ആഗോള പ്രവണതകൾ വിപണിയെ വലിച്ചു താഴ്ത്തുന്നു; സെയിൽ, ടാറ്റാ സ്റ്റീൽ, പേയ്ടിഎം നഷ്ടത്തില്‍, മുന്നേറ്റവുമായി ഫെഡറൽ ബാങ്ക്

ബാങ്ക് നിഫ്റ്റി അടക്കം എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്
stock market
Image courtesy: Canva
Published on

ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു രാവിലെ താഴ്ന്നു. നിഫ്റ്റി 25,900 നും സെൻസെക്സ് 84,600 നും താഴെ എത്തി.

മുഖ്യ സൂചികകൾ ആദ്യ മണിക്കൂറിൽ 0.40 ശതമാനം ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലായി.

രാവിലെ നേട്ടത്തിലായിരുന്ന യുഎസ് ഫ്യൂച്ചേഴ്സ് പിന്നീടു വലിയ നഷ്ടത്തിലേക്കു വീണത് ഇന്ത്യയിലും വിപണി മനോഭാവം നെഗറ്റീവ് ആക്കി.

ബാങ്ക് നിഫ്റ്റി അടക്കം എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്. റിയൽറ്റി ആണ് ഏറ്റവുമധികം താഴ്ന്നത്.

സ്‌റ്റീൽ അടക്കം വ്യാവസായിക ലോഹങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിൽ ഇടിയുന്ന സാഹചര്യത്തിൽ മെറ്റൽ കമ്പനി ഓഹരികൾ താഴ്ന്നു. സെയിൽ, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, നാൽകോ തുടങ്ങിയവ ഇടിഞ്ഞു.

വെസ്റ്റ് ലെഫ് ഫുഡ് വേൾഡിൻ്റെ എംഡി കമ്പനിയുടെ 8000 ഓഹരികൾ വിപണിയിൽ നിന്നു വാങ്ങി. ഓഹരി ആദ്യം എട്ടു ശതമാനം കയറിയിട്ട് നേട്ടം കുറച്ചു.

രണ്ടു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിറ്റതിനെ തുടർന്ന് പേയ്ടിഎം ഓഹരി രണ്ടു ശതമാനം താഴ്ന്നു.

ഒരു ശതമാനം ഓഹരി കൈമാറിയതിനെ തുടർന്ന് എംഫസിസ് ഓഹരി നാമമാത്രമായി താഴ്ന്നിട്ടു നേട്ടത്തിലേക്കു കയറി. ഒമ്പതു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. കൂടുതൽ വിൽപന തുറന്ന വിപണിയിൽ നടത്തും എന്നാണ് ഇപ്പോൾ പറയുന്നത്.

പ്രൊമോട്ടർ ഗ്രൂപ്പ് ഗണ്യമായ ഭാഗം ഓഹരി വിറ്റതിനെ തുടർന്ന് എംക്യൂവർ ഫാർമ ഓഹരി ആറു ശതമാനം താഴ്ന്നു.

ഫെഡറൽ ബാങ്ക് ഓഹരി രാവിലെ ഒന്നര ശതമാനത്തിലധികം ഉയർന്ന് 244.51 രൂപയിലേക്കു കയറി റെക്കോർഡ് കുറിച്ചു.

ദക്ഷിണാഫ്രിക്കയിൽ 420 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ച ഡബ്ല്യുപിഐഎൽ ഓഹരി 10 ശതമാനം കുതിച്ചു.

സമീപകാലത്തു ലിസ്റ്റ് ചെയ്ത ഗ്രോയുടെ 0.6 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറി. ഓഹരി അഞ്ച് ശതമാനം ഉയർന്നു. ഇന്നലെ ഗ്രോ ഓഹരി 20 ശതമാനം കയറി അപ്പർ സർകീട്ടിൽ എത്തുകയും കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിൽ എത്തിക്കുകയും ചെയതിരുന്നു.

രണ്ടാം പാദ വരുമാനം പ്രതീക്ഷയിലും കുറവായ കെയ്ൻസ് ടെക്നോളജീസ് ഓഹരി അഞ്ചര ശതമാനം ഇടിഞ്ഞു.

109 രൂപയിൽ ഐപിഒ നടത്തിയ ഫിസിക്സ് വാലാ 145 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു 156 രൂപയിലേക്കു കയറി.

രൂപ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കയറി 88.66 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.63 രൂപയായി

സ്വർണം ലോകവിപണിയിൽ കുത്തനേ ഇടിഞ്ഞു. ഔൺസിന് 4010 ഡോളർ വരെ വില താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1280 രൂപ ഇടിഞ്ഞ് 90,680 രൂപയായി.

ക്രൂഡ് ഓയിൽ വില താഴുകയാണ്. രാവിലെ 64 ഡോളറിനു മുകളിലായിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.77 ഡോളർ ആയി.

Stock market midday update on 18 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com