വിപണി ഇടിവിൽ; മുഖ്യസൂചികകൾ 0.70% ത്തിലധികം താഴ്ന്നു, റിലയൻസ്, വിപ്രോ, യെസ് ബാങ്ക് ഇടിവില്‍

സെൻസെക്സ് 82,941 വരെയും നിഫ്റ്റി 26,504.85 വരെയും ഇടിഞ്ഞു
stock market
Image courtesy: Canva
Published on

ആഗോള വിപണികളിലെ ആശങ്കയെ തുടര്‍ന്ന് ഇന്ത്യൻ വിപണി ഇന്ന് ഇടിവിലായി. മുഖ്യസൂചികകൾ 0.70 ശതമാനത്തിലധികം താഴ്ന്നു.

സെൻസെക്സ് 83,000 നഷ്‌ടപ്പെടുത്തി 82,941 വരെ താഴ്‌ന്നു. നിഫ്റ്റി 26,504.85 വരെ ഇടിഞ്ഞു. പിന്നീട് അൽപം കയറി. ബാങ്ക് നിഫ്‌റ്റി 6.70 ശതമാനം ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.30 ശതമാനം ഇടിഞ്ഞു.

മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായത് വിപ്രോ ഓഹരിയെ കുത്തനെ താഴ്‌ത്തി. വിറ്റുവരവ് ആറു ശതമാനം കൂടിയെങ്കിലും അറ്റാദായം ഏഴു ശതമാനം ഇടിഞ്ഞു. ഓഹരി രാവിലെ ഒൻപതു ശതമാനം ഇടിഞ്ഞു.

കഴിഞ്ഞ ദിവസം ഒൻപതു ശതമാനം കുതിച്ച ഫെഡറൽ ബാങ്ക് ഓഹരി ഇന്നു രാവിലെ ഒന്നര ശതമാനം ഉയർന്നു.

എച്ച് എസ് ബി സി വാങ്ങൽ ശിപാർശ നൽകിയ നാൽകോയും ഹിന്ദുസ്ഥാൻ സിങ്കും രണ്ടര ശതമാനം വരെ ഉയർന്നു.

ആർബിഎൽ ബാങ്ക് ഓഹരി രാവിലെ ഒൻപതു ശതമാനം വരെ ഇടിഞ്ഞു. ബാങ്കിൻ്റെ മൂന്നാം പാദ അറ്റാദായം 555 ശതമാനം വർധിച്ച് 214 കോടി രൂപയായിരുന്നു. മറ്റു വരുമാനം വർധിച്ചതാണ് ലാഭവർധനയെ സഹായിച്ചത്. ബാങ്കിൻ്റെ പ്രവർത്തന ലാഭം 8.4 ശതമാനം ഇടിഞ്ഞിരുന്നു.

അറ്റാദായം പ്രതീക്ഷയിലും കുറവായത് ഐസിഐസിഐ ബാങ്ക് ഓഹരിയെ മൂന്നര ശതമാനം താഴ്ത്തി. യെസ് ബാങ്ക് രണ്ടര ശതമാനം ഇടിഞ്ഞു.

റിലയൻസിന് വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ഔട്പെർഫോം ഗ്രേഡ് നൽകിയെങ്കിലും ഓഹരി രണ്ടര ശതമാനം താഴ്ചയിലായി.

മൂന്നാം പാദ പ്രവർത്തനലാഭവും ലാഭമാർജിനും താഴ്ന്നതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് കമ്പനി ശോഭയുടെ ഓഹരി നാലു ശതമാനത്തോളം ഇടിഞ്ഞു.

നാലാംപാദ വരുമാനവളർച്ച പ്രതീക്ഷ ഇരട്ടയക്കത്തിലേക്ക് ഉയർത്തിയ ടാറ്റാ ടെക്‌നോളജീസ് ഓഹരി നാലു ശതമാനത്തോളം ഉയർന്നു.

വലിയ ഓർഡർ ലഭിച്ചതിനെ തുടർന്ന് സിജി പവർ ഏഴു ശതമാനം കുതിച്ചു.

23 രൂപയ്ക്ക് ഐപിഒ നടത്തിയ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് ഓഹരി 45 രൂപയിൽ ലിസ്റ്റ് ചെയ്തു.

രൂപ ഇന്നു രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ കുറഞ്ഞ് 90.70 രൂപയിൽ ഓപ്പൺ ചെയ്തു. 90.66 രൂപ വരെ താഴ്ന്ന ഡോളർ പിന്നീട് 90.78 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4665 ഡോളറിലേക്കു താഴ്‌ന്നു. രാവിലെ 4683 ഡോളർ വരെ ഉയർന്നതാണ്.  കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1400 രൂപ വർധിച്ച് 1,06,840 രൂപ ആയി. ഇതു റെക്കോർഡ് വിലയാണ്. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10ഗ്രാം 1,45,500 രൂപ വരെ ഉയർന്നു റെക്കോർഡ് കുറിച്ചു.

വെള്ളിയുടെ രാജ്യാന്തര വില ഔൺസിന് 94.21 ഡോളർ വരെ കയറിയിട്ട് 93.17 ഡോളറിലേക്കു താഴ്ന്നു. ഇന്ത്യയിൽ എംസിഎക്സ് എക്സ്ചേഞ്ചിൽ വെള്ളി കിലോഗ്രാമിന് 3,01,315 രൂപ വരെ കയറി റെക്കോർഡ് കുറിച്ചിട്ട് അൽപം താഴ്‌ന്നു.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്‌ന്ന ശേഷം തിരിച്ചു കയറി. ബ്രെൻ്റ് ഇനം ബാരലിന് 64.28 ഡോളർ വരെ ഉയർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com