വിപണി ചാഞ്ചാട്ടത്തിൽ; ഐ.ടി ഓഹരികള്‍ ഇടിവില്‍, ഫാർമ, ഹെൽത്ത് കെയർ നേട്ടത്തില്‍, മുന്നേറ്റം തുടര്‍ന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ്

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ്
stock market
Published on

വിപണി വീണ്ടും അനിശ്ചിതത്വത്തിലായി. ഇന്നു രാവിലെ നാമമാത്രമായി താഴ്ന്നു വ്യാപാരമാരംഭിച്ച അൽപം കൂടി താഴ്ന്നിട്ടു ചാഞ്ചാട്ടത്തിലായി. മുഖ്യ സൂചികകൾ നഷ്ടത്തിലായെങ്കിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ്.

ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി, ഓട്ടോ മേഖലകൾ ഗണ്യമായി ഉയർന്നു.

കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നു രാവിലെ ഏഴു ശതമാനം വരെ കയറി. കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി 10 ശതമാനത്തിലധികം ഉയർന്നതാണ്. മസഗോൺ, ഗാർഡൻ റീച്ച് എന്നീ കപ്പൽ നിർമാണ കമ്പനികളും ഉയർന്നു. ഡാറ്റാ പാറ്റേൺസ് ഒൻപതും പരസ് ഡിഫൻസ് അഞ്ചും ഐഡിയാ ഫോർജ് ടെക്നോളജി നാലും ശതമാനം കയറ്റത്തിലാണ്.

റെയിൽവേ ഓഹരികളും ഇന്നു കയറ്റത്തിലാണ്. ആർവിഎൻഎൽ ആറരയും ഇർകോൺ ആറും റെയിൽ ടെൽ നാലും ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് ഏഴും ജൂപ്പിറ്റർ വാഗൺസ് ആറരയും ശതമാനം ഉയർന്നു.

ഐടി മേഖല വീണ്ടും താഴ്ന്നു, ഇന്നു രാവിലെ ഐടി സൂചിക ഒരു ശതമാനം ഇടിഞ്ഞു.

ഗ്രാഫൈറ്റ് റോഡുകൾക്കു വിദേശത്തു വിലയും ഡിമാൻഡും വർധിച്ചത് ഗ്രാഫൈറ്റ് ഇന്ത്യയെ 14 ശതമാനവും എച്ച്ഇജിയെ 10 ശതമാനവും ഉയർത്തി.

ജെപി മോർഗൻ എച്ച്എഎലിന് ലക്ഷ്യവില 6125 രൂപയായി ഉയർത്തി. ജെഫറീസ് 6475 രൂപയാണു ലക്ഷ്യവില ഇട്ടിരിക്കുന്നത്. എച്ച്എഎൽ മൂന്നു ശതമാനം താഴ്ന്ന് 5000 രൂപയ്ക്കു താഴെയായി.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കുറഞ്ഞ് 85.44 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.61 രൂപയിലേക്കു കയറി.

സ്വർണം ലോകവിപണിയിൽ രാവിലെ 3240 ഡോളറിനു മുകളിൽ ഉയർന്നെങ്കിലും പിന്നീട് ഔൺസിന് 3210 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 280 രൂപ കൂടി 70,040 രൂപയായി.

ക്രൂഡ് ഓയിൽ വില താഴോട്ടാണ്. ബ്രെൻ്റ് ഇനം ബാരലിന് 65.17 ഡോളർ ആയി.

Stock market midday update on 19 may 2025.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com