

യുദ്ധഭീതിയിൽ വിപണി വലിയ തകർച്ചയിലാണ്. ഐടി ഒഴികെ എല്ലാ മേഖലകളും ഇടിഞ്ഞു. ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സ് 1000ലധികം പോയിൻ്റ് നഷ്‌ടത്തിലായി. ക്രൂഡ് ഓയിൽ വിലയിലെ വലിയ കയറ്റവും രൂപയുടെ ഇടിവും തകർച്ചയുടെ ആക്കം കൂട്ടി.
മുഖ്യ സൂചികകൾ 1.3 ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ് 1.75 ശതമാനവും സ്മോൾ ക്യാപ് രണ്ടു ശതമാനവും താഴ്ചയിലായി.
മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ടാറ്റാ സ്റ്റീലിൻ്റെ ലക്ഷ്യവില 225 രൂപയായി സിഎൽഎസ്എ നിർണയിച്ചു. ഓഹരിയിൽ തുടരാനും ശിപാർശ ചെയ്തു. 220 രൂപ ലക്ഷ്യവില കണ്ട ജെപി മോർഗൻ ന്യൂട്രൽ ശിപാർശയാണു നൽകിയത്. 200 രൂപ നിശ്ചയിച്ച സിറ്റി വില്പന ശിപാർശ ചെയ്തു. 275 രൂപ ലക്ഷ്യമിട്ട ജെഫറീസ് വാങ്ങൽ ശിപാർശ ചെയ്തു. 218 രൂപ വില നിർണയിച്ച ഗോൾഡ്മാൻ സാക്സ് ന്യൂട്രൽ ശിപാർശ നൽകി. മോർഗൻ സ്റ്റാൻലിയുടെ ലക്ഷ്യവില 215 രൂപയാണ്. ടാറ്റാ സ്‌റ്റീൽ ഓഹരി ആറു ശതമാനത്തോളം താഴ്ന്നു.
നാലാംപാദ ലാഭം ഗണ്യമായി വർധിപ്പിക്കുകയും 2026-27 വരുമാന-ലാഭ ലക്ഷ്യങ്ങൾ ഉയർത്തുകയും ചെയ്ത ജെഎസ്ഡബ്ള്യു സ്റ്റീലിന് ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. 1650 രൂപയായി ലക്ഷ്യവില ഉയർത്തി.
പ്രതീക്ഷയിലും മോശമായ നാലാം പാദത്തെ തുടർന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇിക്വിറ്റീസ് കൊച്ചിൻ ഷിപ് യാർഡിന് വിൽപന ശിപാർശ നൽകി. 830 രൂപയാണു ലക്ഷ്യവില നിശ്ചയിച്ചത്. ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
നാലാം പാദ റിസൽട്ടിനെ തുടർന്ന് വോഡഫോൺ ഐഡിയ ഓഹരി താഴ്ന്നു. ഓഹരിക്ക് സിറ്റി 14 രൂപയും യുബിഎസ് 12.40 രൂപയും ലക്ഷ്യവില നിശ്ചയിച്ചു. മക്കാറീ ഒൻപതു രൂപയാണു കാണുന്നത്. ഓഹരി അര ശതമാനം താഴ്ന്നു.
അടുത്ത പാദങ്ങളിൽ ലാഭം കുറയുമെന്ന മുന്നറിയിപ്പ് നൽകിയ ആംബർ ഇൻഡസ്ട്രീസ് ഓഹരി രാവിലെ 10 ശതമാനം ഇടിഞ്ഞു.
വിദേശ പങ്കാളി പ്രൂഡൻഷ്യൽ വിറ്റു മാറുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഓഹരി എട്ടു ശതമാനം നഷ്ടത്തിലായി.
ക്രൂഡ് ഓയിൽ വില 111 ഡോളർ കടന്നതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
രൂപ ഇന്നു രാവിലെ 0.21 ശതമാനം താഴ്ന്നു. ഡോളർ 20 പൈസ കൂടി 96.17 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 96.12 രൂപയിൽ എത്തിയിട്ട് 96.24 രൂപയിലേക്കു കയറി. ഡോളർ താമസിയാതെ 100 ഡോളറിൽ എത്തുമെന്നാണു വിപണിയുടെ നിഗമനം.
സ്വർണം ആഗോള വിപണിയിൽ ഔൺസിന് 4542 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ ഉയർന്നു നിൽക്കുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 111.32 ഡോളറിലും ഡബ്ള്യുടിഐ ഇനം 107.78 ഡോളറിലും എത്തി.