

ദുർബലമായ തുടക്കത്തിനു ശേഷം കുറേ സമയം ചാഞ്ചാട്ടം നടത്തിയ ശേഷം ഇന്ത്യൻ വിപണി ഉയരത്തിലേക്കു നീങ്ങി. ബാങ്ക് നിഫ്റ്റിയും തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം നല്ല നേട്ടത്തിലായി.
ആപ്പിൾ ഉൽപന്നങ്ങൾക്കു വില കൂട്ടുന്നു എന്ന റിപ്പോർട്ട് ആപ്പിൾ ഡിസ്ട്രിബ്യൂട്ടർ ആയ റെഡിംഗ്ടൺ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഐപിഒ നടത്തുമ്പോൾ തങ്ങളുടെ കൈയിലുള്ള ഓഹരിയിൽ ഒരു ഭാഗം വിൽക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരി 12.5 ശതമാനം കുതിച്ചു. ന്യൂ ഇന്ത്യ അഷ്വറൻസും നാഷണൽ ഇൻഷ്വറൻസും എൻഎസ്ഇയിലെ ഓഹരിയിൽ ഒരു പങ്ക് ഐപിഒയിൽ വിൽക്കുന്നുണ്ട്.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി അടുത്ത മാസം പ്രാബല്യത്തിൽ വരുന്നതിൻ്റെ പേരിൽ വസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്‌സ്പോർട്സ്, എസ്പി അപ്പാരൽസ്, അരവിന്ദ്, ട്രൈഡൻ്റ്, വെൽസ്പൺ ലിവിംഗ്, മദ്യ കമ്പനികളായ റാഡികോ ഖെയ്താൻ, യുനൈറ്റഡ് സ്പിരിറ്റ്സ്, തിലക്നഗർ ഇൻഡസ്ട്രീസ് തുടങ്ങിയവ മികച്ച മുന്നേറ്റം നടത്തി.
വേദാന്ത അലൂമിനിയത്തിന് സിറ്റി ഗ്രൂപ്പ് 560 രൂപയും കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് 600 രൂപയും ലക്ഷ്യവില നിശ്ചയിച്ചു വാങ്ങൽ ശിപാർശ നൽകി.
റിലയൻസ് ഓഹരിക്ക് ഔട് പെർഫോം റേറ്റിംഗ് നൽകിയ സിഎൽഎസ്എ 1800 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
ടാറ്റാ കമ്യൂണിക്കേഷനു 2600 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
ഡിക്സൺ ടെക്നോളജീസിന് മക്കാറീ 15,000 രൂപ ലക്ഷ്യവില നിർണയിച്ചു
രൂപ ഇന്നു ദുർബലമായി. ഡോളർ 13 പൈസ കയറി 94.66 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.70 രൂപയിലേക്കു കയറിയിട്ടു 94.39 രൂപ വരെ താഴ്ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4320 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,10,800 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം 77.97 ഡോളറിലും ഡബ്ള്യുടിഐ ഇനം 75.00 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine