
താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കയറി. വീണ്ടും താഴ്ന്നു. തുടർന്നു കയറ്റം, ചാഞ്ചാട്ടം. ഇന്ത്യൻ വിപണി ആഗോള അനിശ്ചിതത്വത്തിൻ്റെ നിഴലിൽ ചാഞ്ചാടുകയാണ്.
ഐടി കമ്പനികൾ, പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ കമ്പനികൾ എന്നിവ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴോട്ടാണ്. ഫാർമ, ഹെൽത്ത്കെയർ, ഓയിൽ ഗ്യാസ് മേഖലകളും നഷ്ടത്തിലായി.
പുറവങ്കര ലിമിറ്റഡ് ഓഹരി ഇന്നു രാവിലെ ആറു ശതമാനം കയറി. 201 കോടി രൂപയുടെ ഒരു സിവിൽ നിർമാണ കരാർ ലഭിച്ചതാണു പ്രേരകം.
നിഫ്റ്റി കമ്പനികൾക്ക് ഈ ധനകാര്യ വർഷം 12 ശതമാനം ലാഭവളർച്ച ഉണ്ടാകുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് വിലയിരുത്തി.
വിദേശ ബ്രോക്കറേജ് മക്വാറി ടാറ്റാ ഗ്രൂപ്പിലെ ട്രെൻ്റിനെ ഔട്ട് പെർഫോം എന്നു വിശേഷിപ്പിച്ച് ലക്ഷ്യവില 7200 രൂപയായി ഉയർത്തി. നുവാമ 6627 രൂപയാണു ലക്ഷ്യവില കണ്ടത്. ഒരു ദശകക്കാലത്തേക്ക് ശരാശരി 25 ശതമാനം വാർഷിക വളർച്ച ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നു.
ഫ്രഞ്ച് കമ്പനി ദസാേയുമായി പങ്കുചേർന്ന് ഫാൽകൺ 2000 ജെറ്റ് വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തുടർന്നു റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി അഞ്ചു ശതമാനം കുതിച്ചു.
ലാൻഡ്മാർക്ക് കാർസ് ലിമിറ്റഡ് ഓഹരി ഇന്നു 12 ശതമാനം കുതിച്ചു.
രൂപ ഇന്നും ദുർബലമായി. ഡോളർ അഞ്ചു പൈസ കൂടി 86.53 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.55 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 3373 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപ വർധിച്ച് 74,120 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില അൽപം കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 76.43 ഡോളറിലേക്കു താഴ്ന്നു.