന്ന നിലയിൽ നിന്ന് ഇരട്ടിച്ച് 1070 രൂപയിൽ എത്തി.
സ്റ്റെർലൈറ്റ് ടെക്‌നോളജീസ് ഓഹരി ഇന്ന് 13 ശതമാനം കുതിച്ചു. ഡാറ്റാ സെൻ്ററുകൾക്കാവശ്യമായ ടെക്നോളജിയും സേവനങ്ങളും നൽകുന്ന ഡാറ്റാ സെൻ്റർ സൊലൂഷൻസ് കമ്പനി അവതരിപ്പിച്ചു. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് ഓഹരി 50 ശതമാനം ഉയർന്നിട്ടുണ്ട്.
രൂപ ഇന്ന് കൂടുതൽ കരുത്തു കാണിച്ചു. ഡോളർ 10 പൈസ കുറഞ്ഞ് 85.97 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.90 രൂപ വരെ താഴ്ന്നിട്ട് 86.02 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ താഴോട്ടു നീങ്ങുകയാണ്. രാവിലെ ഔൺസിന് 3400 ഡോളർ വരെ ഉയർന്ന സ്വർണം പിന്നീട് 3385 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 800 രൂപ കുറഞ്ഞ് 73,600 രൂപയായി.
ക്രൂഡ് ഓയിൽ വില ചാഞ്ചാടുകയാണ്. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ഉയർന്ന വില പിന്നീടു ഗണ്യമായി താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിന് 73.57 ഡോളർ ആയി.