വിപണി സാവധാനം കയറുന്നു; റിയൽറ്റിയും മെറ്റലും മുന്നേറ്റത്തില്‍, ഐടി സൂചിക 1.3% ഇടിഞ്ഞു

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 22 പൈസ കുറഞ്ഞ് 95.71 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

വിപണി ഇന്നു നേട്ടത്തോടെ തുടങ്ങി, നേട്ടം നിലനിർത്തുന്നു. രൂപയും നേട്ടത്തിലായി.

സെൻസെക്സ് രാവിലെ 74,375 നും 74,594 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 23,286നും 23,361 നുമിടയിൽ ചാഞ്ചാടി.

ഐടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. ഐടി സൂചിക 1.3 ശതമാനം ഇടിഞ്ഞു. റിയൽറ്റിയും മെറ്റലും വലിയ മുന്നേറ്റം നടത്തി.

ടാറ്റാ ഗ്രൂപ്പിലെ പോര് രൂക്ഷമാകുന്ന സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നു താഴ്‌ന്നു. ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിൻ്റെ ലിസ്റ്റിംഗ്, ചെയർമാൻ എൻ ചന്ദ്രശേഖരന് ഒരു ടേം കൂടി നൽകൽ എന്നീ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം കമ്പനികളുടെ വളർച്ചയ്ക്കു തടസമാകും എന്നു വിപണി കരുതുന്നു.

നുസ്‌ലി വാഡിയ ഗ്രൂപ്പിൻ്റെ ബോംബെ ബർമാ ട്രേഡിംഗ് കോർപറേഷൻ്റെ 2.6 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്ന് ഓഹരി 10 ശതമാനത്തോളം ഉയർന്നു.

ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് കാൽ ശതമാനം കൂട്ടി 1.25 ശതമാനമാക്കി. ഇതോടെ ഡോളറിനു 157.09 യെൻ എന്ന നിലയിലേക്കു ജാപ്പനീസ് കറൻസി താഴ്ന്നു.

മൊത്തം 1000 ബെഡ് ഉള്ള രണ്ടു ഹോസ്പിറ്റലുകൾ കൂടി ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി യഥാർഥ് ഹോസ്‌പിറ്റൽസ് അറിയിച്ചു. ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ആഡ്‌വെൻ്റ് ഇൻ്റർനാഷണൽ യഥാർഥിൻ്റെ 25 ശതമാനം ഓഹരിക്കായി 3150 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചു. യഥാർഥ് ഓഹരി 10 ശതമാനം വരെ കുതിച്ചു.

സൈഡസ് ലൈഫിന് 1457 രൂപ ലക്ഷ്യവില നിർണയിച്ച ബേൺസ്റ്റൈൻ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി രണ്ടര ശതമാനം ഉയർന്നു.

ഐഫോൺ 18 പ്രോ ഇന്ത്യയിൽ വിൽപന തുടങ്ങുന്നതിൻ്റെ പേരിൽ റെഡിംഗ്ടൺ, ഇലക്ട്രോണിക്സ് മാർട്ട്, എറ്റേണൽ തുടങ്ങിയവ നാലു ശതമാനം വരെ ഉയർന്നു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 22 പൈസ കുറഞ്ഞ് 95.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 95.76 രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4358 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1160 രൂപ വർധിച്ച് 1,13,240 രൂപയായി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 103.80 ഡോളറിലും ഡബ്ള്യുടിഐ ഇനം 101.06 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com