

യുദ്ധഭീഷണി കുറഞ്ഞതു വിപണിയെ ഉയർത്തുന്നു. നിഫ്റ്റി 23,700 നും സെൻസെക്സ് 75,700 നും മുകളിൽ എത്തി. ബാങ്കുകളും മെറ്റലും ഒഴികെ എല്ലാ മേഖലകളും ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ നേട്ടം കൈവരിച്ചു.
ഐടി കമ്പനികൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. ഐടി സൂചിക നാലു ശതമാനം വരെ ഉയർന്നു. ഇൻഫോസിസ് നാലു ശതമാനം കുതിച്ചു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, മൈൻഡ് ട്രീ, ഓറക്കിൾ ഫിനാൻഷ്യൽ, പെർസിസ്റ്റൻ്റ് തുടങ്ങിയവ മൂന്നു ശതമാനത്തിലധികം കയറി. ഐടി കമ്പനി കോഫോർജിന് സിഎൽഎസ്എ 2075 രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി അഞ്ചു ശതമാനം വരെ ഉയർന്നു.
നാലാം പാദത്തിൽ ലാഭം വർധിപ്പിച്ചെങ്കിലും ഇനി ലാഭവും മാർജിനും കുറയാം എന്ന മുന്നറിയിപ്പ് നൽകിയ ആംബർ എൻ്റർപ്രൈസസ് ഇന്നലെ 16 ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ ഓഹരി വീണ്ടും താഴ്ന്നു. എന്നാൽ വിദേശ ബ്രോക്കറേജ് ബേൺസ്റ്റൈൻ ആംബറിന് 8100 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
ഇന്നു രാവിലെ പെട്രോൾ, ഡീസൽ വിലകൾ കൂട്ടിയതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ മൂന്നു ശതമാനത്തോളം ഉയർന്നു. ഇന്ത്യൻ ഓയിൽ നാലാം പാദത്തിൽ ലാഭം കുത്തനേ വർധിപ്പിച്ചു. ബിപിസിഎൽ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.
നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറുകയും ലാഭമാർജിൻ ഉയർത്തുകയും ചെയ്ത പുറവങ്കര ലിമിറ്റഡ് ഓഹരി രാവിലെ 15 ശതമാനം കുതിച്ചു.
ലാഭവും മാർജിനും മെച്ചപ്പെടുത്തിയ ജെകെ പേപ്പർ ഓഹരി അഞ്ചു ശതമാനം ഉയർന്നു.
വരുമാനം കൂടിയിട്ടും ലാഭം കുത്തനേ ഇടിഞ്ഞ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ആറു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു രാവിലെ നാമമാത്രമായി താഴ്ന്നു. ഡോളർ രണ്ടു പൈസ കൂടി 96.37 രൂപയിൽ ഓപ്പൺ ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതിനെ തുടർന്നു 96.29 രൂപ വരെ താഴ്‌ന്നു. വീണ്ടും കയറി 96.38 രൂപയിൽ എത്തി. പിന്നീടു ചാഞ്ചാട്ടമായി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4539 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കൂടി 1,15,160 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ ഇടിവ് തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 109.79 ഡോളറിലും ഡബ്ള്യുടിഐ ഇനം 107.71 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine