
വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം നേട്ടത്തിലേക്കു മാറി. ചാെവ്വാഴ്ചത്തെ നഷ്ടം നികത്തുന്ന തിരിച്ചു കയറ്റത്തിനാണു വിപണി രാവിലെ സൂചന നൽകിയത്. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യ സൂചികകൾ കാൽ ശതമാനം ഉയർന്നിട്ടുണ്ട്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ചെറിയ മുന്നേറ്റമേ രാവിലെ കാഴ്ചവച്ചുള്ളൂ.
ഐടി, മെറ്റൽ, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലായി. വാഹന കമ്പനികളാണ് നേട്ടത്തിനു മുന്നിൽ നിന്നത്.
എൻഎസ്ഇയുടെ എഫ് ആൻഡ് ഒ കാലാവധിയാകൽ ചൊവ്വാഴ്ചയിലേക്കു മാറ്റാൻ സെബി അനുവദിച്ചു. ഇത് ബിഎസ്ഇക്ക് അടുത്ത കാലത്ത് ഇക്കാര്യത്തിൽ ഉണ്ടായിരുന്ന മുൻതൂക്കം ഇല്ലാതാക്കുന്നതാണ്. ബിഎസ്ഇ ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് ഓഹരി ആറു ശതമാനം താഴ്ന്നു. കമ്പനിയുടെ 1.7 ശതമാനം ഓഹരി ബൾക്ക് വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടു. പ്രൊമോട്ടർമാരായ വേദാന്ത ഗ്രൂപ്പ് ആണു വിറ്റത്. കമ്പനി 12,000 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കും. ഇതിൽ 6000 കോടി രൂപ ഓഹരിയായും ബാക്കി കടമായും സമാഹരിക്കും.
നൊമുറ സെക്യൂരിറ്റീസ് നല്ല ശിപാർശ നൽകിയതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ആറു ശതമാനം ഉയർന്നു. ബാങ്കിൽ പ്രൊമോട്ടർമാരായ ഹിന്ദുജ കുടുംബം ഓഹരി വർധിപ്പിക്കുന്നതും നഷ്ടം മുഴുവൻ ഈ വർഷം എഴുതിത്തള്ളുന്നതും ബാങ്കിനു പോസിറ്റീവ് കാര്യങ്ങളായി നൊമുറ ചൂണ്ടിക്കാട്ടി. ലക്ഷ്യവില 1050 രൂപയായി ഉയർത്തിയിട്ടുണ്ട്.
റബർ വില കുറയുന്നതടക്കമുള്ള കാര്യങ്ങൾ സിയറ്റിനു നേട്ടമാകുമെന്നു നുവാമ വിലയിരുത്തി. സിയറ്റിന് 3800 രൂപ ലക്ഷ്യവിലയും നിശ്ചയിച്ചു. ഓഹരി രണ്ടു ശതമാനത്തോളം കയറി.
രൂപ ഇന്നും ദുർബലമായി. ഡോളർ 13 പൈസ കൂടി 86.37 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.27 രൂപ വരെ താഴ്ന്നിട്ട് 86.32 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ചാഞ്ചാടുകയാണ്. ഔൺസിന് 3388 ഡോളർ വരെ വില കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ വർധിച്ച് 74,000 രൂപ ആയി..
ക്രൂഡ് ഓയിൽ വില ചെറിയ തോതിൽ കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 76.78 ഡോളർ വരെ എത്തി.