

വിദേശ ആകുലതകൾ മൂലം താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി താമസിയാതെ ദീപാവലി ആഘോഷത്തിലേക്കു മാറി. സൂചികകൾ നഷ്ടത്തിൽ നിന്നു നേട്ടത്തിലേക്കു തിരിഞ്ഞു. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി 25,650 നും സെൻസെക്സ് 83,800 നും മുകളിലാണ്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി നിഫ്റ്റി. ബാങ്ക് നിഫ്റ്റി സർവകാല റെക്കോർഡിൽ നിന്നു 100 പോയിൻ്റ് മാത്രം അകലെ എത്തി.
ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ ഇന്നു മികച്ച മുന്നേറ്റത്തിലാണ്. ജിഎസ്ടി കുറച്ചത് വിൽപന ഗണ്യമായി വർധിപ്പിച്ചു എന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണു കയറ്റം.
ഐടി കമ്പനികൾ ഇന്നു താഴ്ചയിലായി. മോശമായ രണ്ടാം പാദ ഫലങ്ങളും അമേരിക്കൻ വിപണിയിലെ ക്ഷീണവും ഇടിവിനു വഴിതെളിച്ചു. വിപ്രോ നാലരയും ഇൻഫോസിസ് ഒന്നരയും കോഫോർജ് രണ്ടരയും എംഫസിസ് രണ്ടും എച്ച്സിഎൽ ടെക് രണ്ടും ടെക് മഹീന്ദ്ര ഒന്നും പെർസിസ്റ്റൻ്റ് 1.25 ഉം ശതമാനം താഴ്ന്നു.
രണ്ടാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് എൻ്റർടെയ്ൻമെൻ്റ് മൂന്നു ശതമാനം താഴ്ന്നു.
മികച്ച റിസൽട്ടും ഉയർന്ന വരുമാന പ്രതീക്ഷയും അവതരിപ്പിച്ച സിഐഇ ഓട്ടാേമോട്ടീവ് ഇന്ത്യ ഓഹരി ആറു ശതമാനം കുതിച്ചു.
സ്വർണ വില കയറുന്ന സാഹചര്യത്തിൽ മുത്തൂറ്റ് ഫിനാൻസ് മൂന്നു ശതമാനത്തോളം ഉയർന്നു.
സൊമാറ്റാേയുടെ മാതൃകമ്പനി എറ്റേണലിൻ്റെ റിസൽട്ടിനെപ്പറ്റി ബ്രോക്കറേജുകൾ ഭിന്ന നിലപാട് എടുത്തു. വരുമാനം മൂന്നു മടങ്ങായപ്പോൾ ലാഭം 63 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്കയും യുബിഎസും ലക്ഷ്യവില 400 രൂപയാക്കി വാങ്ങൽ ശിപാർശ നൽകി. എംകേ ലക്ഷ്യവില 430 രൂപയാക്കി. മക്കാറീ ലക്ഷ്യവില 200 രൂപയായി കുറച്ചു. ഓഹരി ഇന്ന് രണ്ടര ശതമാനം താഴ്ന്ന് 340 രൂപയായി.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഇന്നലെ 87.82 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ 87.76 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 98.19 ലേക്കു കുറഞ്ഞതും രൂപയ്ക്കു സഹായകമായി. വ്യാപാരം പുരോഗമിച്ചപ്പോൾ ഡോളർ 87.85 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് ഇന്നു രാവിലെ വലിയ ഇടപെടൽ നടത്തിയില്ല.
സ്വർണം ലോക വിപണിയിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. രാവിലെ 4380 വരെ ഉയർന്ന സ്വർണം 4278 വരെ താഴ്ന്നു. പിന്നീട് കയറി 4365 ഡോളർ ആയി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2840 രൂപ കുതിച്ച് 97,360 രൂപ എന്ന റെക്കോർഡിൽ എത്തി. പവൻവില ഒരു ദിവസം ഇത്ര കണ്ടു വർധിക്കുന്നത് ഇതാദ്യമാണ്. 2640 രൂപ കൂടി വർധിച്ചാൽ പവൻ ഒരു ലക്ഷം രൂപയിൽ എത്തും.
ക്രൂഡ് ഓയിൽ വില താഴ്ന്ന ശേഷം ചെറിയ കയറ്റിറക്കത്തിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 61.05 ഡോളർ വരെ ഉയർന്നു.
Stock market midday update on 17 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine