
വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. അൽപം കൂടി ഉയർന്ന ശേഷം നഷ്ടത്തിലേക്കു മാറി. വീണ്ടും കയറാൻ ശ്രമിച്ചു. എങ്കിലും വിപണിയുടെ നീക്കം ദുർബലമായി തുടരുന്നു.
സാമ്പത്തിക വളർച്ച സംബന്ധിച്ചു വരുന്ന ആശങ്കകളും വ്യാപാരചർച്ച നീണ്ടു പോകുന്നതും ആണു വിപണിയെ വിഷമിപ്പിക്കുന്നത്. ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാകും എന്ന സൂചന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകി. തർക്ക വിഷയങ്ങൾ ജൂലൈ ഒൻപതിനു ശേഷം ചർച്ച ചെയ്യാം എന്ന ധാരണയിൽ ഇടക്കാല കരാർ ഉണ്ടാക്കാനാണ് ഇപ്പോൾ ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
മുഖ്യ സൂചികകൾ ചാഞ്ചാടിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ താഴ്ന്നു. ബാങ്ക്, ധനകാര്യ, എഫ്എംസിജി, റിയൽറ്റി ഓഹരികൾ താഴ്ചയിലാണ്. ഐടി കമ്പനികൾ മികച്ച നേട്ടം ഉണ്ടാക്കി.
നിക്ഷേപം അഞ്ചു ശതമാനവും വായ്പ ഒന്നര ശതമാനവും വർധിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ആദ്യം മൂന്നു ശതമാനം ഉയർന്നിട്ടു പിന്നീടു നേട്ടം മിക്കവാറും നഷ്ടമാക്കി.
ഇന്നലെ ആറു ശതമാനത്തോളം കയറി 219 രൂപ എന്ന റെക്കോർഡ് കുറിച്ച ഫെഡറൽ ബാങ്ക് ഇന്നു രാവിലെ നേരിയ നഷ്ടത്തിലായി.
ഗോൾഡ്മാൻ സാക്സ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
പ്രശ്നങ്ങളിലായ കർണാടക ബാങ്ക് ഓഹരി ഇന്നും നഷ്ടത്തിലായി. ബാങ്കിൻ്റെ എംഡി - സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറും രാജിവച്ചു. ബാങ്കിൽ ധനകാര്യ കുഴപ്പമൊന്നും ഇല്ലെന്നു മാനേജ്മെൻ്റും ജീവനക്കാരുടെ സംഘടനയും വിശദീകരിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ ചില ധനകാര്യക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു രാജി എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ദുബായ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എൻബിഡി ബാങ്ക് ആർബിഎൽ ബാങ്കിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി മാധ്യമ റിപ്പോർട്ട്. ആർബിഎൽ നിഷേധക്കുറിപ്പ് ഇറക്കി. എങ്കിലും ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് 21 ശതമാനവും ആറു മാസം കൊണ്ട് 64 ശതമാനവും കയറിയതാണ് ഓഹരി.
രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ ഒൻപതു പൈസ കയറി 85.61 രൂപയിൽ വ്യാപാരം തുടങ്ങി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3339 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 360 രൂപ കൂടി 72,520 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില നേരിയ തോതിൽ കയറുന്നു. ബ്രെൻ്റ് ഇനം ബാരലിന് 67.15 ഡോളർ ആയി.