

വിപണി വീണ്ടും താഴ്ചയിലേക്കു നീങ്ങുകയാണ്. തുടക്കത്തിൽ ചാഞ്ചാടിയ ശേഷം വിപണി ക്രമമായി താഴ്ന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുന്നതിനു മുൻപ് നിഫ്റ്റി 90 പോയിൻ്റ് നഷ്ടത്തിലായി. സെൻസെക്സ് 82,000 നു താഴെ എത്തി.
ബാങ്ക്, ധനകാര്യ ഓഹരികളും ഇന്നു നല്ല താഴ്ചയിലാണ്. തുടക്കത്തിൽ ഉയർന്നു നീങ്ങിയ മിഡ് ക്യാപ് 100 സൂചികയും നഷ്ടത്തിലേക്കു മാറി.
പ്രശ്നകടങ്ങൾ വർധിച്ചതിനെ തുടർന്നു വകയിരുത്തൽ കൂടുകയും ലാഭം കുറയുകയും ചെയ്ത ആക്സിസ് ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു. '
നുവാമ ലക്ഷ്യവില 6030 രൂപയാക്കി ഉയർത്തിയ എച്ച്ഡിഎഫ്സി എഎംസി രണ്ടു ശതമാനത്തോളം ഉയർന്നു.
ഒന്നാം പാദ വരുമാനം കുറവായിട്ടും റൂട്ട് മൊബൈൽ ഓഹരി വില മൂന്നു ശതമാനത്തോളം കയറി..
ഡാറ്റാ വരുമാനം അടക്കം റവന്യൂവിൽ നല്ല വളർച്ച കാണിക്കുകയും കട ബാധ്യത കുറയ്ക്കുകയും ചെയ്ത ടാറ്റാ കമ്യൂണിക്കേഷൻസ് ഓഹരി നാലു ശതമാനം മുന്നേറി.
വിറ്റുവരവ് 8.58 ശതമാനം കൂടുകയും നഷ്ടം 30 ശതമാനം കുറയ്ക്കുകയും ചെയ്ത ഷോപ്പേഴ്സ് സ്റ്റോപ്പ് അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ദീർഘകാല ചെയർമാൻ ബി.എസ്. നാഗേഷ് മാറി. പകരം ഗ്രേ ഗ്രൂപ്പ് എന്ന പരസ്യ ഏജൻസിയുടെ ഇൻ്റർനാഷണൽ പ്രസിഡൻ്റ് നിർവിക് സിംഗ് ചെയർമാനായി.
മികച്ച റിസൽട്ടിനെ തുടർന്ന് ഇന്നലെ 20 ശതമാനം കുതിച്ച ലെ ട്രെവന്യൂ ടെക് ഇന്നു മൂന്നു ശതമാനം താഴ്ന്നു.
തിളക്കമില്ലാത്ത ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് എൽ ആൻഡ് ടി മൈൻഡ്ട്രീ രണ്ടു ശതമാനം ഇടിഞ്ഞു.
സിമൻ്റ് വിൽപനയുടെ അളവ് ആറു ശതമാനം വർധിപ്പിച്ച നുവാേകോ വിസ്താസ് ഓഹരി ഏഴു ശതമാനം കുതിച്ചു.
രൂപ ഇന്നും താഴ്ന്നു. ഡോളർ അഞ്ചു പൈസ കൂടി 86.13 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.00 രൂപയിലേക്കു താഴ്ന്നിട്ട് 86.12 ൽ തിരിച്ചെത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3336 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 40 രൂപ കൂടി 72,880 രൂപയായി.
ക്രൂഡ് ഓയിൽ വില സാവധാനം താഴുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 69.41 ഡോളർ ആയി കുറഞ്ഞു.