
വിപണി വീണ്ടും താഴുകയാണ്. തുടക്കത്തിൽ 0.90 ശതമാനം വരെ താഴ്ന്ന മുഖ്യസൂചികകൾ പിന്നീടു നഷ്ടം കുറച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേട്ടത്തിലാണ്.
യൂറോപ്പിൽ നിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനും അടുത്ത മാസം 50 ശതമാനം തീരുവ ചുമത്തും എന്ന അമേരിക്കൻ പ്രഖ്യാപനം സ്റ്റീൽ, അലൂമിനിയം ഓഹരികളെ ഇടിച്ചിട്ടു. യൂറോപ്യൻ കയറ്റുമതിക്കാണു തീരുവ എങ്കിലും മറ്റു രാജ്യങ്ങളിൽ സമാന്തര സമ്മർദം പ്രതീക്ഷിക്കുന്നുണ്ട്.
യുഎസ് - ചൈന വ്യാപാരചർച്ച നിർത്തിവച്ചതും സ്റ്റീൽ, അലൂമിനിയം വിലകൾ ഇടിയാൻ കാരണമായി. യുഎസ് വിപണി നഷ്ടമാകുന്ന ചൈന മറ്റു രാജ്യങ്ങളിലേക്കു കുറഞ്ഞ വിലയിൽ കയറ്റുമതി നടത്തും എന്ന ഭീഷണി ബലപ്പെട്ടു. ടാറ്റാ സ്റ്റീൽ, ജെഎസ് ഡബ്ല്യു സ്റ്റീൽ, സെയിൽ, ഹിൻഡാൽകോ തുടങ്ങിയവ രാവിലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം 20-ൽ നിന്നു 10 ശതമാനമായി വെട്ടിക്കുറച്ചത് ഒട്ടുമിക്ക കൺസ്യൂമർ കമ്പനികളെയും ഉയർത്തി. ബ്രിട്ടാനിയ മൂന്നും ഗോദ്റെജ് കൺസ്യൂമർ അഞ്ചും ഹിന്ദുസ്ഥാൻ യൂണിലീവർ രണ്ടും നെസ്‌ലെ ഒന്നും ശതമാനം കയറി.
ഐടി ഓഹരികൾ ഇന്നും താഴ്ചയിലായി. തുടക്കത്തിൽ ഐടി സൂചിക ഒന്നര ശതമാനം താഴ്ന്നു. എംഫസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയവ നഷ്ടത്തിനു മുന്നിൽ നിന്നു.
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് 3.75 ഉം മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് 2.2 ഉം ശതമാനം താഴ്ന്നപ്പോൾ കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടു ശതമാനം നഷ്ടത്തിലായി.
നാലാം പാദത്തിൽ നഷ്ടം വർധിപ്പിച്ച വോഡഫോൺ ഐഡിയ ഓഹരിക്ക് വിദേശ ബ്രോക്കറേജ് മക്കാറി 6.5 രൂപ ലക്ഷ്യ വില നിശ്ചയിച്ചു. ജെപി മോർഗൻ എട്ടു രൂപയാണു നിർദ്ദേശിച്ചത്. സ്വിസ് നിക്ഷേപ ബാങ്ക് 12.1 രൂപ ലക്ഷ്യവില ഇട്ട് വാങ്ങൽ ശിപാർശ നൽകി.
മേയ് മാസത്തിലെ വാഹനവിൽപന ഒട്ടും ആവേശകരമായില്ല. മിക്ക വാഹന കമ്പനികളുടെ ഓഹരികളും താഴ്ന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു ശതമാനം ഉയർന്നു. ടാറ്റാ മോട്ടോഴ്സ്, മാരുതി, ഹ്യുണ്ടായി തുടങ്ങിയവ താഴ്ചയിലാണ്.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്ന് 85.52 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 85.40 രൂപയായി.
സ്വർണം ലോക വിപണിയിൽ ഇടിഞ്ഞു. ഔൺസിന് 3304 ഡോളറിലേക്കു സ്വർണം താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം 240 രൂപ കൂടി 71,600 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില രാവിലെ കുതിച്ചു. കഴിഞ്ഞ ദിവസം ഉൽപാദന വർധനയെ തുടർന്ന് ഇടിഞ്ഞ വില ഇന്നു രാവിലെ തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിനു 2.4 ശതമാനം കയറി 64.28 ഡോളറിൽ എത്തി.