

തുടക്കത്തിൽ ചാഞ്ചാടിയ വിപണി പിന്നീടു മികച്ച മുന്നേറ്റത്തിലേക്കു മാറി. വിദേശ നിക്ഷേപകർ ബാങ്ക് ഓഹരികളിൽ താല്പര്യമെടുത്തതും ക്രൂഡ് ഓയിൽ വിലയിടിവും ഓഹരികളെ ഉയർത്തി.
സെൻസെക്സ് 84,453 ഉം നിഫ്റ്റി 25,385 ഉം വരെ കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു നല്ല മുന്നേറ്റം നടത്തി.
ബാങ്ക് നിഫ്റ്റി ഇന്നു രാവിലെ റെക്കോർഡ് തിരുത്തി. ഫെബ്രുവരി മൂന്നിന് എത്തിയ 61,764 മറികടന്ന സൂചിക 62,222 വരെ കയറി. ഫെബ്രുവരി മൂന്നിൽ നിന്ന് ഏപ്രിൽ രണ്ടു വരെയുള്ള രണ്ടു മാസം കൊണ്ട് ബാങ്ക് നിഫ്റ്റി 20 ശതമാനം ഇടിഞ്ഞ് 49,954 വരെ താഴ്ന്നു. അവിടെ നിന്നാണ് ഇപ്പോഴത്തെ മുന്നേറ്റം. 22 ശതമാനം കയറ്റത്തിൽ 12 ശതമാനവം ഈ നവംബറിലാണ്. പഞ്ചാബ് നാഷണൽ ബാങ്ക് അഞ്ചും കനറാ ബാങ്ക് നാലും ശതമാനത്തോളം ഉയർന്നു. എസ്ബിഐ രണ്ടും ഐസിഐസിഐ ഒന്നും ശതമാനം കയറി.
ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യണമെന്നു റിസർവ് ബാങ്ക് വീണ്ടും നിർദേശിച്ച സാഹചര്യത്തിൽ ടാറ്റാ കെമിക്കൽസ് എട്ടു ശതമാനം ഉയർന്നു. ടാറ്റാ സൺസിൽ ടാറ്റാ കെമിക്കൽസിന് 2.53 ശതമാനം ഓഹരി ഉണ്ട്. ലിസ്റ്റ് ചെയ്താൽ അതിൻ്റെ മൂല്യം ഗണ്യമായി കൂടുന്നതു ടാറ്റാ കെമിക്കൽസിൻ്റെ ബുക്ക് വാല്യു ഉയർത്തും. ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ ഇൻഡസ്ട്രീസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ കൺസ്യൂമർ, ടാറ്റാ ഇൻ്റർനാഷണൽ, ടാറ്റാ ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ എന്നിവയ്ക്കും ടാറ്റാ സൺസിൽ ഓഹരി ഉണ്ട്.
രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 20 പൈസ കുറഞ്ഞ് 93.72 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 93.63 രൂപയായി താഴ്ന്നു.
ലോക വിപണിയിൽ സ്വർണം കയറുകയാണ്. രാവിലെ സ്വർണം ഔൺസിനു 3875 ഡോളർ വരെ ഉയർന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയിൽ എത്തി. മാര്ച്ചിന് ശേഷം ആദ്യമാണു പവൻ ഒരു ലക്ഷം രൂപയ്ക്കു താഴെ വരുന്നത്.
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 91.63 ഡോളറും ഡബ്ള്യുടിഐ ഇനം 84.97 ഡോളറും ആയി.
Read DhanamOnline in English
Subscribe to Dhanam Magazine