

നികുതിയിളവിൻ്റെയും റേറ്റിംഗ് ഉയർത്തലിൻ്റെയും ആവേശത്തിൽ ഇന്ത്യൻ വിപണി ഇന്നു രാവിലെ കുതിച്ചു കയറി. മുഖ്യസൂചികകൾ ഒരു ശതമാനം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ട് വീണ്ടും കയറി.
വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുൻപ് നിഫ്റ്റി 25,000- വും സെൻസെക്സ് 81,750 - ഉം കടന്നു. നിഫ്റ്റി 1.55 ശതമാനം കുതിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഒരു ശതമാനത്തിലധികം ഉയർന്നു.
വാഹന, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി കമ്പനികളാണു കുതിപ്പിനു മുന്നിൽ നിന്നത്. നികുതി കുറയുമ്പോൾ അവയുടെ ഉൽപന്നങ്ങൾക്കു വില ഗണ്യമായി കുറയുകയും വിൽപന ഉയരുകയും ചെയ്യും. നിഫ്റ്റി ഓട്ടോ സൂചിക നാലു ശതമാനത്തിലധികം കുതിച്ചു.
മാരുതി സുസുകി, അശോക് ലെയ്ലൻഡ്, ഹീറോ മോട്ടോർ കോർപ്, ടിവിഎസ് മോട്ടോർ, ഹ്യൂണ്ടായ് മോട്ടോർ, വോൾട്ടാസ്, പിജി ഇലക്ട്രോ പ്ലാസ്റ്റ്, ബ്ലൂ സ്റ്റാർ, അംബർ എൻ്റർപ്രൈസസ് തുടങ്ങിയവ ഏഴു ശതമാനത്തിലധികം ഉയർന്നു.
എഫ്എംസിജി കമ്പനികളും നല്ല മുന്നേറ്റം നടത്തി. ഹിന്ദുസ്ഥാൻ യൂണിലീവർ, ഡാബർ, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയവ നാലു ശതമാനം കുതിച്ചു.
റേറ്റിംഗ് ഉയർത്തിയത് ബാങ്കുകളെയും ധനകാര്യ കമ്പനികളെയും നേട്ടത്തിലാക്കി. ബജാജ് ഫിനാൻസ് 6.5 ഉം എൽ ആൻഡ് ടി ഫിനാൻസ് നാലും ശതമാനം കുതിച്ചു.
ജിഎസ്ടി പരിഷ്കാരം ഒന്നര ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നാണു നിഗമനം. ഇതിൽ പകുതി സംസ്ഥാനങ്ങൾക്കു വരുന്ന നഷ്ടമാണ്.
രൂപ ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കുറഞ്ഞ് 87.46 രൂപയിൽ ഓപ്പൺ ചെയ്തു. ക്രെഡിറ്റ് റേറ്റിംഗ് ഉയർന്നതിൻ്റെ ഉണർവ് രൂപ പ്രകടിപ്പിച്ചു. പിന്നീടു ഡോളർ 87.38 രൂപയിലേക്കു താഴ്ന്നിട്ട് 87.44 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 0.40 ശതമാനം ഉയർന്ന് ഔൺസിന് 3348 ഡോളറിൽ എത്തി. യുക്രെയ്ൻ സമാധാനചർച്ച ഫലപ്രദമാകില്ല എന്ന കാഴ്ചപ്പാടാണ് സ്വർണവിപണിയിൽ ഉള്ളത്. കേരളത്തിൽ 22 കാരറ്റ് സ്വർണം വില മാറ്റമില്ലാതെ പവന് 74,200 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില അൽപം ഉയർന്നിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.77 ഡോളർ ആയി.
Stock market midday update on 18 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine